മിഡിൽ ഈസ്റ്റിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ നിർമിത ഡ്രോൺ ‘ലൂക്കാസ്’ വെടിവച്ചിട്ടതായി ഇറാനിയൻ സൈന്യം അവകാശപ്പെട്ടു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനമാണ് ഡ്രോൺ തകർത്തതെന്നാണ് റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാന്റെ അവകാശവാദം സ്വതന്ത്ര സ്രോതസ്സുകൾ സ്ഥിരീകരിച്ചിട്ടുമില്ല.
ഇറാൻ സർക്കാർ നിയന്ത്രണത്തിലുള്ള ഐആർഐബി വാർത്താ ഏജൻസിയിലൂടെയാണ് സൈന്യത്തിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസിന് മുകളിലുള്ള ആകാശത്ത് ഡ്രോണിനെ ആദ്യം തിരിച്ചറിഞ്ഞെന്നും പിന്നീട് വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തുവെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്. ഖേഷ്ം ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ളവർ തുടർച്ചയായി സ്ഫോടനശബ്ദങ്ങൾ കേട്ടതായും ദ്വീപിന് മുകളിൽ പുകപടലങ്ങൾ കണ്ടതായും ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഖേഷ്ം ദ്വീപിന് തെക്ക് ഭാഗത്ത് അമേരിക്കയുടെ എംക്യു-1 പ്രെഡേറ്റർ ഡ്രോൺ തകർത്തതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ സംഭവവും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഡ്രോണുകൾ തകർത്തതിനെക്കുറിച്ച് യുഎസ് സൈന്യവും ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇതിനിടെ, ബഹ്റൈനിലേക്ക് വരികയായിരുന്ന ഇറാനിയൻ ചാവേർ ഡ്രോണുകൾ ആകാശത്തുവെച്ച് തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. സംഭവത്തിൽ അമേരിക്കൻ സൈന്യത്തിനോ മറ്റ് കേന്ദ്രങ്ങൾക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. ബഹ്റൈനിലെ ഷെയ്ഖ് ഇസ എയർബേസിലുള്ള യുഎസ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്റെ അവകാശവാദം.
നുഴഞ്ഞുകയറാൻ ശ്രമിച്ച ഡ്രോണുകളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്റൈനും അറിയിച്ചു. സംഭവത്തിന് പിന്നാലെ തലസ്ഥാനമായ മനാമയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചു. പിന്നാലെ പ്രദേശത്ത് ശക്തമായ സ്ഫോടനശബ്ദങ്ങളും കേട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചെങ്കിലും സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം ബഹ്റൈനിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളിൽ ബഹ്റൈന് നിർണായക സ്ഥാനമുണ്ട്. കഴിഞ്ഞ ദിവസങ്ങളായി ഇറാനും യുഎസ് സൈന്യവും തമ്മിൽ പരസ്പര ആക്രമണങ്ങൾ തുടരുകയാണ്. അമേരിക്കൻ സൈനിക നടപടികൾക്ക് മറുപടിയായി യുഎസിന്റെ റഡാർ സംവിധാനങ്ങളെയും വ്യോമപ്രതിരോധ കേന്ദ്രങ്ങളെയും ലക്ഷ്യമിടുന്നതായാണ് ഇറാന്റെ വിശദീകരണം. പുതിയ സംഭവങ്ങൾ മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥയ്ക്ക് വഴിവെക്കുമെന്ന ആശങ്കയും ശക്തമാണ്.
1 day ago
2






English (US) ·