100 കി.മീറ്ററിലേറെ വേഗത്തിൽ പന്തു പാഞ്ഞുവരും, ഒന്നു പിഴച്ചാൽ ചിലപ്പോൾ മരണം; ബെന്നിന്റെ ജീവനെടുത്ത വാങ്കർ

2 months ago 4

ഓൺലൈൻ ഡെസ്ക്

Published: October 30, 2025 05:17 PM IST

1 minute Read

 X@Cricket.com.au
ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ഡി വെനുറ്റോയുടെ കയ്യിലെ വാങ്കർ, ബെൻ ഓസ്റ്റിൻ. Photo: X@Cricket.com.au

മെൽബൺ ∙ ജയത്തിന്റെയും തോൽവിയുടെയും, നേട്ടങ്ങളുടെയും വീഴ്ചകളുടെയും കഥകൾ മാത്രമാണ് പലപ്പോഴും കളക്കളങ്ങളിൽനിന്നു വരാറുള്ളത്. വളരെ അപൂർവ്വമായി മാത്രമേ നെഞ്ചുലയ്ക്കുന്ന, കണ്ണീരണിയിക്കുന്ന വാർത്തകൾ മൈതാനത്തുനിന്നു കേൾക്കാറുള്ളൂ. അത്തരുമൊന്നാണ് ഓസ്ട്രേലിയൻ മണ്ണിൽനിന്ന് ഇന്നു പുറത്തുവന്നത്. ക്രിക്കറ്റ് പരിശീലനത്തിനിടെ പന്തുകൊണ്ടു പരുക്കേറ്റ് കൗമാരതാരം മരണത്തിനു കീഴടങ്ങിയെന്ന വാർത്ത കായികലോകത്തെയാകെ ദുഃഖത്തിലാഴ്ത്തി.

ഓസ്ട്രേലിയയിലെ മെൽബണിൽ ഫെർൻട്രീ ഗല്ലിയിൽ ക്രിക്കറ്റ് നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ പരുക്കേറ്റ ബെൻ ഓസ്റ്റിൻ (17) ആണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഓസ്റ്റിൻ മരണത്തിനു കീഴടങ്ങിയത്. ഫെർൻട്രീ ഗല്ലി ക്രിക്കറ്റ് ക്ലബിന്റെ താരമായിരുന്ന ബെൻ ഓസ്റ്റിൻ, ഒരു ട്വന്റി20 മത്സരത്തിനു മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു ദാരുണസംഭവം. ഇതിനകം, നൂറിലേറെ മത്സരങ്ങളിൽ കളിച്ച താരം, മികച്ച ഫുട്ബോളർ കൂടിയായിരുന്നു.

പാഞ്ഞെത്തിയ പന്ത്, ഓസ്റ്റിന്റെ തലയ്ക്കും കഴുത്തിനും ഇടയിലുള്ള ഭാഗത്ത് ഇടിക്കുകയായിരുന്നു. ഓസ്റ്റിൻ ഹെൽമറ്റ് ധരിച്ചിരുന്നു. എന്നാൽ നെക്ക് ഗാർഡ് ധരിച്ചിരുന്നില്ല. സ്ഥലത്തു ബോധരഹിതനായി വീണ കുട്ടിയെ ഉടൻ മൊബൈൽ ഐസിയു ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശീലനത്തിന് ക്രിക്കറ്റ് ബോളുകൾ എറിയാൻ ഉപയോഗിക്കുന്ന വാങ്കറിൽനിന്നുള്ള പന്താണ് ബെന്നിന്റെ ജീവനെടുത്തതെന്നാണ് റിപ്പോർട്ട്.

ബെൻ ഓസ്റ്റിൻ (Facebook/FerntreeGullyCricketClub)

ബെൻ ഓസ്റ്റിൻ (Facebook/FerntreeGullyCricketClub)

2014ൽ, എൻ‌എസ്‌ഡബ്ല്യുവും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ, കഴുത്തിൽ പന്തുകൊണ്ട് പരുക്കേറ്റ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഫിലിപ്പ് ഹ്യൂസ് മരണത്തിനു കീഴടങ്ങിയിരുന്നു. 11 വർഷത്തിനു ശേഷം സമാനസംഭവത്തിലാണ് ഇപ്പോൾ 17 വയസ്സുകാരനായ ബെൻ ഓസ്റ്റിന്റെയും മരണം. ഹ്യൂസിന്റെ മരണത്തിനു പിന്നാലെ  കളിക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രൊട്ടക്ടീവ് ഗിയറുകളിലടക്കം മാറ്റം വന്നിരുന്നു. എന്നാൽ പരിശീലനത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ പോലും ‘വില്ലൻ’ ആകും എന്നാണ് ഇപ്പോഴത്തെ സംഭവം സൂചിപ്പിക്കുന്നത്.

വില്ലൻ വാങ്കർ

ക്രിക്കറ്റ് പരിശീലകരും താരങ്ങളും ഉപയോഗിക്കുന്ന സൈഡ് ആം ബോൾ ത്രോവറിനെയാണ് വാങ്കർ എന്നു വിളിക്കുന്നത്. വളർത്തുനായകളെ കളിപ്പിക്കാനായി ഉപയോഗിക്കുന്ന വാങ്കറിനോട് സമാനമാണ് ഇത്. എന്നാൽ ഇതിന്റെ ഒരു ഭാഗത്ത് ക്രിക്കറ്റ് പന്തുകൾ വയ്ക്കാനുള്ള ഭാഗമുണ്ട്. സൈഡ് ആം ക്ലബ്, സൈഡ് ആം എലൈറ്റ് എന്നീ രണ്ടു തരത്തിലുള്ള വാങ്കറുകളുണ്ട്. എങ്കിലും സൈഡ് ആം എലൈറ്റാണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. പ്രായമേറിയ പരിശീലകർ ജൂനിയർ താരങ്ങളെ പരിശീലിപ്പിക്കുന്നതിനാണ് വാങ്കർ സാധാരണമായി ഉപയോഗിക്കുന്നത്. മണിക്കൂറിൽ 88 കിലോമീറ്റർ വേഗം മുതൽ മണിക്കൂറിൽ 136 കിലോമീറ്റർ വരെ വേഗത്തിൽ വാങ്കറിന്റെ സഹായത്തോടെ പന്തെറിയാൻ സാധിക്കും.

പരിശീലകരുടെ തോളുകൾക്ക് പരുക്കേൽക്കുന്നത് കുറയ്ക്കാനാണ് വാങ്കറുകൾ മിക്കപ്പോഴും  ഉപയോഗിക്കുന്നത്. ഒരിടത്തുനിന്നുകൊണ്ടു തന്നെ വേഗമേറിയ പന്തുകൾ അനായാസമായി വാങ്കറുകൾ ഉപയോഗിച്ച് എറിയാൻ സാധിക്കും. ബോളിങ് മെഷീനേക്കാളും വിലക്കുറവും സൗകര്യപ്രദവുമാണ് വാങ്കർ എന്നതും ഒരു കാരണമാണ്. മാത്രമല്ല, വിവിധ ലൈനിലും ലെങ്‌തിലും പന്തെറിയാനും സാധിക്കും. എന്നാൽ എറിയുന്നയാൾക്ക് റിലീസ് പോയിന്റ് തെറ്റിയാൽ, വാങ്കറിൽനിന്നു വരുന്ന പന്തുകൾ അപകടകരമാകും.

English Summary:

Cricket Accident leads to the decease of a 17-year-old cricketer successful Australia aft being deed by a shot during training. The incidental has raised concerns astir the information of cricket grooming instrumentality and procedures.

Read Entire Article