Published: January 21, 2026 09:53 AM IST
1 minute Read
-
ട്വന്റി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പര'
നാഗ്പുർ∙ ട്വന്റി20 ലോകകപ്പ് പടിവാതിലിൽ നിൽക്കെ, ന്യൂസീലൻഡിനെതിരായ 5 മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ലോകകപ്പിന് ഒരുങ്ങാൻ ഇന്ത്യയ്ക്കു മുന്നിലുള്ള അവസാന അവസരമാണ് ഈ പരമ്പര. 31 വരെ നീളുന്ന ന്യൂസീലൻഡ് പരമ്പരയ്ക്കു പിന്നാലെ ഫെബ്രുവരി 7 മുതൽ ലോകകപ്പ് ആരംഭിക്കും.സമീപകാല ട്വന്റി20 പരമ്പരകളിലെ അജയ്യ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നതെങ്കിൽ ഏകദിന പരമ്പരയിലെ ചരിത്രവിജയം നൽകിയ ധൈര്യമാണ് കിവീസിന്റെ കൈമുതൽ. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാത്രി 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
സൂര്യയും സംഘവും
ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീം തന്നെയാണ് കണക്കിലും കളത്തിലും കരുത്തർ. 2024ൽ ക്യാപ്റ്റൻസി ഏറ്റെടുത്തതിനു പിന്നാലെ സൂര്യയുടെ കീഴിൽ കളിച്ച 25 മത്സരങ്ങളിൽ 18ലും ടീം ജയിച്ചാണ് മടങ്ങിയത്. ബാറ്റർ എന്ന നിലയിൽ തുടർച്ചയായി നിരാശപ്പെടുത്തുമ്പോഴും സൂര്യയുടെ ക്യാപ്റ്റൻസി മികവിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഓപ്പണിങ്ങിൽ അഭിഷേക് ശർമ നൽകുന്ന തുടക്കമാണ് ടീമിന്റെ കുതിപ്പിന് ഇന്ധനം.
അഭിഷേകിനൊപ്പം സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും. തിലക് വർമയുടെ അഭാവത്തിൽ ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ എത്തും. നാലാം നമ്പറിൽ ക്യാപ്റ്റൻ സൂര്യയും അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യയും തുടരും. ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയ്ക്ക് വരുൺ ചക്രവർത്തിയും അർഷ്ദീപ് സിങ്ങും കുൽദീപ് യാദവും ബലം നൽകും.
കരുത്തോടെ കിവീസ്ഇന്ത്യയിൽ ആദ്യമായി ഒരു ഏകദിന പരമ്പര ജയിച്ചതിന്റെ ആവേശത്തിൽ എത്തുന്ന കിവീസിന് ട്വന്റി20 പരമ്പരയിലും വിജയക്കൊടി നാട്ടി മടങ്ങണമെന്നാണ് ആഗ്രഹം. അവസാനമായി കളിച്ച 21 ട്വന്റി20 മത്സരങ്ങളിൽ 13 ജയങ്ങളുമായി ടീം മികച്ച ഫോമിലാണ്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നയിക്കുന്ന ടീമിൽ ട്വന്റി20 സ്പെഷലിസ്റ്റുകൾക്ക് പഞ്ഞമില്ല.
ഡെവൻ കോൺവേ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജിമി നീഷം, രചിൻ രവീന്ദ്ര തുടങ്ങി ഐപിഎലിൽ സ്ഥിരം സാന്നിധ്യമായ ഒരുപിടി താരങ്ങൾ ടീമിലുണ്ട്. യുവ പേസർ ജേക്കബ് ഡഫിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയും സുശക്തം. ഏകദിന ക്യാപ്റ്റൻ മിച്ചൽ ബ്രേസ്‌വെൽ പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്.
ട്വന്റി20യിൽ ഒന്നിലേറെ അർധ സെഞ്ചറിയും സെഞ്ചറിയും എന്റെ പേരിലുണ്ട്. ടീമിനെ നയിക്കാനുള്ള ചുമതല നൽകിയപ്പോൾ അത് ഞാൻ സന്തോഷത്തോടെ ഏറ്റെടുത്തു. എല്ലാ മത്സരത്തിലും നിങ്ങൾക്ക് ഒരേ ഫോമിൽ കളിക്കാൻ സാധിക്കണമെന്നില്ല. ആർക്കറിയാം, ചിലപ്പോൾ അടുത്ത മാച്ച് മുതൽ ഞാൻ വീണ്ടും മികച്ച സ്കോറുകൾ നേടാൻ തുടങ്ങിയാലോ
English Summary:








English (US) ·