
നടൻ ശ്രീകാന്ത് | Photos: instagram, facebook
മയക്കുമരുന്ന് കേസില്‍ നടന്‍ ശ്രീകാന്തിനെ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. തിങ്കളാഴ്ചയാണ് നുങ്കമ്പാക്കം പോലീസ് സ്‌റ്റേഷനിലെ വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ നടനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ ശ്രീകാന്തിന്റെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.
എഐഎഡിഎംകെയുടെ ഐടി വിഭാഗത്തിലുണ്ടായിരുന്ന മയിലാപ്പൂര്‍ സ്വദേശി പ്രസാദിന്റെ അറസ്റ്റില്‍ നിന്നാണ് പോലീസ് ശ്രീകാന്തിലേക്ക് എത്തിയത്. എഐഎഡിഎംകെ പുറത്താക്കിയ ഇയാളെ ചെന്നൈയിലെ പബ്ബിലുണ്ടായ കശപിശയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ക്ക് മയക്കുമരുന്ന് ഇടപാടുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
പ്രസാദിന്റെ മൊഴി പ്രകാരമാണ് ശ്രീകാന്തിനെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ശ്രീകാന്തിന് മയക്കുമരുന്ന് (കൊക്കെയ്ന്‍) വിറ്റതായി പ്രസാദ് ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. ഒരു ഗ്രാം കൊക്കെയ്‌ന് 12,000 രൂപ എന്ന നിരക്കിലാണ് ഇയാള്‍ ശ്രീകാന്തിന് കൊക്കെയ്ന്‍ നല്‍കിയത്. ഇത്തരത്തില്‍ 40 തവണയായി 7.72 ലക്ഷം രൂപ ഗൂഗിള്‍ പേ വഴി നല്‍കി ശ്രീകാന്ത് തന്റെ കൈയില്‍ നിന്ന് കൊക്കെയ്ന്‍ വാങ്ങിയിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു.
ഇത് കൂടാതെ സ്വകാര്യ പാര്‍ട്ടികളിലും ശ്രീകാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും പ്രസാദ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് കേസില്‍ ശ്രീകാന്തിന് പുറമെ കൃഷ്ണ എന്ന മറ്റൊരു നടനെ കുറിച്ച് കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്.
ആരാണ് ശ്രീകാന്ത്?
ആന്ധ്ര സ്വദേശിയായ പിതാവിന്റേയും തമിഴ്‌നാട് സ്വദേശിയായ മാതാവിന്റേയും മകനായി 1979 ഫെബ്രുവരി 28-നാണ് ശ്രീകാന്ത് ജനിച്ചത്. മദ്രാസിലാണ് ജനിച്ചതെങ്കിലും ഹൈദരാബാദിലാണ് ശ്രീകാന്ത് വളര്‍ന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്.
തമിഴിലും മലയാളത്തിലും ശ്രീകാന്ത് എന്ന പേരിലാണ് അദ്ദേഹം സിനിമകളില്‍ അഭിനയിക്കുന്നത്. തെലുങ്കില്‍ ശ്രീറാം എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്. വന്ദനയാണ് ശ്രീകാന്തിന്റെ ഭാര്യ. 2008 സെപ്റ്റംബര്‍ ഏഴിന് വിവാഹിതരായ ഇവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
1999-ല്‍ ടിവി സീരിയലിലൂടെയാണ് ശ്രീകാന്ത് അഭിനയരംഗത്തെത്തുന്നത്. 2002-ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം റോജാ കൂട്ടത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. 2003-ല്‍ പുറത്തിറങ്ങിയ ഒക്കരിക്കി ഒക്കരു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തെലുങ്കില്‍ സാന്നിധ്യമറിയിച്ചത്. മലയാളത്തില്‍ പൃഥ്വിരാജ് നായകനായ ഹീറോ, ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍ എന്നീ ചിത്രങ്ങളില്‍ ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്.
Content Highlights: More details connected histrion Srikanth's cause case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·