Published: January 21, 2026 09:31 AM IST
1 minute Read
ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച് ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ബംഗ്ലദേശ് ലോകകപ്പ് ബഹിഷ്‌കരിച്ചാലും പാക്കിസ്ഥാൻ ടൂർണമെന്റിൽനിന്നു പിന്മാറില്ലെന്ന് പിസിബി വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡും (ബിസിബി) തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ ലോകകപ്പിലെ പങ്കാളിത്തം പാക്കിസ്ഥാൻ പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് വിശദീകരണം.
ലോകകപ്പിൽനിന്നു പിന്മാറാൻ പാക്കിസ്ഥാന് യാതൊരു കാരണവുമില്ലെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. “അല്ല, ഇത് പിസിബിയുടെ നിലപാടല്ല. പാക്കിസ്ഥാന് അങ്ങനെ ചെയ്യാൻ യാതൊരു കാരണവുമില്ല. പ്രശ്നം വഷളാക്കാൻ ആളുകൾ ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു.’’– പിസിബി വൃത്തം പറഞ്ഞു.
ടൂർണമെന്റിൽ, പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്. മാർച്ച് എട്ടിന് നടക്കുന്ന ഫൈനലിന്റെ വേദിയായി അഹമ്മദാബാദ് സ്റ്റേഡിയമാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പാക്കിസ്ഥാൻ ഫൈനലിലെത്തിയാൽ കലാശപ്പോരാട്ടം കൊളംബോയിൽ നടക്കും .2025 ഐസിസി ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി, ബിസിസിഐയും പിസിബിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഐസിസി ടൂർണമെന്റുകളിലെ എല്ലാ ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങളും നിഷ്പക്ഷ വേദികളിൽ നടത്താൻ തീരുമാനിച്ചത്.
സമാന സമീപനം ബംഗ്ലദേശിന്റെ കാര്യത്തിലും സ്വീകരിക്കണമെന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെയും (ബിസിബി% ആവശ്യം. ലോകകപ്പിൽ തങ്ങളുടെ എല്ലാം മത്സരങ്ങളും ശ്രീലങ്കയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് ബിസിബി കത്തു നൽകി. എന്നാൽ ഇക്കാര്യം ഐസിസി നിരസിച്ചു. ബംഗ്ലദേശ് പിന്മാറിയാൽ പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നാണ് ഐസിസി അറിയിച്ചിരിക്കുന്നത്. ഇതോടെയാണ് ബംഗ്ലദേശ് പാക്കിസ്ഥാന്റെ പിന്തുണ തേടിയത്. ബംഗ്ലദേശ് സർക്കാർ വൃത്തങ്ങളാണ് പാക്കിസ്ഥാനെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ആ വഴിയും അടഞ്ഞ മട്ടാണ്.
ജനുവരി 21നകം അന്തിമതീരുമാനം അറിയിക്കണമെന്നാണ് ബിസിബിക്ക് ഐസിസി നൽകിയിരിക്കുന്ന നിർേദശം. ടൂർണമെന്റിൽനിന്നു ബംഗ്ലദേശ് പിന്മാറിയാൽ നിലവിലെ റാങ്കിങ് പ്രകാരം മുന്നിലുള്ള സ്കോട്‌ലൻഡിനെ പകരം മത്സരപ്പിക്കാനാണ് ഐസിസിയുടെ നീക്കം. എന്നാൽ ഇതുവരെ സ്കോട്‌ലൻഡിനെ ഐസിസി സമീപിച്ചിട്ടില്ല. സ്കോട്‌ലൻഡ് ക്രിക്കറ്റും ചർച്ചകൾക്ക് മുൻകൈ എടുത്തിട്ടില്ല. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി20 ലോകകപ്പിൽനിന്ന് രാഷ്ട്രീയ കാരണങ്ങളാൽ സിംബാബ്‍വെ പിന്മാറിയപ്പോൾ പകരക്കാരായി സ്കോട്‌ലൻഡ് കളിച്ചിരുന്നു.
അതേസമയം, ഐസിസി അന്ത്യശാസനം നൽകിയിട്ടില്ലെന്നും ടൂർണമെന്റിൽനിന്ന് ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും ബംഗ്ലദേശ് സർക്കാരിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു. ‘‘അന്യായമായി സമ്മർദം ചെലുത്തി ഇന്ത്യയിൽ കളിക്കാൻ ഞങ്ങളെ നിർബന്ധിക്കാൻ കഴിയില്ല. ബംഗ്ലദേശിനെ ഒഴിവാക്കി പകരം സ്കോട്ട്ലൻഡിനെ ഉൾപ്പെടുത്തുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബിസിസിഐക്ക് വഴങ്ങി ഐസിസി ഞങ്ങളുടെ മേൽ സമ്മർദം ചെലുത്തിയാൽ, ഞങ്ങൾ അംഗീകരിക്കില്ല. പാകിസ്ഥാനിലേക്ക് ഇന്ത്യ പോകില്ലെന്ന നിലപാടെടുത്തപ്പോൾ ഐസിസി വേദി മാറ്റി. യുക്തിസഹമായ കാരണത്താലാണ് വേദി മാറ്റാൻ ഞങ്ങൾ ആവശ്യപ്പെട്ടത്.’’– ആസിഫ് നസ്രുൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
English Summary:








English (US) ·