ഇന്ത്യന്‍ ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന പ്രധാന താരങ്ങളിലൊരാളായി ഒരിക്കല്‍ വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വി ഷാ ഇന്ന് തന്റെ കരിയറില്‍ ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ രണ്ടാംവരവ് എന്നുവരെ വിശേഷിപ്പിച്ച 25-കാരനായ പൃഥിയ്ക്ക് വിരലിലെണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യന്‍ ജഴ്‌സി അണിയാനായത്. ആഭ്യന്തര, അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് അതിവേഗത്തിലാണ് താരം പുറത്തായത്. 75 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിട്ടും ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയ പൃഥി, മുംബൈയുടെ വിജയ് ഹസാരെ ട്രോഫി, രഞ്ജി ട്രോഫി ടീമുകളില്‍നിന്നും പുറത്തായി. എന്നാല്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും പൃഥി ഷാ തന്റെ കരിയര്‍ അവസാനിപ്പിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹത്തെ അടുത്തറിയുന്നവര്‍.
ഒരു പതിറ്റാണ്ടിലേറെയായി മുംബൈയില്‍ ഷായ്ക്കൊപ്പം കളിച്ചിട്ടുള്ള പഞ്ചാബ് കിംഗ്സ് ഓള്‍റൗണ്ടര്‍ ശശാങ്ക് സിംഗ്, യുവ ബാറ്റ്സ്മാന്‍ എങ്ങനെ തിരിച്ചുവരുമെന്നുള്ള തന്റെ പ്രതീക്ഷകളും പങ്കുവെച്ചു.
ഷായുടെ കഴിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ചില ജീവിതശൈലി മാറ്റങ്ങള്‍ വഴിത്തിരിവായിരിക്കാമെന്നും യൂട്യൂബ് ഷോയില്‍ സംസാരിക്കവെ ശശാങ്ക് പറഞ്ഞു.
'പൃഥ്വി ഷായെ വിലകുറച്ച് കാണുകയാണ്. തന്റെ അടിസ്ഥാന കാര്യങ്ങളിലേക്ക് തിരിച്ചുപോയാല്‍തന്നെ അദ്ദേഹത്തിന് എന്തും നേടാന്‍ കഴിയും' ശശാങ്ക് പറഞ്ഞു. '13 വയസ്സുള്ളപ്പോള്‍ മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം, മുംബൈയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന് എന്താണ് കുഴപ്പമെന്ന് നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്'ശശാങ്ക് കൂട്ടിച്ചേര്‍ത്തു.
ഒരുപക്ഷേ, അദ്ദേഹത്തിന് തന്റെ ജോലി നൈതികതയില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കഴിഞ്ഞേക്കും. രാത്രി 11 മണിക്ക് പകരം രാത്രി 10 മണിക്ക് ഉറങ്ങാന്‍ കഴിഞ്ഞേക്കും, ഒരുപക്ഷേ ഭക്ഷണക്രമവും മെച്ചപ്പെടുത്താനായേക്കും. ഇവയില്‍ ചിലത് സ്വീകരിക്കാനും മാറ്റാനും അദ്ദേഹത്തിന് കഴിയുമെങ്കില്‍, അത് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറ്റവും നല്ല കാര്യമായിരിക്കും' ശശാങ്ക് വ്യക്തമാക്കി.
അദ്ദേഹത്തെ പിന്നോട്ടടിപ്പിക്കുന്നത് കളിയും പ്രകടനങ്ങളുമല്ല, മറിച്ച് ജീവിതശൈലിയാണെന്നും സഹതാരം പറഞ്ഞു.
എന്നിരുന്നാലും, ഷായ്ക്ക് ചുറ്റും തന്നെ നയിക്കുന്ന ആളുകള്‍ ഉണ്ടെന്ന് ശശാങ്ക് സമ്മതിച്ചു. ഒരുപക്ഷേ അദ്ദേഹം ഇതിനകം തന്നെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാകും. അദ്ദേഹത്തിന് ഉപദേശം നല്‍കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് ഉപദേശം നല്‍കുന്ന 10 മികച്ച ആളുകള്‍ ഇതിനകം തന്നെ ഉണ്ടായിരിക്കാം' ശശാങ്ക് പറഞ്ഞു.
Content Highlights: Sleep At 10-Change Diet-Prithvi Shaw Sent Clear-Cut Message To Revive Career








English (US) ·