ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ തലമുറമാറ്റത്തിന്റേതുകൂടിയായിരുന്നു. സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍ എന്നിവരില്ലാതെ ഇന്ത്യന്‍ ടീമിന്റെ ആദ്യ അങ്കംകൂടിയായിരുന്നു ഇത്. ഈ തലമുറ മാറ്റം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഏതുരീതിയിലാകും പ്രതിഫലിക്കുകയെന്ന ആകാംക്ഷയിലായിരുന്നു ആരാധകര്‍. ക്യാപ്റ്റനടക്കം മാറി യുവരക്തത്തിന് മുന്‍തൂക്കമുള്ള ടീമുമായാണ് അഞ്ചുമത്സരങ്ങളുള്ള പരമ്പരയ്ക്കായി ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ പരമ്പര അവസാനിക്കുമ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും അറുതിയായിക്കഴിഞ്ഞു.
ഇന്ത്യയുടെ പോരാട്ടം മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ തന്നെയായിരുന്നു. പരമ്പരയിലുടനീളം ബാറ്റുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗില്‍, ക്യാപ്റ്റന്‍സിയിലും തന്റെ മികവ് പുറത്തെടുത്തു. പരമ്പരയില്‍ മികച്ച ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഗില്ലായിരുന്നു. അഞ്ചു ടെസ്റ്റിലെ 10 ഇന്നിങ്‌സുകളില്‍ നിന്നായി 75.40 ശരാശരിയില്‍ 754 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. നാല് സെഞ്ചുറികളും ഒരു ഇരട്ട സെഞ്ചുറിയും ആ ബാറ്റില്‍ നിന്ന് പിറന്നു.
ഇന്ത്യന്‍ നായകനായുള്ള ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ കാഴ്ചവെച്ചത്. സെഞ്ചുറികളും ഡബിള്‍ സെഞ്ചുറിയും പിറന്ന ആ ബാറ്റില്‍ നിന്ന് നിരവധി റെക്കോഡുകളും പിറവിയെടുത്തു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡ് ഓവല്‍ ടെസ്റ്റിനിടെയാണ് ഗില്‍ സ്വന്തമാക്കുന്നത്. സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79 ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡാണ് അഞ്ചാം മത്സരത്തിനിടെ ഗില്‍ മറികടന്നത്.
ക്യാപ്റ്റനായുള്ള അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ നാല് സെഞ്ചുറി നേടി ഇന്ത്യന്‍ നായകന്‍ പുതിയ റെക്കോഡിട്ടിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഇന്ത്യന്‍ നായകന്‍. നായകനായ ആദ്യ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറി നേടിയ ഡോണ്‍ ബ്രാഡ്മാന്‍, വിരാട് കോലി, ഗ്രേഗ് ചാപ്പല്‍, വാര്‍വിക്ക് ആംസ്ട്രോങ്, സ്റ്റീവന്‍ സ്മിത്ത് എന്നിവരെ നാലാം ടെസ്റ്റിലെ രണ്ടാമിന്നിങ്സില്‍ നേടിയ സെഞ്ചുറിയോടെ തന്നെ ഗില്‍ മറികടന്നിരുന്നു.
ഒരു പരമ്പരയില്‍ നാല് സെഞ്ചുറി നേടുന്ന ക്യാപ്റ്റന്‍ എന്ന ബ്രാഡ്മാന്റെയും ഗാവസ്‌ക്കറുടെയും റെക്കോഡിനൊപ്പവും ഗില്‍ എത്തി. 1947-ല്‍ ഇന്ത്യയ്ക്കെതിരായ നാട്ടിലെ പരമ്പരയിലാണ് ബ്രാഡ്മാന്‍ നാല് സെഞ്ചുറി നേടിയത്. ഗാവസ്‌ക്കര്‍ 1978-ല്‍ വെസ്റ്റിന്‍ഡീസിനെതിരായ നാട്ടിലെ പരമ്പരയിലും.
എന്നാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന സുനില്‍ ഗാവസ്‌ക്കറുടെ റെക്കോഡ് മറികടക്കാന്‍ ഗില്ലിനായില്ല. 1971-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ ഗാവസ്‌ക്കര്‍ 774 റണ്‍സ് നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോഡ് ബ്രാഡ്മാന്റെ (974) പേരിലാണ്.
ക്യാപ്റ്റനായുള്ള ആദ്യ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ ബ്രാഡ്മാന് പിറകില്‍ രണ്ടാം സ്ഥാനത്താണ് ഗില്‍. 1936-ല്‍ ഇംഗ്ലണ്ടിനെതിരായ നാട്ടിലെ പരമ്പരയില്‍ 810 റണ്‍സാണ് ബ്രാഡ്മാന്‍ അടിച്ചെടുത്തത്.
ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ചുറി നേടിയിരുന്നെങ്കില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്ലിന് എത്താമായിരുന്നു. വെസ്റ്റിന്‍ഡീസിന്റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് ഈ റെക്കോഡ്. 1955-ല്‍ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ചുറിയാണ് വാല്‍ക്കോട്ട് നേടിയത്.
എജ്ബാസ്റ്റണിലെ ഗില്ലാട്ടം
ഇംഗ്ലണ്ടിലെ എജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം ഇത്തവണ ശുഭ്മാന്‍ ഗില്ലും സംഘവും തിരുത്തിക്കുറിച്ചിരുന്നു. 2025-ന് മുമ്പ് എജ്ബാസ്റ്റണില്‍ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴും തോറ്റിരുന്നു ഇന്ത്യ. അതില്‍ മൂന്നെണ്ണം ഇന്നിങ്സ് തോല്‍വിയായിരുന്നു. 1986-ല്‍ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റില്‍ ഇന്ത്യ തിരുത്തിയെഴുതിയത് ചരിത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ആയിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ മത്സരം ജയിച്ചത്. ഒന്നാം ഇന്നിങ്സില്‍ 587 റണ്‍സടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 427 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അതായത് രണ്ട് ഇന്നിങ്സിലുമായി നേടിയത് 1014 റണ്‍സ്. അതില്‍ 42.40 ശതമാനവും ഒരേയൊരാളുടെ സംഭാവനയായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ.
എജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 269 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്സില്‍ അടിച്ചെടുത്തത് 161 റണ്‍സ്. രണ്ട് ഇന്നിങ്സിലുമായി 430 റണ്‍സ്. ടെസ്റ്റ് ക്രിക്കറ്റിന്റെ 148 വര്‍ഷത്തെ ചരിത്രത്തില്‍ ടെസ്റ്റിലെ ഒരു ഇന്നിങ്സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്സില്‍ 150 റണ്‍സിലധികവും നേടുന്ന ആദ്യ താരമാണ് ഗില്‍. എജ്ബാസ്റ്റണില്‍ രണ്ട് ഇന്നിങ്സിലുമായി 430 റണ്‍സ് നേടി ഒരു ടെസ്റ്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും സ്വന്തമാക്കി. 1971-ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരേ സുനില്‍ ഗാവസ്‌ക്കര്‍ നേടിയ 344 റണ്‍സിന്റെ റെക്കോഡാണ് ഗില്‍ പഴങ്കഥയാക്കിയത്. മാത്രമല്ല ചരിത്രത്തില്‍ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമെന്ന നേട്ടവും ഗില്ലിന് സ്വന്തമായി. 1990 ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി 456 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് ഈ പട്ടികയില്‍ മുന്നില്‍.
Content Highlights: Shubman Gill dominates England with 754 runs and 4 centuries successful 10 innings, mounting caller records








English (US) ·