10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷെ അസാധ്യമല്ല; ചര്‍ച്ചയുടെ ഭാഗമായി ജനീലിയ ദേശ്മുഖും

7 months ago 6

17 June 2025, 10:00 PM IST

genelia

ജനീലിയ ദേശ്മുഖ് | PTI

ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യുക എന്നത് അസാധ്യമല്ലെന്ന് നടി ജനീലിയ ദേശ്മുഖ്. സിനിമാ ലോകത്ത് നടക്കുന്ന വര്‍ക്ക് - ലൈഫ് ബാലന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് നടിയുടെ അഭിപ്രായ പ്രകടനം. സൂം ചാനലിനോട് സംസാരിക്കവേയാണ് ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്ന സാഹചര്യം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ജനീലിയ വെളിപ്പെടുത്തിയത്.

പലപ്പോഴും ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ടെന്നും ചിലപ്പോള്‍ അതില്‍ കൂടുതലാകുമെന്നും, എന്നാല്‍ ഇതെല്ലാം സിനിമയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്നതായും ജനീലിയ പറഞ്ഞു. '10 മണിക്കൂര്‍ ജോലി കഠിനമാണ്, പക്ഷേ അസാധ്യമല്ല. ഒരു ദിവസം 10 മണിക്കൂര്‍ ജോലി ചെയ്യാറുണ്ട്, ചില ദിവസങ്ങളില്‍ സംവിധായകന്‍ അത് 11 അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ നീട്ടാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് ന്യായമാണെന്ന് ഞാന്‍ കരുതുന്നു. പക്ഷേ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ സമയം ലഭിക്കണം. ഒന്നോ രണ്ടോ ദിവസങ്ങളില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരുമ്പോള്‍ അതൊരു ധാരണയുടെ ഭാഗമായി ചെയ്യേണ്ടിവരും' - ജനീലിയ പറഞ്ഞു.

സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന 'സ്പിരിറ്റ്' സിനിമയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്മാറിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജനീലിയയുടെ അഭിപ്രായപ്രകടനം എന്നത് ശ്രദ്ധേയമാണ്. ജോലി സമയം എട്ട് മണിക്കൂറെന്ന ദീപികയുടെ ആവശ്യം സംവിധായകന്‍ നിഷേധിച്ചതാണ് പിന്മാറ്റത്തിന് കാരണമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മണിരത്‌നം, അജയ് ദേവ്ഗണ്‍, നേഹ ധൂപിയ തുടങ്ങിയ പ്രമുഖര്‍ ദീപികയുടെ നിലപാടിന് പിന്തുണയുമായി എത്തിയതോടെ ഈ വിഷയം വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. പിന്നീട് നടി തൃപ്തി ദിമ്രി ദീപികയ്ക്ക് പകരക്കാരിയായി എത്തി. അതേസമയം, ദീപിക സംവിധായകന്‍ ആറ്റ്‌ലിയുടെയും നടന്‍ അല്ലു അര്‍ജുന്റെയും കൂടെ പുതിയൊരു തെലുങ്ക് പ്രോജക്റ്റിലേക്ക് മാറുകയും ചെയ്തിരുന്നു.

Content Highlights: 10 hr shifts not intolerable says jenelia deshmukh

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article