125 പന്തിൽ 121 റൺസ്, 50–ാം സെഞ്ചറി, ഹിറ്റ്മാന്റെ ഹീറോയിസം ‘തുടരും’; സിഡ്നിയിൽ കോലിക്ക് കിട്ടി ലൈഫ് ലൈൻ!

2 months ago 4

മനോരമ ലേഖകൻ

Published: October 25, 2025 07:20 PM IST

2 minute Read

 X@BCCI
കോലിയും രോഹിതും ബാറ്റിങ്ങിനിടെ. Photo: X@BCCI

പെർത്തിൽ ഒന്ന് അടിപതറിയപ്പോൾ കളി നിര്‍ത്താൻ നേരമായെന്ന് ഉപദേശിച്ച മുൻ ക്രിക്കറ്റർമാരും സിലക്ടർമാരും കാണുക. പരമ്പര ഓസ്ട്രേലിയ വിജയിച്ചിട്ടും പരമ്പരയിലെ താരമായത് ഒരു 38 വയസ്സുകാരന്‍ ഇന്ത്യൻ താരമാണ്. ഇന്ത്യയും ഓസ്ട്രേലിയയും ഭാവിയിലേക്കുള്ള താരങ്ങളെ വാർത്തെടുക്കാന്‍ നടത്തിയ പരമ്പരയിലെ അവസാന കളിയിൽ തകർപ്പൻ സെഞ്ചറിയും നേടി, കളിയിലെ താരവുമായി വിമർശകരുടെ വായടപ്പിച്ച് രോഹിത് ഗുരുനാഥ് ശർമ. 2027 ലെ ഏകദിന ലോകകപ്പ് കളിക്കണമെന്നത് അതിമോഹമാണെന്നു വിമർശിച്ചവർക്ക് ഇനി കുറച്ചുനാൾ വിശ്രമിക്കാം. ക്യാപ്റ്റൻസിയില്ലെങ്കിലും ടീം ഇന്ത്യയെ ബാറ്റുകൊണ്ടു നയിക്കാൻ കുറച്ചു മത്സരങ്ങളിൽ കൂടി രോഹിത് ശർമ ഇവിടെയുണ്ടാകും. ടെസ്റ്റിലും ട്വന്റി20യിലും അവസാനിച്ച രോഹിത് മാജിക് ഏകദിന ക്രിക്കറ്റിൽ ആരാധകർക്കു വിരുന്നാകും.

‘‘ഞാൻ ഇന്ത്യൻ ടീമിലെത്തിയപ്പോള്‍ സീനിയേഴ്സ് എങ്ങനെയാണ് എന്നെ സഹായിച്ചതെന്നു നന്നായി അറിയാം. ഇനി അതാണു ഞങ്ങളുടെ ജോലി. ഓസ്ട്രേലിയയിൽ കളിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പക്ഷേ ഓസ്ട്രേലിയയിൽ കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. ഇനി ഇവിടെ ഇറങ്ങാന്‍ സാധിക്കുമോയെന്ന് ഉറപ്പില്ല.’’– മത്സര ശേഷം രോഹിത് പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ ഏകദിന ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്ട്രേലിയൻ പര്യടനത്തോടെ ഇരുവരും പൂർണമായും കരിയർ അവസാനിപ്പിക്കുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. എന്നാൽ അടുത്ത ഏകദിന ലോകകപ്പ് കൂടി രണ്ടു താരങ്ങളുടേയും മനസ്സിലുണ്ടെന്ന വിവരം വൈകാതെ പുറത്തുവന്നു. ആ സാധ്യതകളിലേക്കുള്ള പരീക്ഷണ ശാലയായിരുന്നു ഓസീസ് പര്യടനം.

cricket

രോഹിത് ശർമയുടെ ബാറ്റിങ്. Photo: X@BCCI

പെർത്തിൽ വീണു, പിന്നെ കണ്ടത് ഹിറ്റ്മാന്‍ ഹീറോയിസം

ഒരു തട്ടുപൊളിപ്പൻ മാസ് സിനിമ പോലെയായിരുന്നു രോഹിത് ശർമയുടെ ഓസ്ട്രേലിയൻ ഇന്നിങ്സുകൾ. ആദ്യം നായകൻ ഒന്നു പതറും, പിന്നെ ഒന്നൊന്നര തിരിച്ചുവരവ്. അതാണ് ഓസ്ട്രേലിയയിലും കണ്ടത്. ഇന്ത്യയുടെ ഭാവി ശുഭ്മൻ ഗിൽ ഒരു ഭാഗത്ത് ബുദ്ധിമുട്ടുമ്പോഴായിരുന്നു പഴയ ക്യാപ്റ്റന്റെ ഹീറോയിസമെന്നതും മറക്കരുത്. പെർത്തിൽ ഓപ്പണറായി ഇറങ്ങി 14 പന്തിൽ എട്ട് റൺസ് മാത്രമെടുത്തു രോഹിത് പുറത്തായി. മത്സരത്തിന്റെ നാലാം ഓവറിൽ ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ സെക്കൻഡ് സ്ലിപ്പിലേക്ക് എഡ്ജായി ക്യാച്ചിൽ മടക്കം. അഡ്‍ലെയ്ഡിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും രോഹിത് ഗംഭീരമായൊരു തിരിച്ചുവരവ് നടത്തി. 97 പന്തുകളിൽ 73 റൺസ് അടിച്ചെടുത്ത രോഹിത്, രണ്ടു സിക്സുകളും ഏഴു ഫോറുകളും ബൗണ്ടറി കടത്തി. ആദ്യ 30 ഓവറുകൾ ബാറ്റു ചെയ്ത രോഹിത് ഫിറ്റ്നസിനെക്കുറിച്ചുള്ള സംശയങ്ങൾ കൂടിയാണു തീർത്തുകൊടുത്തത്.

സിഡ്നിയിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. രണ്ടു കളികളും തോറ്റ് ഇന്ത്യയ്ക്കു പരമ്പര നഷ്ടമായി. സിഡ്നിയിൽ‍ ജയിച്ചാൽ വൈറ്റ് വാഷ് തോൽവി ഒഴിവാക്കാമെന്നതു മാത്രമായിരുന്നു ഇന്ത്യയുടെ ആശ്വാസം. ഗിൽ വലിയ ഇന്നിങ്സ് കളിക്കാതെ പോയപ്പോൾ ആ ദൗത്യം രോഹിത്– കോലി സഖ്യത്തിൽ തന്നെ വന്നു ചേർന്നു. 125 പന്തുകളിൽ 13 ഫോറുകളും മൂന്നു സിക്സുകളും ഉൾപ്പെടുന്നൊരു ഗംഭീര ഇന്നിങ്സ്. 121 റൺസടിച്ച് രോഹിത് അപരാജിത കുതിപ്പ് നടത്തിയപ്പോൾ സിഡ്നിയിൽ ആതിഥേയർക്കു മറുപടിയുണ്ടായില്ല. രാജ്യാന്തര കരിയറിൽ താരത്തിന്റെ 50–ാം സെഞ്ചറിയാണിത്. ഒടുക്കം കളിയിലെ താരവും പരമ്പരയിലെ താരവുമായി രോഹിത് ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ ഒന്നുറപ്പിക്കാം– കുറച്ചുനാൾ കൂടി അയാൾ ഇതു തുടരും.

ഇതാ കിങ് കോലി

രോഹിതിനെക്കാൾ ‘ഗുരുതരാവസ്ഥയിലായിരുന്നു’ കോലിയുടെ കരിയർ. പെർത്തിലും അ‍‍ഡ്‍ലെയ്ഡിലും റണ്ണൊന്നുമെടുക്കാതെ മടങ്ങിയ താരം സിഡ്നിയിലും നിരാശപ്പെടുത്തിയിരുന്നെങ്കില്‍ കഥ മറ്റൊന്നാകുമായിരുന്നു. രണ്ടാം മത്സരത്തിൽ പുറത്തായി മടങ്ങുമ്പോൾ ആരാധകരെ അഭിവാദ്യം ചെയ്ത കോലി, വിരമിക്കൽ  സൂചനയാണു നൽകിയതെന്നുവരെ വ്യാഖ്യാനമുണ്ടായി. എന്നാൽ വീണ്ടുമൊരു തകർപ്പൻ ഇന്നിങ്സിലൂടെ കരിയറിലെ ‘ലൈഫ്‌ ലൈൻ’ നീട്ടിയെടുക്കുകയാണു കോലി ചെയ്തത്. 81 പന്തുകൾ നേരിട്ട കോലി 74 റൺസെടുത്തു പുറത്താകാതെനിന്നു. നേഥൻ എലിസ് എറിഞ്ഞ 39–ാം ഓവറിലെ മൂന്നാം പന്ത് ഡീപ് തേർഡിലേക്ക് ബൗണ്ടറി കടത്തി ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത് കോലിയാണ്. ഏകദിനത്തിൽ കൂടുതൽ റൺസെന്ന നേട്ടത്തിൽ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ പിന്നിലാക്കി രണ്ടാമതെത്താനും കോലിക്കു സാധിച്ചു. സംഗക്കാരയ്ക്ക് 14,234 ഏകദിന റൺസുള്ളപ്പോൾ, കോലിക്ക് 14,255 റൺസായി. കോലിക്കു മുന്നില്‍ ഒന്നാമതുള്ളത് സാക്ഷാല്‍ സച്ചിൻ തെൻഡുൽക്കർ മാത്രം.

cricket-4

വിരാട് കോലി. Photo: X@BCCI

ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. നവംബർ 30ന് തുടങ്ങുന്ന ഈ പരമ്പരയിലും സീനിയേഴ്സ് രണ്ടു പേരും ടീം ഇന്ത്യയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. അടുത്ത ലോകകപ്പ് വരെ തുടർന്നാലും ഇനിയുള്ള ഓരോ ഇന്നിങ്സുകളിലും കോലിയുടേയും രോഹിതിന്റെയും പ്രകടനങ്ങൾ സൂക്ഷ്മമായി തന്നെ ക്രിക്കറ്റ് ലോകം വിലയിരുത്തും. വെറ്ററൻ താരങ്ങൾക്ക് ഓരോ ഇന്നിങ്സുകളും പരീക്ഷണമാകും.

cricket-3

വിരാട് കോലി ബാറ്റിങ്ങിന് ഇറങ്ങുന്നു. Photo: X@BCCI

English Summary:

India wins against Australia successful ODI match: Rohit Sharma's caller show is simply a testament to his enduring talent. Despite criticisms, Sharma proved his mettle with a period against Australia, silencing doubters and suggesting helium has much to connection Team India. Virat Kohli's important innings besides secured India's victory.

Read Entire Article