സ്വർണവില ഒരു ലക്ഷത്തിൽ എത്തുമോ? സുരക്ഷിതത്വം തേടി നിക്ഷേപകർ

8 months ago 7

ചെറിയ തുകകള്‍ കൂട്ടിവെച്ച് അര പവനോ ഒരു പവനോ വാങ്ങാനുള്ള പണമാകുമ്പോള്‍ ജുവല്ലറികളിലേയ്ക്ക് ഓടിയിരുന്ന അമ്മമാരാണ് ഇപ്പോള്‍ താരങ്ങള്‍. കൂടുതല്‍ സമ്പാദ്യം സ്വര്‍ണത്തില്‍ സൂക്ഷിച്ചിരുന്ന വലിയൊരു സമൂഹത്തെ ഒന്നോ രണ്ടോ തലമുറകള്‍ പിന്നിലേയ്ക്ക് പോയാല്‍ കാണാം. മക്കളുടെ ഭാവിയാണ് ഈ നിക്ഷേപ പ്രേരണയ്ക്ക് പിന്നില്‍. അന്നത്തെയും ഇന്നത്തെയും സ്വര്‍ണ വില കണക്കൂകൂട്ടി അതിശയപ്പെടാത്തവര്‍ അവരില്‍ അപൂര്‍വമാണ്.

സുരക്ഷിത ആസ്തിയായാണ് എക്കാലത്തും ലോകം സ്വര്‍ണത്തെ കണ്ടിരുന്നത്. മഹാമാരിയില്‍ സമ്പദ്ഘടനകള്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് ഇതിന് മുമ്പ് സ്വര്‍ണത്തിന്റെ കരുത്തറഞ്ഞത്. ചെറിയ സമയംകൊണ്ട് പവന്റെ വിലയില്‍ 10,000 രൂപയിലേറെ വര്‍ധനവുണ്ടായി. പവന്റെ വില 42,000 പിന്നിട്ടപ്പോള്‍ സമ്പാദ്യ ചര്‍ച്ചകളില്‍ സ്വര്‍ണം അവിഭാജ്യ ഘടകമായി.

ഇപ്പോഴിതാ വീണ്ടും സ്വര്‍ണത്തില്‍ ആശ്വാസം കണ്ടെത്തുകയാണ് നിക്ഷേപ ലോകം. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ തുടര്‍ന്നായിരുന്നു മഞ്ഞലോഹം വീണ്ടും ആകര്‍ഷകമാകാന്‍ തുടങ്ങിയത്. റഷ്യ-യുക്രെയിന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിച്ചത് സ്വര്‍ണം നേട്ടമാക്കി. അതൊരു തുടക്കമായിരുന്നു. ലോകമൊട്ടാകെയുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ അത് വീണ്ടും പ്രേരണ നല്‍കി. അപ്പോള്‍ തുടങ്ങിയ പ്രവണത ഘട്ടംഘട്ടമായി ഉയര്‍ന്ന് ട്രംപിന്റെ താരിഫ് സംഘര്‍ഷത്തിലെത്തിയിരിക്കുന്നു. അനിശ്ചിതകാലങ്ങളില്‍ സംരക്ഷണ ആസ്തിയെന്ന നിലയില്‍ പണ്ടേ ഉള്ള തിളക്കത്തിന് താരിഫ് സംഘര്‍ഷം കൂടുതല്‍ പ്രഭയേകി. യുഎസ് ഡോളറുമായി ബന്ധപ്പെട്ടുകിടക്കുന്നതിനാല്‍ ഡോളറിന്റെ ദുര്‍ബല സാഹചര്യവും സ്വര്‍ണത്തിന് നേട്ടമായി.

2024ലെ ഇടിവിന് ശേഷം സ്വര്‍ണത്തിന് തിരഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,490 ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വര്‍ണമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും അതിന്റെ പ്രതിഫലനമുണ്ടായി. എംസിഎക്‌സിലെ കരാറുകളില്‍ 10 ഗ്രാമിന് 97,288 നിലവാരം തൊടുകയും ചെയതു. ഈ വര്‍ഷം ഇതുവരെ 26 ശതമാനത്തിലേറെ കുതിപ്പാണ് സ്വര്‍ണത്തിലുണ്ടായത്.

ഇന്ത്യയിലെ പ്രവണത
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ. ചൈനയ്ക്ക് തൊട്ടുപിന്നില്‍. മാര്‍ച്ചില്‍ സ്വര്‍ണ ഇറക്കുമതി 4.4 ബില്യണ്‍ ഡോളറിലെത്തി. മുന്‍ മാസത്തേക്കാള്‍ ഇരട്ടിയോളം. വില ഉയര്‍ന്നിട്ടും 2023ലെ 744 ടണ്ണില്‍നിന്ന് 2024ല്‍ 812 ടണ്‍ ആയി ഇറക്കുമതി ഉയര്‍ന്നു. വില എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തിലെത്തിയപ്പോള്‍ നേരിയതോതില്‍ ലാഭമെടുപ്പുണ്ടായി. 77 കോടി രൂപ ഇടിഎഫ് വഴിയുള്ള നിക്ഷേപത്തില്‍ മാര്‍ച്ചില്‍ പിന്‍വലിച്ചതായി രേഖപ്പെടുത്തി.

വിപണി പറയുന്നത്
ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണത്തിന് നിക്ഷേപത്തേക്കാള്‍ ആഭരണ മൂല്യമാണുള്ളതെന്ന് പറയേണ്ടിവരും. ആഭരണം നിക്ഷേപമല്ല, അലങ്കാരമാണ്. അലങ്കാരത്തോടൊപ്പം നിക്ഷേപവുമാകാം എന്ന കാഴ്ചപ്പാടോടെ സ്വര്‍ണ വാങ്ങുന്നത് നിക്ഷേപ ചെലവ് വര്‍ധിക്കാനിടയാക്കും. ഭാവിയിലെ നിക്ഷേപ ആവശ്യത്തിനായി ആഭരണമായി വാങ്ങുന്നതില്‍ അര്‍ഥമില്ലല്ലോ. സ്വര്‍ണ വില വര്‍ധന പലപ്പോഴും പണക്കൂലിയുമായി താരതമ്യം ചെയ്ത് വിലയുരുത്താന്‍ പ്രേരിപ്പിക്കുന്നത് അതുകൊണ്ടാണ്. വാങ്ങുമ്പോള്‍ ഒരു വില വില്‍ക്കുമ്പോള്‍ മറ്റൊരു വില നിശ്ചിയിക്കപ്പെടുന്നതിന്റെ കാരണവും അതാണ്.

എക്കാലത്തെയും ഉയര്‍ന്ന വിലയാണ് ഏപ്രില്‍ 22ന് കേരളത്തില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. പവന് 74,320 രൂപ. 23ന് 72,120 രൂപയില്‍ വിലയെത്തുകയും ചെയ്തു.

കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ വിലയും ഗോള്‍ഡ് ഇടിഎഫിലെ മൂല്യവും വാങ്ങുമ്പോഴും വില്‍ക്കുമ്പോഴുമുള്ളവയാണ്. തത്സമയ വിലയ്ക്ക് വാങ്ങാനും വില്‍ക്കാനും കഴിയുന്നു. എപ്പോള്‍ വേണമെങ്കിലും അപ്പോഴത്തെ വിപണി മൂല്യത്തില്‍ നിക്ഷേപം തിരികെയെടുക്കാന്‍ കഴിയുന്നുവെന്നതാണ് അതിന്റെ നേട്ടം. രാജ്യാന്തര വിപണിയിലെ വിലയില്‍നിന്ന് കാര്യമായ വ്യതിയാനമില്ലാതെയുമാകും ഇടപാടുകള്‍ നടക്കുക.

ഇനിയും കൂടുമോ?
ആഗോള സാമ്പത്തിക അനിശ്ചിതത്വവും കേന്ദ്ര ബാങ്കുകളില്‍നിന്നുള്ള ശക്തമായ ഡിമാന്റും വില കൂടുതല്‍ ഉയരങ്ങളിലേയ്‌ക്കെത്തിക്കുമെന്നുതന്നെ കരുതാം. സ്വര്‍ണം വാങ്ങിക്കൂട്ടുന്നതില്‍ ചൈനതന്നെയാ ബഹുദൂരം മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്നത്. കരുതല്‍ ശേഖരത്തിന്റെ എട്ട് ശതമാനമാണ് ചൈനയുടെ വിഹിതം. യുഎസ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റളി എന്നീ രാജ്യങ്ങള്‍ക്കാകട്ടെ 70 ശതമാനത്തിന് മുകളിലാണ് വിഹിതം. ആഗോള ശരാശരിയാകട്ടെ 20 ശതമാനവുമാണ്. നിലവിലെ പ്രവണത തുടര്‍ന്നാല്‍ 2025 അവസാനത്തോടെ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 3,700 ഡോളറിലെത്തുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ് പ്രവചിക്കുന്നു.

നേട്ടത്തില്‍ മുന്നില്‍
മറ്റെല്ലാ നിക്ഷേപ ആസ്തികളെയും മറികടക്കുന്ന നേട്ടമാണ് ഒരു വര്‍ഷത്തിനിടെ സ്വര്‍ണം നല്‍കിയത്. 27 ശതമാനം. ഈ കാലയളവില്‍ ഓഹരിയിലെ (സെന്‍സെക്‌സ്) നേട്ടം 8.65 ശതമാനം മാത്രം. സ്ഥിര നിക്ഷേപങ്ങളില്‍നിന്ന് ശരാശരി 7.5 ശതമാനം ആദായവും ലഭിച്ചു. മൂന്ന് വര്‍ഷ കാലയളവിലെ നേട്ടത്തിലും സ്വര്‍ണം തന്നെയാണ് താരം. 19.9 ശതമാനം റിട്ടേണ്‍ നല്‍കാന്‍ മഞ്ഞലോഹത്തിനായി. സമാനകാലയളവില്‍ 11.66 ശതമാനം നേട്ടമാണ് സെന്‍സെക്‌സ് നല്‍കിയത്. അഞ്ച് വര്‍ഷ കാലയളവിലാകട്ടെ 13.5 ശതമാനം ആദായം സ്വര്‍ണത്തില്‍നിന്ന് ലഭിച്ചു. ഓഹരിയില്‍നിന്ന് 20 ശതമാനവും.

എത്ര നിക്ഷേപമാകാം
പ്രതിസന്ധിയുടെ കാലത്ത് മികച്ച നേട്ടമുണ്ടാക്കാന്‍ സ്വര്‍ണത്തിന് മാത്രമേ കഴിയൂവെന്ന് വ്യക്തമായല്ലോ. അതുകൊണ്ടുതന്നെ നിക്ഷേപം വൈവിധ്യവത്കരിക്കുന്നതിനും പോര്‍ട്ട്‌ഫോളിയോയില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വര്‍ണത്തിന് നിര്‍ണായകമായ സ്വാധീനമുണ്ട്. വിലക്കയറ്റത്തിന്റെ കാലത്ത് കറന്‍സികളുടെ വാങ്ങല്‍ ശേഷിയില്‍ കുറവുണ്ടാകും. അതേസമയം, സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുകയും ചെയ്യും. ഇത്തരം സാധ്യതകള്‍ കണക്കിലെടുത്ത് മൊത്തം നിക്ഷേപത്തിന്റെ 10 മുതല്‍ 15 ശതമാനം വരെ സ്വര്‍ണത്തില്‍ വകയിരുത്തുന്നത് നല്ലതാണ്.

Content Highlights: Gold prices are surging amid planetary uncertainty. Is this the commencement of a caller bull run?

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article