Published: April 25 , 2025 10:26 AM IST
1 minute Read
ബെംഗളൂരു ∙ മറുനാട്ടിലെ ആഘോഷങ്ങൾക്കുശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒടുവിൽ വീട്ടുമുറ്റത്തും വിജയാഹ്ലാദത്തിന്റെ പന്തലിട്ടു. ബാറ്റുകൊണ്ട് വിരാട് കോലിയും (42 പന്തിൽ 70) പന്തുകൊണ്ട് ജോഷ് ഹെയ്സൽവുഡും (4 വിക്കറ്റ്) കളിയിലെ പ്രമാണിമാരായപ്പോൾ ഈ ഐപിഎലിൽ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന് ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെ തോൽപിച്ചത് 11 റൺസിന്.
ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു വിരാട് കോലിയുടെയും ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 50) അർധ സെഞ്ചറികളുടെ മികവിൽ 205 റൺസെടുത്തപ്പോൾ യശസ്വി ജയ്സ്വാളിന്റെയും (49) ധ്രുവ് ജുറേലിന്റയും (47) ബാറ്റിങ് കരുത്തിൽ രാജസ്ഥാനും തിരിച്ചടിച്ചു. 12 പന്തിൽ 18 റൺസ് എന്ന നിലയിൽ ലക്ഷ്യം ചുരുക്കിയെങ്കിലും അവസാന നിമിഷം ബെംഗളൂരു പേസർമാർക്ക് മുൻപിൽ രാജസ്ഥാൻ തകർന്നുവീണു. അവസാന 2 ഓവറുകൾക്കിടെ 4 വിക്കറ്റ് നഷ്ടമാക്കിയ അവർക്കു നേടാനായത് വെറും 6 റൺസ് മാത്രം.
വിജയപ്രതീക്ഷയോടെ മുന്നേറിയ രാജസ്ഥാൻ റോയൽസിന് ‘സഡൻ ഡെത്ത്’ നൽകിയത് ജോഷ് ഹെയ്സൽവുഡിന്റെ ഡെത്ത് ഓവർ ബോളിങ്ങാണ്. ആദ്യ 2 ഓവറിൽ 26 റൺസ് വഴങ്ങിയ ഓസ്ട്രേലിയൻ പേസർ അവസാന 2 ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടുത്താണ് കളി തിരിച്ചുപിടിച്ചത്. 17–ാം ഓവറിൽ ഹെറ്റ്മെയറെ പുറത്താക്കിയ ഹെയ്‌സൽവുഡ് വഴങ്ങിയത് 6 റൺസ് മാത്രം.
എന്നാൽ ഭുവനേശ്വർ എറിഞ്ഞ 18–ാം ഓവറിൽ 22 റൺസ് അടിച്ചുകൂട്ടിയ രാജസ്ഥാൻ ജയത്തിന് അടുത്തെത്തി. 5 വിക്കറ്റ് കയ്യിലിരിക്കെ 12 പന്തുകളിൽ 18 റൺസായിരുന്നു ലക്ഷ്യം. എന്നാൽ 19–ാം ഓവറിൽ ധ്രുവ് ജുറേലിന്റേത് അടക്കം 2 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഹെയ്‌സൽവുഡ് ആ ഓവറിൽ ഒരു റൺ മാത്രം വിട്ടുകൊടുത്ത് കളി തിരിച്ചു.
33 റൺസ് വഴങ്ങി ആകെ 4 വിക്കറ്റെടുത്ത ജോഷ് ഹെയ്സൽവുഡ് പ്ലെയർ ഓഫ് ദ് മാച്ചുമായി. സീസണിൽ എവേ ഗ്രൗണ്ടിലെ തുടർച്ചയായ 5 ജയങ്ങൾക്കുശേഷമാണ് ബെംഗളൂരു ടീം ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം നേടുന്നത്. രാജസ്ഥാന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്.
English Summary:








English (US) ·