17 July 2025, 12:18 PM IST

ശ്രീലങ്കയുടെ കുശാൽ പെരേരയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് താരം മഹെദി ഹസന്റെ ആഘോഷം | AFP
കൊളംബോ: ശ്രീലങ്ക ബംഗ്ലാദേശ് ടി20 മത്സരത്തിനിടെ ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലുണ്ടായിരുന്ന 13 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ബംഗ്ലാദേശ് സ്പിന്നര്‍ മഹെദി ഹസന്‍. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചു. ശ്രീലങ്കയുടെ ആദ്യ അഞ്ചുപേരില്‍ നാലുപേരെയും പുറത്താക്കിയത് മഹെദി ഹസനാണ്.
2012 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 12 റണ്‍സിന് നാലുവിക്കറ്റ് വഴങ്ങിയ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പേരിലായിരുന്നു മികച്ച ടി20 ബൗളിങ് റെക്കോഡ്. 2021-ല്‍ ഇന്ത്യക്കെതിരേ ശ്രീലങ്കയുടെ വനിന്ദു ഹസരങ്ക ഒന്‍പത് റണ്‍സിന് നാല് വിക്കറ്റു വീഴ്ത്തിയതോടെ ഈ റെക്കോഡ് പഴങ്കഥയായി. പിന്നീട് ജോഷ് ഹേസല്‍വുഡ് (16 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റ്), മുസ്താഫിസുര്‍റഹ്‌മാന്‍ (21 റണ്‍സ് വിട്ടുനല്‍കി നാലുവിക്കറ്റ്) എന്നിവര്‍ ഈ നേട്ടത്തിനരികെയെത്തി. ഒടുവില്‍ മഹെദി ഹസന്‍ കൂടി ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡ് തകര്‍ത്തു.
കുഷാല്‍ പെരേര, കുഷാല്‍ മെന്‍ഡിസ്, ചണ്ഡിമല്‍, ക്യാപ്റ്റന്‍ അസലങ്ക എന്നിവരെയാണ് മഹെദി ഹസന്‍ പുറത്താക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക ഏഴുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി എട്ടുവിക്കറ്റിന്റെ ജയംനേടി.
Content Highlights: Mahedi Hasan's Four-Wicket Haul Propels Bangladesh to Historic T20I Series Win








English (US) ·