
മേജർ രവി, ശ്വേതാ മേനോൻ, സാന്ദ്രാ തോമസ് | Photos: Facebook
നടി ശ്വേതാ മേനോനും നിര്‍മാതാവ് സാന്ദ്രാ തോമസിനും പിന്തുണ പ്രഖ്യാപിച്ച് സംവിധായകന്‍ മേജര്‍ രവി. ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നാണ് മേജര്‍ രവി ഇരുവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്. താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെതിരെ വിചിത്രമായ ആരോപണങ്ങള്‍ ഉന്നയിച്ച് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അതുപോലെ നിര്‍മാതാക്കളുടെ സംഘടനയുടെ തലപ്പത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക തള്ളുകയും ചെയ്തിരുന്നു. ഈ വിഷയങ്ങളിലാണ് രണ്ട് വനിതകള്‍ക്കും മേജര്‍ രവി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് എന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് നിങ്ങള്‍ പേടിക്കുന്നത് എന്ന് ശ്വേതയ്ക്കും സാന്ദ്രയ്ക്കും എതിരേ നില്‍ക്കുന്നവരോടായി മേജര്‍ രവി ചോദിച്ചു.
'ശ്വേതയ്‌ക്കെതിരായ പരാതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടപ്പോള്‍ ആദ്യം ഞാന്‍ തമാശയായാണ് എടുത്തത്. രാവിലെ ഞാന്‍ ശ്വേതയെ വിളിച്ചിരുന്നു. ഞാന്‍ ചിരിച്ചുകൊണ്ടാണ് ഇതേക്കുറിച്ച് ചോദിച്ചത്. എന്നാല്‍ അവള്‍ അക്ഷരാര്‍ഥത്തില്‍ കരയുകയായിരുന്നു. ആ കരച്ചില് കേട്ടപ്പോഴാണ് ഇത് എത്രത്തോളം ഗൗരവമുള്ളതാണെന്ന് ഞാനറിയുന്നത്. 'രവിയേട്ടാ, എനിക്ക് 13 വയസുള്ളൊരു പെണ്‍കുട്ടിയുണ്ട്, ഈ പറയുന്നവര്‍ ആരെങ്കിലും അതേക്കുറിച്ച് എന്തെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നെ പോക്‌സോ കേസിലാണ് കുടുക്കാന്‍ നോക്കുന്നത്' എന്നാണ് ശ്വേത എന്നോട് പറഞ്ഞത്.' -മേജര്‍ രവി പറഞ്ഞു.
'ശ്വേതയ്ക്ക് ശക്തമായൊരു പശ്ചാത്തലമുണ്ട്. അതുകൊണ്ട് ഇനിയെങ്കിലും ഇതുപോലുള്ള കൂലിപ്പട്ടാളങ്ങള്‍ കേസ് കൊടുക്കാന്‍ പോകുന്നതിന് മുമ്പായി പത്ത് പ്രാവശ്യം ചിന്തിക്കണം. ഞങ്ങളെ പോലുള്ള ആളുകള്‍ വന്ന് ചോദിക്കുന്ന ചോദ്യത്തിന് നിങ്ങള്‍ക്ക് ഉത്തരമുണ്ടാകില്ല. ഒരു കലാകാരി എന്ന നിലയില്‍ ശ്വേത ഇവിടെ ചെയ്തത് മുഴുവന്‍ സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമകളാണ്. അല്ലാതെ ബ്ലൂ ഫിലിംസ് അല്ല. പത്ത് വര്‍ഷത്തിന് മുമ്പുള്ള സിനിമ ഇപ്പൊ പൊക്കിയെടുത്ത് വരണമെങ്കില്‍ അതിനര്‍ഥം വ്യക്തിപരമായ പകവീട്ടലാണ് നടക്കുന്നതെന്നാണ്.' -മേജര്‍ രവി തുടര്‍ന്നു.
'ഗര്‍ഭമാണ് അല്ലെങ്കില്‍ പ്രസവമാണ്, ഇത് വീഡിയോഗ്രാഫി ചെയ്തു എന്ന് പറഞ്ഞാല്‍... ഇവിടെ യൂട്യൂബ് തുറന്നാല്‍, കുറേ ആളുകള്‍ അതൊക്കെ ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ അവര്‍ പ്രശസ്തരായിട്ടുണ്ട്. അതൊന്നും നിങ്ങള്‍ക്ക് പ്രശ്‌നമില്ല എന്ന് പറയുമ്പോള്‍ തന്നെ നിങ്ങള്‍ ആ സ്ത്രീയെ ലക്ഷ്യമിടുകയായിരുന്നു എന്ന് വ്യക്തമാണ്, അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് അവര്‍ മത്സരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് എന്ന് കേട്ടാല്‍ എന്താണ് ഇത്ര വലിയ പ്രശ്‌നം? ഇലക്ഷനെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് വിറച്ചില്‍ തുടങ്ങും. നിങ്ങള്‍ക്ക് ഈ സ്ഥാനത്ത് ഇങ്ങനെ ഇരിക്കണം, അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുക, എന്നിട്ടിങ്ങനെ പൊയ്‌ക്കൊണ്ടിരിക്കുക, അതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവന്‍ പുറത്ത്, അല്ലെങ്കില്‍ ആ സ്ത്രീ പുറത്ത്. പക്ഷേ അത് ശ്വേതയുടെ കാര്യത്തില്‍ നടക്കില്ല. കാരണം, പൊതുസമൂഹം അവര്‍ക്കൊപ്പമാണ്.'
'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ ഇന്നലെ കണ്ടു, സാന്ദ്രാ തോമസുമായി വഴക്ക്. സാന്ദ്രയും ചോദിച്ചത് ഇതുതന്നെയല്ലേ? നിങ്ങളീ ഇലക്ഷന്‍ വെക്കുന്നു എന്ന് പറയുന്ന സമയത്ത് എന്തിനാണ് പേടിക്കുന്നത്? ആഢ്യത്തത്തില്‍ അവിടെ കയറിയിരിക്കുന്നത് ആരാണെങ്കിലും ശരി, നിങ്ങള്‍ ആ കസേര ഉപേക്ഷിച്ച് ഇറങ്ങിപ്പോകേണ്ട സമയമാണ് ഇത്. നെപ്പോട്ടിസമാണ്, അവിടെ ഞാനിരിക്കും, എന്റെ മകനിരിക്കും, മരുമകനിരിക്കും എന്നെല്ലാം നിങ്ങള്‍ പറയുമ്പോള്‍ ഇതുപോലൊരു സ്ത്രീ വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ക്കതിന് ഉത്തരം പറഞ്ഞേ പറ്റൂ. അതിനാല്‍ ഏത് അസോസിയേഷനായാലും സ്വയം പരിഹാസ്യരാകരുത്. നിങ്ങള്‍ നിങ്ങളെ തന്നെ ചെറുതാക്കി കാണിക്കരുത്.' -മേജര്‍ രവി പറഞ്ഞു.
Content Highlights: Director Major Ravi expresses enactment to histrion Shwetha Menon and shaper Sandra Thomas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·