Published: December 02, 2025 09:40 PM IST
2 minute Read
ആശാ ശോഭന ജോയ്. ഈ പേര് ക്രിക്കറ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളികള്‍ക്കപ്പുറം വലിയ പരിചിതമല്ലായിരുന്നു കുറച്ചു നാള്‍ മുന്‍പ് വരെ. നാലുവർഷങ്ങൾക്ക് മുൻപ് ഐപിഎല്ലിന് സമാനമായി വനിതാ പ്രീമിയർ ലീഗ് ആരംഭിച്ചു. ഇതോടെ ഇന്ത്യയിൽ വനിതാ ക്രിക്കറ്റ് സ്വന്തം പിച്ച് ഉറപ്പിച്ചു. വനിതാ പ്രീമിയർ ലീഗ് കാണാമറയത്തായ താരങ്ങളെ ക്രീസിലെത്തിച്ചു. ആരാരും അറിയാതെ പോയ തിരുവനന്തപുരത്തുകാരി ആശയെ ഇന്ത്യൻ താരമായി മാറ്റിയതിൽ ഡബ്യുപിഎൽ വഹിച്ച പങ്കുചെറുതല്ല. ‘പ്രൈസ് ടാഗിലല്ല, അവർ തരുന്ന വാല്യൂവിലാണ് എന്റെ സന്തോഷം’ –കഴിഞ്ഞ ദിവസം നടന്ന വനിതാ പ്രിമിയർ ലീഗ് താരലേലത്തിൽ 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് ടീം സ്വന്തമാക്കിയ ആശ ശോഭന മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
∙ കടലാസിലെ കരുത്തർ
ഒരുപാട് പ്രതീക്ഷയോടെയാണ് വനിതാ പ്രിമിയർ ലീഗിന്റെ പുതിയ സീസണായി കാത്തിരിക്കുന്നത്. താരലേലം പൂർത്തിയായതോടെ ഈ വർഷം കടലാസിലെ കരുത്തരാണ് യുപി വാരിയേഴ്സ്. ബെംഗളൂരുവിൽ നിന്നുള്ള ഈ ചൂവടുമാറ്റത്തിൽ ചെറിയ സങ്കടമുണ്ട്. ആർസിബിയുടെ മുഖ്യപരിശീലകൻ മലോലൻ രംഗരാജൻ ആദ്യം ടീമിന്റെ അസിസ്റ്റന്റ് ഹെഡ് കോച്ചും ഹെഡ് ഓഫ് ദ് സ്കൗട്ടുമായിരുന്നു. താരമെന്ന നിലയിൽ എന്നെ മനസിലാക്കി ഗ്രൂം ചെയ്ത വ്യക്തിയാണ് അദ്ദേഹം. സാറിനെ ഞാൻ ഒരുപാട് മിസ് ചെയ്യും. കാരണം ആർസിബിക്ക് വേണ്ടി എന്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പാകപ്പെടുത്തിയെടുത്തത് മലോലൻ രംഗരാജൻ സാറാണ്. എതിരാളികൾ ആരായാലും നിറഞ്ഞ ഗാലറിക്കു മുന്നിൽ നിന്ന് കളിക്കാനുള്ള ധൈര്യം നൽകിയതും. ആർസിബി മാനേജ്മെന്റും രാജേഷ് മേനോൻ സാറും മികച്ച പിന്തുണയാണ് നൽകിയത്. സ്മൃതി, ശ്രേയങ്ക, റിച്ച .... ഫാമിലി പോലെയായിരുന്നു ഞങ്ങൾ. അതൊക്കെ മിസ് ചെയ്യും.
∙ കാര്യവട്ടം വേദിയാകുമ്പോൾ
ലോകകപ്പ് വിജയത്തിനു ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പരയാണ്. കേരളത്തിലെ വനിതാ ക്രിക്കറ്റിന്റെ വളർച്ചയെ ‘അൺബീലിവബിൾ’– എന്ന് വിശേഷിപ്പിക്കാം. വനിതാ ക്രിക്കറ്റ് ഉണ്ടോ എന്ന് ചോദിച്ചവരുടെ മുന്നിലേക്കാണ് ഇന്ത്യൻ ടീം ശ്രീലങ്കക്കെതിരായ പരമ്പര കളിക്കാൻ തിരുവനന്തപുരത്തേക്ക് എത്തുന്നത്. ശ്രീലങ്കയുമായി നല്ലൊരു മത്സരം കാണാൻ സാധിക്കും. യുവതാരങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ ടീമാണ് ശ്രീലങ്കയുടേത്. പക്ഷേ, മത്സരത്തിൽ മുൻതൂക്കം ഇന്ത്യക്കാണ്. ഇന്ത്യൻ ടീമിന്റെ തിരുവനന്തപുരത്തേക്കുള്ള വരവ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേട്ടമായി കാണണം. ടീമിൽ ഇടം കിട്ടുമെന്നാണ് പ്രതീക്ഷ. ഇടം കിട്ടിയാൽ സന്തോഷം, ഹോം ക്രൗഡില്‍ നമ്മുടെ വീട്ടിൽ കളിക്കുന്ന ഫീലായിരിക്കും. ഇല്ലെങ്കിലും കുഴപ്പമില്ല, ഗാലറിയിലിരുന്ന് ഇന്ത്യൻ ടീമിനെ സപ്പോർട്ട് ചെയ്യും. ഡബ്യൂപിഎല്ലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
∙ കോടികിലുക്കം
യുപി വാരിയേഴ്സ് ടീമിന്റെ ഭാഗമാക്കിയതിൽ സന്തോഷം. ആദ്യ സീസണിലെ 10 ലക്ഷത്തിൽ നിന്ന് 1 കോടിയിലേക്കുള്ള യാത്ര, അവരെനിക്ക് അത്രയും വാല്യൂ തരുന്നു എന്നാണ് ഞാൻ ചിന്തിക്കുന്നത്. മൂന്ന് ഫ്രാഞ്ചെസികളാണ് താരലേലത്തിൽ എന്നെ ടീമിലേക്ക് എത്തിക്കാൻ ശ്രമിച്ചത്. ആശ ശോഭന എന്ന താരത്തിനു ടീമുകൾ അത്ര വാല്യൂ തരുന്നുണ്ടെന്നും റേറ്റ് ചെയ്യുന്നുണ്ടെന്നും അറിയുമ്പോൾ സന്തോഷം.
∙ യുപി
യുപിയുടെ സ്പിൻ അറ്റാക്കാണ് എടുത്തുപറയേണ്ടത്. ദീപ്തി ശർമ, സോഫി എക്‌ലെസ്റ്റൻ എന്നിവർ വനിതാ ക്രിക്കറ്റിലെ ടോപ് 5 ബോളർമാരുടെ പട്ടികയിൽ ഇടംപിടിക്കുന്നവരാണ്. ഇവരുള്ള ബോളിങ് സഖ്യത്തിൽ ഞാൻ ഇടംപിടിച്ചത് ഭാഗ്യമായി കരുതുന്നു. ടീമിന്റെ സ്പിൻ അറ്റാക്കിലാണ് പ്രതീക്ഷ. മെഗ് ലാനിങ്, ഫോബെ ലിച്ച്ഫീൽഡ്, ഡിയാന്ത്ര ഡോത്തിൻ കരുത്തരായ ബാറ്റർമാരും ടീമിന്റെ ഭാഗമാണ്. താരലേലത്തിലൂടെ ബാറ്റിങിലും ബോളിങിലും ഓൾറൗണ്ടിലുമെല്ലാം കൃത്യമായ പ്ലേസ്മെന്റാണ് ടീം മാനേജ്മെന്റ് നടത്തിയിരിക്കുന്നത്.
∙ ക്രിക്കറ്റ് ക്വീൻസ്
മിന്നു ആണെങ്കിലും സജനയാണെങ്കിലും അവർ എന്റെ ക്യാപ്റ്റൻസിയിലാണ് അരങ്ങേറിയിട്ടുള്ളത്. അവരുടെ വളർച്ചയിൽ സന്തോഷമുള്ള ആളാണ് ഞാൻ. വനിതാ ക്രിക്കറ്റ് എന്താണെന്ന് അറിയാത്ത നാട്ടിൽ അവർ പേരെടുത്തതിൽ സന്തോഷം. എതിരാളിയായി അവർ ക്രീസിലെത്തിയാലും ഒരുമിച്ച് കളിച്ചാലും ഞാൻ ഹാപ്പിയാണ്. കേരളത്തിൽ മികച്ച വനിതാ താരങ്ങളുണ്ട്. അണ്ടർ 23 മത്സരങ്ങൾ പുരോമിക്കുകയാണ്. കേരളം രണ്ട് മത്സരങ്ങളിൽ വിജയം സ്വന്തമാക്കി. ടാലന്റടായിട്ടുള്ള പ്ലേയേഴ്സാണ് നമുക്കുള്ളത്. കഴിവുതെളിയിക്കാനുള്ള അവസരങ്ങൾ അവർക്ക് ലഭിക്കുന്നുണ്ട്. വരും വർഷങ്ങളിൽ നമുക്ക് അവരെ വനിതാ പ്രീമിയർ ലീഗിൽ കാണാം.
English Summary:









English (US) ·