10 വർഷത്തിനിടെ ലോർഡ്‌സിൽ തോൽക്കാതെ ഓസീസ്,തിരിച്ചുവരവിന്റെ പാതയിൽ ദക്ഷിണാഫ്രിക്ക;കലാശപ്പോര് കടുക്കും

7 months ago 10

wtc final

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമയും ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസും കിരീടത്തിനൊപ്പം | X.com/@CallMeSheri1

ലോർഡ്‌സ്: ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ അലമാരയിൽ കിരീടങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. ഏകദിന ലോകകപ്പിലെ ആറു കിരീടങ്ങൾ. ട്വന്റി 20 യിലും ടെസ്റ്റിലും ഓരോ കിരീടങ്ങൾ. ചാമ്പ്യൻസ് ട്രോഫിയിൽ രണ്ടുതവണ ജേതാക്കൾ. വേറെയും ഒട്ടേറെ വിജയങ്ങൾ. ദക്ഷിണാഫ്രിക്കയോ, പലകാലങ്ങളിൽ ആരാധകരെ ത്രസിപ്പിച്ചിട്ടും ഒരു ലോകകപ്പുപോലും നേടാനാകാത്ത ടീം.

ബുധനാഴ്ച തുടങ്ങുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇരു ടീമുകളും നേർക്കുനേർ വരുമ്പോൾ അത് ‘ഉള്ളവനും ഇല്ലാത്തവനും’ തമ്മിലുള്ള സുന്ദരമായ മത്സരമായി മാറുമെന്നാണ് പ്രതീക്ഷ. കാരണം, പഴയ പ്രതാപമെല്ലാം അണഞ്ഞശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ദക്ഷിണാഫ്രിക്കൻ ടീം. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നുമുതൽ ഇംഗ്ലണ്ടിലെ ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനൽ.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ മൂന്നാം ഫൈനലാണിത്. കഴിഞ്ഞതവണ ഇന്ത്യയെ തോൽപ്പിച്ച് കിരീടംനേടിയ ഓസീസ് നിലവിലെ ചാമ്പ്യൻമാരെന്ന മേൽവിലാസത്തിലാണ് കിരീട പോരാട്ടത്തിനെത്തുന്നത്. ടീമിനെ പാറ്റ് കമിൻസ് നയിക്കും.

2023 ജൂണിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തോൽപ്പിച്ചാണ് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായത്. പ്രഥമ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ് കിരീടം നേടിയിരുന്നു.

ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് താരതമ്യേന പ്രായംചെന്ന സംഘവുമായാണ് ഓസ്‌ട്രേലിയ വരുന്നത്. 2023 ഫൈനലിൽ ഇന്ത്യയ്‌ക്കെതിരേ കളിച്ച ടീമിലെ പത്തുപേരും ഇപ്പോഴും ടീമിലുണ്ട്. ഓപ്പണർ ഡേവിഡ് വാർണർ മാത്രമാണ് ടീമിലില്ലാത്തത്.

വാർണറുടെ അഭാവത്തിൽ ഓപ്പണിങ്ങിൽ ഉസ്മാൻ ഖവാജയ്ക്കൊപ്പം ആരെന്നതിൽ വ്യക്തതയില്ല. സാം കോൺസ്റ്റാസിനെ പരീക്ഷിക്കാറുണ്ടെങ്കിലും ഉറപ്പിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കൻ ടീമിന്റെ ശരാശരി പ്രായം 29.5 വയസ്സാണ്. തെംബ ബാവുമ എന്ന ക്യാപ്റ്റനും ഷുക്രി കോൺറാഡ് എന്ന കോച്ചും ചേർന്ന കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ ഫൈനലിൽ എത്തിച്ചത്.

സ്പിന്നർമാരുടെ മത്സരം

ലോർഡ്‌സിലെ പിച്ചിൽ സ്പിന്നർമാർ നിർണായകമാകുമെന്ന് കരുതുന്നു. ഓസ്‌ട്രേലിയൻ നിരയിൽ ഓഫ് സ്പിന്നർ നേഥൻ ലയൺ ആയിരിക്കും സ്പിൻ ആക്രമണത്തിനു നേതൃത്വം നൽകുക. ലെഗ്‌സ്പിന്നറായ ഓൾറൗണ്ടർ മാർനസ് ലെബുഷെയ്ൻ സഹായത്തിനുണ്ടാകും. ഇടംകൈയനായ കേശവ് മഹാരാജായിരിക്കും ദക്ഷിണാഫ്രിക്കയുടെ പ്രധാന സ്പിൻ ആയുധം. ഇരു ടീമുകളും ചൊവ്വാഴ്ച രാത്രിയോടെ ഇലവനെ പ്രഖ്യാപിച്ചു.

ഫൈനലിലേക്കുള്ള വഴി

2023-25 ചാമ്പ്യൻഷിപ്പിലെ പ്രാഥമിക ഘട്ടത്തിൽ 12 കളിയിൽ എട്ടുവിജയവുമായി, 69.44 ശതമാനം പോയിന്റുനേടിയാണ് ദക്ഷിണാഫ്രിക്ക ഒന്നാംസ്ഥാനക്കാരായി ഫൈനലിൽ എത്തിയത്. 19 കളിയിൽ 13 വിജയം നേടിയ ഓസ്‌ട്രേലിയ 67.54 ശതമാനം വോട്ടുനേടി രണ്ടാംസ്ഥാനക്കാരായി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ രണ്ടു ഫൈനലിലും കളിച്ച് റണ്ണറപ്പായ ഇന്ത്യ ഇക്കുറി 19 കളിയിൽ ഒമ്പതു വിജയവുമായി പ്രാഥമികറൗണ്ടിൽ മൂന്നാമതായി.

ടീം

ദക്ഷിണാഫ്രിക്ക: തെംബ ബാവുമ (ക്യാപ്റ്റൻ), എയ്ഡൻ മാർക്രം, റിയാൻ റിക്കൾട്ടൺ, വിയാൻ മുൾഡർ, ട്രിസ്റ്റ്യൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിങ്ങാം, കൈൽ വെറെയ്ൻ, മാർക്കോ യാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗീഡി.

ഓസ്‌ട്രേലിയ: പാറ്റ് കമിൻസ് (ക്യാപ്റ്റൻ), മാർനസ് ലെബുഷെയ്ൻ, ഉസ്മാൻ ഖവാജ, കാമറൂൺ ഗ്രീൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യു വെബ്‌സ്റ്റർ, അലക്സ് കാരി, മിച്ചൽ സ്റ്റാർക്, നേഥൻ ലയൺ, ജോഷ് ഹേസൽവുഡ്.

Content Highlights: satellite trial title last australia vs southbound africa

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article