27 May 2025, 01:47 PM IST

ഗുൽവീർ സിങ് | x.com/TheKhelIndia
ന്യൂഡല്‍ഹി: ചൊവ്വാഴ്ച ദക്ഷിണകൊറിയിലെ ഗുമിയില്‍ ആരംഭിച്ച 2025 ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ യുപി താരം ഗുല്‍വീര്‍ സിങ് സ്വര്‍ണമണിഞ്ഞു. ഈയിനത്തില്‍ 2017-ല്‍ ജി.ലക്ഷ്മണന്‍ സ്വര്‍ണം നേടിയതിനുശേഷം ഇതാദ്യമായാണ് ഒരുവട്ടംകൂടി മെഡല്‍ ഇന്ത്യയിലെത്തുന്നത്. 1975-ല്‍ ഹരി ചന്ദും 10,000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. 28:38.63 സമയം കുറിച്ചാണ് നേട്ടം.
ദേശീയ റെക്കോഡിനുടമയായ ഗുല്‍വീര്‍ സ്ഥിരതയോടെ തുടങ്ങി. മത്സരത്തിന്റെ ഭൂരിഭാഗം സമയവും ഗുല്‍വീറിന് തന്നെയായിരുന്നു മേധാവിത്വം. അവസാന ലാപ്പില്‍ ബഹ്‌റൈനിന്റെ ആല്‍ബര്‍ട്ട് കിബിച്ചി റോപ്പറിനെ മറികടന്ന് അദ്ദേഹം മുന്നേറി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗുല്‍വീറിന്റെ രണ്ടാം മെഡല്‍നേട്ടമാണിത്. 2023-ല്‍ 5,000 മീറ്ററില്‍ വെങ്കലം നേടിയിരുന്നു. ഇത്തവണയും അയ്യായിരം മീറ്ററില്‍ ഗുല്‍വീര്‍ പങ്കെടുക്കുന്നുണ്ട്. 10,000 മീറ്റര്‍ മത്സരത്തിനുണ്ടായിരുന്ന ഇന്ത്യയുടെ സാവന്‍ ബര്‍വാള്‍ 28:50.53 സമയത്തില്‍ നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.
ഇന്നുമുതല്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 59 അംഗ ഇന്ത്യന്‍ സംഘമാണ് പങ്കെടുക്കുന്നത്. മെഡല്‍പ്പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ജാവലിന്‍ ത്രോയിലെ ഒളിമ്പിക് ഇരട്ട മെഡല്‍ ജേതാവ് നീരജ് ചോപ്ര ഒഴികെയുള്ള മിക്ക പ്രമുഖ താരങ്ങളും ഇന്ത്യക്കായി മത്സരിക്കാനിറങ്ങുന്നുണ്ട്. മലയാളി താരങ്ങളായ അബ്ദുള്ള അബൂബക്കറും (ട്രിപ്പിള്‍ ജംപ്) ആന്‍സി സോജനും (ലോങ് ജംപ്) മെഡല്‍ പ്രതീക്ഷകളാണ്.
Content Highlights: gulveer singh wins archetypal golden for India astatine asiatic athletics championships 2025








English (US) ·