‘1340 പന്തു വാങ്ങാൻ ചെലവ് 1.03 കോടി രൂപ’: അറസ്റ്റിലായ ഹൈദരാബാദ് ക്രിക്കറ്റ് ഭാരവാഹികൾക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 11 , 2025 03:54 PM IST Updated: July 11, 2025 04:50 PM IST

1 minute Read

 X/@JaganMohanRaoA)
സാമ്പത്തിക തട്ടിപ്പു കേസിൽ തെലങ്കാന സിഐഡി അറസ്റ്റ് ചെയ്ത ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജഗൻ മോഹൻ റാവു ഇന്ത്യൻ ട്വന്റി20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണി എന്നിവർക്കൊപ്പം (Photo: X/@JaganMohanRaoA)

ഹൈദരാബാദ്∙ തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്സിഎ) ഭാരവാഹികൾക്കെതിരെ നിലവിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത് 2.32 കോടിയോളം രൂപയുടെ ഫണ്ട് തട്ടിപ്പ് കേസ്. കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണിലേക്ക് ബിസിസിഐ ചട്ടപ്രകാരം 1340 പന്തു വാങ്ങിയ വകയിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ വകയിരുത്തിയിരിക്കുന്നത് ഒരു കോടിയിലധികം രൂപയാണ്. കൃത്യമായി പറഞ്ഞാൽ 1.03 കോടി രൂപ!

‌ഇത് ഉൾപ്പെടെ ആറു തരത്തിൽ ഇവർ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അസോസിയേഷനുമായി ബന്ധപ്പെട്ട് കേറ്ററിങ് സർവീസിന് അനുമതി നൽകിയതു മുതൽ ഇലക്ട്രിക് ഉപകരണങ്ങൾ വാങ്ങിയതിൽ വരെ സമൂലം അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ.

ഒരു കോടിയിലധികം രൂപ ചെലവഴിച്ച് 1340 പന്തുകൾ വാങ്ങിയതിനു പുറമേ, 11.85 ലക്ഷം രൂപയ്ക്ക് എസി വാങ്ങിയെന്ന് രേഖപ്പെടുത്തിയും തട്ടിപ്പു നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഇലക്ട്രിക് ഉപകരണങ്ങൾക്കായി 6.85 ലക്ഷം രൂപ, പ്ലംബിങ് ഉപകരണങ്ങൾക്കായി 21.7 ലക്ഷം രൂപ എന്നിങ്ങനെ രേഖപ്പെടുത്തിയതെല്ലാം തട്ടിപ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഐപിഎലിനുള്ള മുന്നൊരുക്കമെന്ന നിലയിൽ വാങ്ങിയ ഇലക്ട്രിക് ഉപകരണങ്ങൾക്കായാണ് 6.85 ലക്ഷം രൂപ കാണിച്ചിട്ടുള്ളത്.

സ്വകാര്യ വ്യക്തിക്ക് കേറ്ററിങ് സർവീസിന് കരാർ നൽകിയ വകയിൽ വകയിരുത്തിയ 31.07 ലക്ഷം രൂപയും തട്ടിപ്പാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആഭ്യന്തര സീസണിലേക്ക് ജഴ്സി ഉൾപ്പെടെ വാങ്ങിയ വകയിൽ 56.84 ലക്ഷം രൂപയും എഴുതിയെടുത്തിട്ടുണ്ട്.  

സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ.ജഗൻ മോഹൻ റാവു, ട്രഷറർ സി.ശ്രീനിവാസ റാവു, സിഇഒ സുനിൽ കാന്റെ എന്നിവരും മറ്റു രണ്ടു പേരുമാണ് അറസ്റ്റിലായത്. തെലങ്കാന ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് (സിഐഡി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമും തെലങ്കാന ക്രിക്കറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ധരം ഗുരുവ റെഡ്ഡിയും ഇവർക്കെതിരെ പരാതി നൽകിയിരുന്നു.

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ഇത് X/@JaganMohanRaoA എന്ന സമൂഹമാധ്യമ പേജിൽനിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

1,340 cricket balls for Rs 1 crore: The allegations down apprehension of HCA president and members

Read Entire Article