Published: January 22, 2026 10:22 AM IST
1 minute Read
ദുബായ് ∙ അവസാനവട്ട സമ്മർദങ്ങളും തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽനിന്ന് ബംഗ്ലദേശ് പുറത്തേക്ക്!. ലോകകപ്പ് വേദി മാറ്റത്തിനായുള്ള ബംഗ്ലദേശിന്റെ ആവശ്യം ഇന്നലെ ഐസിസി വോട്ടിനിട്ട് തള്ളി. വെർച്വലായി നടത്തിയ ഐസിസി ബോർഡ് മീറ്റിങ്ങിൽ 14 അംഗ രാജ്യങ്ങൾ വേദി മാറ്റ ആവശ്യത്തെ എതിർത്ത് വോട്ട് ചെയ്തപ്പോൾ ബംഗ്ലദേശിനൊപ്പം നിന്നതു പാക്കിസ്ഥാൻ മാത്രം.
ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അറിയിച്ച ഐസിസി, ഇന്ത്യയിൽ മത്സരങ്ങൾ കളിക്കാൻ തയാറല്ലെങ്കിൽ ബംഗ്ലദേശ് ലോകകപ്പിൽനിന്ന് പുറത്താകുമെന്ന നിലപാട് വീണ്ടും ആവർത്തിച്ചു. പകരം മറ്റൊരു ടീമിനെ ഉൾപ്പെടുത്തുമെന്നും വ്യക്തമാക്കി. ട്വന്റി20 റാങ്കിങ് അടിസ്ഥാനത്തിൽ സ്കോട്‍ലൻഡിനെയാണ് ഐസിസി പകരം പരിഗണിക്കുന്നത്.
ഇതോടെ ഫെബ്രുവരി 7ന് ആരംഭിക്കുന്ന ലോകകപ്പിൽ ബംഗ്ലദേശ് മത്സരിക്കുന്നതിനുള്ള സാധ്യതകൾ മങ്ങി. എന്തു സംഭവിച്ചാലും ഇന്ത്യയിലേക്കു ടീമിനെ അയയ്ക്കില്ലെന്ന് ബംഗ്ലദേശ് സർക്കാരിന്റെ സ്പോർട്സ് ഉപദേശകൻ ആസിഫ് നസ്‍റുൽ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
24 മണിക്കൂർ സമയം
ലോകകപ്പ് പങ്കാളിത്തവുമായി ബന്ധപ്പെട്ട് ഇന്ന് അന്തിമ തീരുമാനം അറിയിക്കണമെന്നാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസിയുടെ പുതിയ നിർദേശം. ഇന്നലെയാണ് അവസാന തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഐസിസി ബോർഡ് മീറ്റിങ്ങിൽ ബംഗ്ലദേശിന് 24 മണിക്കൂർ സമയം കൂടി നൽകാൻ തീരുമാനിക്കുകയായിരുന്നു. ബംഗ്ലദേശ് താരങ്ങൾക്കും ആരാധകർക്കും ഒഫീഷ്യലുകൾക്കും ഇന്ത്യയിലെ മത്സര വേദികളിൽ സുരക്ഷാ ഭീഷണിയില്ലെന്ന് കണ്ടെത്തിയെന്നും ഈ സാഹചര്യത്തിൽ മത്സരവേദി മാറ്റുന്നത് ഭാവിയിൽ അനാവശ്യ കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുമെന്നും ഐസിസി അറിയിച്ചു.
പിന്തുണച്ച് പാക്കിസ്ഥാൻ
വേദിമാറ്റ ആവശ്യം ചർച്ച ചെയ്യുന്നതിനായി ചേർന്ന ഐസിസി യോഗത്തിന് മുൻപ് ബംഗ്ലദേശിന് പിന്തുണയറിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽനിന്ന് മത്സരവേദി മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം ന്യായമാണെന്നും ശ്രീലങ്കയിൽ മത്സരം നടത്താൻ പ്രയാസമെങ്കിൽ വേദിയൊരുക്കാൻ പാക്കിസ്ഥാൻ തയാറാണെന്നും പിസിബി പ്രതികരിച്ചിരുന്നു.
English Summary:








English (US) ·