13 September 2025, 03:48 PM IST

ഇംഗ്ലണ്ട് താരങ്ങൾ | AFP
മാഞ്ചെസ്റ്റര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 യില്‍ റെക്കോഡ് ജയം കുറിച്ച് ഇംഗ്ലണ്ട്. 146 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 304 റണ്‍സാണെടുത്തത്. ദക്ഷിണാഫ്രിക്കയെ 158 റണ്‍സിന് എറിഞ്ഞിടുകയും ചെയ്തു.
ഫില്‍ സാള്‍ട്ടിന്റെ സെഞ്ചുറിയാണ് ഇംഗ്ലണ്ട് സ്‌കോര്‍ മുന്നൂറ് കടത്തിയത്. സാള്‍ട്ട് 60 പന്തില്‍ നിന്ന് 141 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 15 ഫോറുകളും എട്ട് സിക്‌സറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഒരു ഇംഗ്ലണ്ട് താരത്തിന്റെ അതിവേഗ സെഞ്ചുറിയും മത്സരത്തില്‍ സാള്‍ട്ട് കുറിച്ചു. ജോസ് ബട്‌ലര്‍ 30 പന്തില്‍ നിന്ന് 83 റണ്‍സെടുത്തു. ജേക്കബ് ബെത്തല്‍(26), ഹാരി ബ്രൂക്ക്(41) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് സംഭാവന നല്‍കി. ഒടുവില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിച്ചു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 158 റണ്‍സിന് ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടു. ഇംഗ്ലണ്ടിനായി ജൊഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തു.
146 റണ്‍സ് ജയത്തോടെ നിരവധി റെക്കോഡുകള്‍ ഇംഗ്ലണ്ട് സ്വന്തമാക്കി. ടി20 യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള മൂന്നാമത്തെ വലിയ ടി20 വിജയമാണിത്. ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വലിയ ടീം ടോട്ടലാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 344 റണ്‍സെടുത്ത സിംബാബ്വേയാണ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഇംഗ്ലണ്ടിന്റേത് ഏറ്റവും ഉയര്‍ന്ന സ്‌കോറാണ്. 297 റണ്‍സെടുത്ത ഇന്ത്യയുടെ റെക്കോഡാണ് ഇംഗ്ലണ്ട് മറികടന്നത്. മത്സരത്തില്‍ 12.1 ഓവറിലാണ് ഇംഗ്ലണ്ട് 200 റണ്‍സിലെത്തിയത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഇത് റെക്കോഡാണ്.
Content Highlights: England Script History t20 cricket southbound africa








English (US) ·