മാഞ്ചെസ്റ്റര്‍: ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ഇന്ത്യയുടെ ബിസിസിഐ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനേക്കാള്‍ (ഐസിസി) സമ്പന്നര്‍. 2023-24 സാമ്പത്തിക വര്‍ഷം 9,741.7 കോടി രൂപയായിരുന്നു ബിസിസിഐയുടെ വരുമാനം. അതിലേക്ക് ഐപിഎല്‍ മാത്രം സംഭാവന ചെയ്തത് 5,761 കോടി രൂപയായിരുന്നു.
ബോര്‍ഡിന്റെ വരുമാനം ഇത്രയാണെങ്കില്‍ ഇന്ത്യന്‍ കളിക്കാരുടെ വരുമാനം എത്രയാകും? ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ വരുമാനത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും കമന്റേറ്ററുമായ രവി ശാസ്ത്രി. 'ദി ഓവര്‍ലാപ് ക്രിക്കറ്റ്' എന്ന യൂട്യൂബ് ചാനലിലെ ഷോയില്‍ മുന്‍ ഇംഗ്ലീഷ് താരങ്ങളായ മൈക്കല്‍ വോണ്‍, അലെസ്റ്റര്‍ കുക്ക് എന്നിവരോട് സംസാരിക്കുകയായിരുന്നു ശാസ്ത്രി.
ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ജീവിതത്തെയും അദ്ദേഹം നേരിടുന്ന സമ്മര്‍ദങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ശാസ്ത്രി ഇക്കാര്യം പറഞ്ഞത്. ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് എത്ര രൂപ വരുമാനം ഉണ്ടാകുമെന്ന് ചോദിച്ചപ്പോള്‍ അത് എത്രയാണെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നു പറഞ്ഞ അദ്ദേഹം അത് ഏകദേശം 100 കോടി രൂപയായിരിക്കുമെന്ന് വ്യക്തമാക്കി. എം.എസ് ധോനി, വിരാട് കോലി തുടങ്ങി വലിയ താരങ്ങള്‍ 15 മുതല്‍ 20 പരസ്യങ്ങള്‍ വരെ ചെയ്യുന്നവരാണെന്നും അവരുടെ ബ്രാന്‍ഡ് സഹകരണം വഴി മികച്ച പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ശാസ്ത്രി പറഞ്ഞു. ശാസ്ത്രിയുടെ വെളിപ്പെടുത്തല്‍ കേട്ട് വോണും കുക്കും അമ്പരക്കുന്നതും കാണാമായിരുന്നു.
''അവര്‍ ധാരാളം സമ്പാദിക്കുന്നു. വിവിധ (പരസ്യ) കരാറുകളിലൂടെ അവര്‍ ധാരാളം സമ്പാദിക്കുന്നുണ്ട്. 100 കോടിയില്‍ കൂടുതല്‍ എന്ന് ഞാന്‍ പറയും. 10 ദശലക്ഷം പൗണ്ട്. നിങ്ങള്‍ കണക്കുകൂട്ടിയാല്‍ മതി. എം.എസ് (ധോനി), വിരാട് (കോലി), സച്ചിനെ (തെണ്ടുല്‍ക്കര്‍) പോലുള്ളവര്‍ തങ്ങളുടെ പ്രതാപകാലത്ത് 15-20 പരസ്യങ്ങള്‍ വരെ ചെയ്യും. ഒരു ദിവസമാണത്, കൂടുതല്‍ സമയം കിട്ടില്ല. അതിനാല്‍ അവര്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ ചെയ്യാന്‍ കഴിയും. അവര്‍ക്ക് ധാരാളം മത്സരങ്ങളുണ്ടാകും. അതിനാല്‍ ഷൂട്ടിങ്ങിനായി അവര്‍ ഒരു ദിവസം നല്‍കും. പിന്നെ നിങ്ങള്‍ക്ക് ഒരു വര്‍ഷം കളിക്കാം.'' - ശാസ്ത്രി വ്യക്തമാക്കി.
Content Highlights: Ravi Shastri reveals apical Indian cricketers similar Dhoni and Kohli gain implicit ₹100 crore








English (US) ·