Published: January 23, 2026 10:19 AM IST
1 minute Read
റായ്പുർ ∙ ഓപ്പണിങ്ങിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ സഞ്ജു സാംസൺ, ടീമിലേക്കുള്ള തിരിച്ചുവരവിൽ രണ്ടക്കം കാണാതെ മടങ്ങിയ ഇഷാൻ കിഷൻ... അർധ സെഞ്ചറികളില്ലാതെ തുടർച്ചയായി 23 ഇന്നിങ്സുകൾ പിന്നിട്ട് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്നു നടക്കുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയിൽ പലർക്കും ഇത് സെക്കൻഡ് ചാൻസ് കൂടിയാണ്.
ട്വന്റി20 ലോകകപ്പിനു 2 ആഴ്ച മാത്രം ബാക്കിനിൽക്കെ ആരാധകരുടെ വിശ്വാസവും പ്ലേയിങ് ഇലവനിൽ സ്ഥാനവും ഉറപ്പിക്കാനുള്ള നിർണായക പോരാട്ടം. റായ്പുരിൽ വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. ബുധനാഴ്ച നാഗ്പുരിൽ നടന്ന ആദ്യ ട്വന്റി20യിലെ 48 റൺസ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. അഭിഷേക് ശർമയുടെ വിസ്മയിപ്പിക്കുന്ന ഫോമിലാണ് ടീമിന്റെ വലിയ പ്രതീക്ഷ.
ഓപ്പണിങ്ങിൽ അഭിഷേകിനൊപ്പം സഞ്ജുവും കൂടി ഫോമിലേക്കുയർന്നാൽ ഇന്ത്യയ്ക്ക് ഇരട്ടി ആവേശത്തോടെ ലോകകപ്പിനൊരുങ്ങാം. ശ്രേയസ് അയ്യർക്കു പകരം നാഗ്പുരിൽ പ്ലേയിങ് ഇലവനിൽ ഇടംനേടിയ ഇഷാൻ കിഷനെ ഇന്ത്യ ഇന്നും മൂന്നാം നമ്പറിൽ ഇറക്കും. എന്നാൽ, ഇന്ത്യൻ ബോളർമാരുടെ പ്രകടനം ആശാവഹമായിരുന്നില്ല.
ഒരു റണ്ണിനിടെ 2 കിവീസ് വിക്കറ്റുകൾ വീഴ്ത്തി തുടങ്ങിയ ബോളിങ് നിരയ്ക്കു പിന്നീടു മൂർച്ച നഷ്ടമായി. ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും അക്ഷർ പട്ടേലുമെല്ലാം കൂടുതൽ റൺസ് വഴങ്ങിയപ്പോൾ 4 ഓവറിൽ 31 റൺസ് മാത്രം വഴങ്ങിയ അർഷ്‍ദീപ് സിങ്ങിന്റേതായിരുന്നു മികച്ച പ്രകടനം.
English Summary:








English (US) ·