05 July 2025, 06:51 PM IST

വൈഭവ് സൂര്യവംശി | AP
ലണ്ടന്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനായും ചരിത്രം കുറിക്കുകയാണ് വൈഭവ് സൂര്യവംശി എന്ന പതിന്നാലുകാരന്‍. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറികുറിച്ച വൈഭവ് റെക്കോഡുകള്‍ തിരുത്തിയെഴുതി. ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തിലാണ് വൈഭവ് സെഞ്ചുറിയുമായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. 78 പന്തില്‍ നിന്ന് 143 റണ്‍സെടുത്താണ് താരം പുറത്തായത്. 13 ഫോറുകളും 10 സിക്‌സറുകളുമടങ്ങുന്നതായിരുന്നു വൈഭവിന്റെ ഇന്നിങ്‌സ്.
സെഞ്ചുറി പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ പുതുചരിത്രമെഴുതി. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുള്‍ ഷാന്റോയുടെ റെക്കോഡാണ് വൈഭവ് തകര്‍ത്തത്. 2013-ല്‍ സെഞ്ചുറി നേടുമ്പോള്‍ 14 വര്‍ഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടവും വൈഭവിന് വന്നുചേര്‍ന്നു.സര്‍ഫറാസ് ഖാന്റെ റെക്കോഡാണ് വൈഭവ് മറികടന്നു. 2013-ല്‍ ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമിനെതിരേ സെഞ്ചുറി നേടുമ്പോള്‍ 15 വര്‍ഷവും 338 ദിവസമായിരുന്നു പ്രായം.
യൂത്ത് ഏകദിന ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടവും വൈഭവ് സ്വന്തമാക്കി. 52-പന്തില്‍ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാന്‍ ഖുലാമിന്റെ റെക്കോഡാണ് മറികടന്നത്. 2013-ല്‍ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറി തികച്ചിരുന്നു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടിയതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായും മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധെസഞ്ചുറി നേടിയിരുന്നു.
Content Highlights: vaibhav suryavanshi records amerind nether 19 century








English (US) ·