Published: January 22, 2026 09:38 AM IST Updated: January 22, 2026 10:26 AM IST
2 minute Read
നാഗ്പുർ ∙ ട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ആരാധകരുടെ മനംകവർന്ന് അഭിഷേക് ശർമയുടെ ബാറ്റിങ്, മനസ്സു നിറച്ച് ടീം ഇന്ത്യയുടെ വിജയം. വെടിക്കെട്ട് ബാറ്റിങ്ങിന്റെ പതിവ് തെറ്റിക്കാതെ ഓപ്പണർ അഭിഷേക് ശർമ (35 പന്തിൽ 84) നാഗ്പുരിൽ നിറഞ്ഞാടിയപ്പോൾ ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 48 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടിയപ്പോൾ ന്യൂസീലൻഡിന്റെ മറുപടി 190 റൺസിൽ അവസാനിച്ചു. അഭിഷേകാണ് പ്ലെയർ ഓഫ് ദ് മാച്ച്. 5 മത്സര പരമ്പരയിൽ ഇതോടെ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം ട്വന്റി20 നാളെ റായ്പുരിൽ. സ്കോർ: ഇന്ത്യ– 20 ഓവറിൽ 7ന് 238. ന്യൂസീലൻഡ്– 20 ഓവറിൽ 7ന് 190.
വീണ്ടും അഭിഷേക്
ഒരു ട്വന്റി20 ഇന്നിങ്സിന്റെ ഹൈലൈറ്റ് ടിവിയിൽ കാണും പോലെയായിരുന്നു നാഗ്പുരിൽ ഇന്ത്യയുടെ ബാറ്റിങ്. ആകെ പിറന്നത് 21 ഫോറും 14 സിക്സും. അതിൽ 5 ഫോറും 8 സിക്സും അഭിഷേകിന്റെ ബാറ്റിൽനിന്ന്. ഇന്നിങ്സിൽ ആകെ 2 ഓവറുകളിൽ മാത്രമാണ് ന്യൂസീലൻഡ് ബോളർമാർ ബൗണ്ടറി വഴങ്ങാതിരുന്നത്.ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ സിക്സർ പറത്തിയാണ് അഭിഷേക് ആകാശ വിസ്മയത്തിനു തിരികൊളുത്തിയത്. തൊട്ടടുത്ത ഓവറിൽ കെയ്‌ൽ ജയ്മിസനെതിരെ 2 ഫോറുമായി തുടങ്ങിയ സഞ്ജു സാംസൺ അതേ ഓവറിലെ അഞ്ചാം പന്തിൽ ഫ്ലിക് ഷോട്ട് പിഴച്ച് പുറത്തായി (10). 2 വർഷത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഇഷാൻ കിഷൻ നേരിട്ട ആദ്യ പന്തിൽ ഫോർ നേടിയെങ്കിലും 5 പന്ത് മാത്രമായിരുന്നു ആയുസ്സ് (8).
ടോപ് ഓർഡറിലെ വിക്കറ്റ് നഷ്ടം ഇന്ത്യയെ സമ്മർദത്തിലാക്കുമെന്ന് കരുതിയെങ്കിലും കൂസലില്ലാതെ ആഞ്ഞടിച്ച അഭിഷേക് കിവീസിനെ തളർത്തി. അഭിഷേകും സൂര്യകുമാർ യാദവും (22 പന്തിൽ 32) ചേർന്നുള്ള കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 47 പന്തിൽ നേടിയ 99 റൺസ് ഇന്ത്യൻ ഇന്നിങ്സിന്റെ അടിത്തറ ഭദ്രമാക്കി. ട്വന്റി20യിലെ ഏഴാം അർധ സെഞ്ചറി കുറിച്ച അഭിഷേക് ശർമ 12–ാം ഓവറിൽ പുറത്താകുമ്പോൾ സ്കോർ 149ൽ എത്തിയിരുന്നു. തുടർന്ന് ഹാർദിക് പാണ്ഡ്യയുടെയും (16 പന്തിൽ 25) റിങ്കു സിങ്ങിന്റെയും (20 പന്തിൽ 44 നോട്ടൗട്ട്) തകർപ്പനടിയാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഡാരിൽ മിച്ചൽ എറിഞ്ഞ 20–ാം ഓവറിൽ 21 റൺസാണ് റിങ്കു അടിച്ചു കൂട്ടിയത്.
ഫിലിപ്സിന്റെ പോരാട്ടം
അർഷ്‍ദീപ് സിങ്ങിന്റെ ആദ്യ ഓവറിൽ ഡെവൻ കോൺവേയും (0) ഹാർദിക് പാണ്ഡ്യ എറിഞ്ഞ രണ്ടാം ഓവറിൽ രചിൻ രവീന്ദ്രയെയും (1) നഷ്ടമായ ന്യൂസീലൻഡ് ഒരു റണ്ണിന് 2 വിക്കറ്റ് എന്ന നിലയിലാണ് മറുപടി ബാറ്റിങ് തുടങ്ങിയത്. എന്നാൽ മധ്യ ഓവറുകളിൽ ആഞ്ഞടിച്ച് ഗ്ലെൻ ഫിലിപ്സിന്റെ (40 പന്തിൽ 78) പോരാട്ടം അവരെ മത്സരത്തിലേക്കു തിരിച്ചെത്തിച്ചു. 14–ാം ഓവറിൽ അക്ഷർ പട്ടേലിന്റെ പന്തിൽ ഫിലിപ്സ് പുറത്തായതോടെ സന്ദർശകരുടെ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു.
20 ഓവർ വരെ ബാറ്റിങ്ങിൽ പിടിച്ചുനിന്നെങ്കിലും ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് വെല്ലുവിളിയുയർത്താൻ പിന്നീടെത്തിയവർക്കായില്ല. ഇന്ത്യൻ ബോളിങ്ങിലെ മൂർച്ചക്കുറവും കൈവിട്ട ക്യാച്ചുകളുമാണ് സ്കോർ 190ൽ എത്തിക്കാൻ ന്യൂസീലൻഡിനെ സഹായിച്ചത്. ഇന്ത്യയ്ക്കായി വരുൺ ചക്രവർത്തിയും ശിവം ദുബെയും 2 വിക്കറ്റ് വീതം നേടി.
English Summary:








English (US) ·