അസമിലെ ദെമാജിയിൽനിന്ന് തോമസ് ജേക്കബ്
Published: January 23, 2026 09:55 AM IST
2 minute Read
ദെമാജി (അസം) ∙ കേരളത്തിനു സന്തോഷ് ട്രോഫിയിലെ 3 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കേണ്ട സിലാപത്തർ സ്റ്റേഡിയത്തിന്റെ നിലവാരമില്ലായ്മ ആശങ്കയാകുന്നു. ഇന്നലെ നടന്ന കേരളം– പഞ്ചാബ് മത്സരത്തിൽ ഇരുടീമുകളിലെയും താരങ്ങൾ ഒട്ടേറെത്തവണയാണ് ഉറപ്പില്ലാത്ത മൈതാനത്തു വഴുതി വീണത്. ആദ്യപകുതിക്കു ശേഷം മൈതാനത്തു രൂപപ്പെട്ട കുഴികൾ, ചവിട്ടിയും മണ്ണിട്ടും നികത്തുന്നവരെയും ഇന്നലെ കണ്ടു.സാഹചര്യങ്ങളോട് ഇണങ്ങി കളിക്കണമെന്നാണ് പരിശീലകർ താരങ്ങൾക്കു നൽകിയിട്ടുള്ള ഉപദേശം. അപ്പോഴും നിലവാരമില്ലാത്ത മൈതാനം പരുക്ക് പറ്റാനുള്ള സാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ബാക്കിയാണ്. മത്സരശേഷം ടീം താമസിക്കുന്ന ഹോട്ടലിലേക്ക് ഏറെദൂരം യാത്ര ചെയ്യേണ്ടി വരുന്നതും പരുക്കിനുള്ള സാധ്യത വർധിപ്പിക്കും.
കേരളത്തിന് വിജയത്തുടക്കം
സിലാപത്തർ മൈതാനത്തെ പുൽനാമ്പുകളിൽ പറ്റിപ്പിടിച്ചിരുന്ന മഞ്ഞുകണങ്ങൾ ഉണങ്ങാനും മൈതാനത്തിനു തീപിടിക്കാനും ഇന്നലെ അൽപം താമസിച്ചു. ശേഷം കണ്ടത് ആ തീ, കാലിലും നെഞ്ചിലും ആവാഹിച്ച് കൈവിട്ട് പോയ കളി തിരിച്ചുപിടിച്ച കേരളത്തെയും തിരിച്ചടിയുടെ ചൂടിൽ വെന്തുരുകിയ പഞ്ചാബിനെയും.!
ആദ്യ പകുതിയിൽ ഒരു ഗോളിനു പിന്നിൽ നിന്നശേഷം രണ്ടാം പകുതിയിൽ 3 ഗോളുകൾ തിരിച്ചടിച്ച്, സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ ആദ്യകളിയിൽ പഞ്ചാബിനെതിരെ കേരളത്തിന് 3–1 വിജയം. കേരളത്തിനായി മുഹമ്മദ് അജ്സലും (2 ഗോൾ) എം.മനോജും സ്കോർ ചെയ്തു. ജതീന്ദർ സിങ് റാണയുടേതായിരുന്നു പഞ്ചാബിന്റെ ഗോൾ. നാളെ 2–ാം മത്സരത്തിൽ കേരളം റെയിൽവേസിനെ നേരിടും.
തണുത്ത പകുതി
ഇന്നലെ രാവിലെ പതിവിൽ കവിഞ്ഞ തണുപ്പും കോടമഞ്ഞുമായിരുന്നു സിലാപത്തറിൽ. വയനാട്ടിൽ കേരള ടീം നടത്തിയ പ്രത്യേക പരിശീലനത്തിന് ഫലം മൈതാനത്തു തെളിയേണ്ട സാഹചര്യം. എന്നാൽ, മെല്ലെമെല്ലെ അരിച്ചിറങ്ങുന്ന തണുപ്പിൽ കേരള താരങ്ങൾ കളി മറക്കുന്നതാണ് ആദ്യ പകുതി കണ്ടത്. ലോങ് ബോൾ പാസുകളിലൂടെ പഞ്ചാബ് താരങ്ങൾ കളം പിടിച്ചു. കൃത്യതയില്ലാത്ത പാസുകളും ഒത്തിണക്കമില്ലായ്മയും കേരളത്തിന്റെ കളിയിൽ വ്യക്തം. പരിശീലകൻ ഷെഫീഖ് ഹസന്റെ തന്ത്രങ്ങൾ മൈതാനത്ത് നടപ്പാക്കുന്നതിൽ ടീം പരാജയപ്പെടുന്നതായി തോന്നിയ നിമിഷങ്ങൾ. ഇതിനിടെ കേരളത്തെ ഞെട്ടിച്ച പഞ്ചാബ് 27–ാം മിനിറ്റിൽ ജതീന്ദർ സിങ് റാണയിലൂടെ മുന്നിലെത്തി. 26–ാം മിനിറ്റിൽ കേരളത്തിന്റെ ബോക്സിലേക്കു വന്ന ലോങ് ബോളിന്റെ തുടർച്ചയായിരുന്നു ആ ഗോൾ. പഞ്ചാബ് മുന്നേറ്റത്തെ തടയുന്നതിനിടെ കേരളത്തിന്റെ പ്രതിരോധതാരം ബിബിൻ അജയനു നില തെറ്റി. പന്ത് പിടിച്ചെടുത്ത പഞ്ചാബ് താരം ഹർമൻപ്രീത് സിങ് ബോക്സിലേക്ക് ഓടി വന്ന ജതീന്ദർ സിങ്ങിനു നൽകി. ജതീന്ദറിന്റെ ഹെഡർ വലയിൽ (1–0). ഗോൾ മടക്കാൻ കേരളം ശ്രമിച്ചെങ്കിലും പഞ്ചാബ് പ്രതിരോധം ഉറച്ചുനിന്നു. ഇതിനിടെ 36–ാം മിനിറ്റിൽ സന്ദീപ് നീട്ടി നൽകിയ മനോഹരമായ പാസ് അജ്സൽ പിടിച്ചെടുത്തെങ്കിലും ഗോൾ നേടാനായില്ല.
ചൂടൻ പകുതി
രണ്ടാം പകുതി തുടങ്ങിയപ്പോഴേക്കും മൈതാനത്തും ഗാലറിയിലും ചൂടെത്തിത്തുടങ്ങിയിരുന്നു. തിരിച്ചുവരവു നിശ്ചയിച്ചുറപ്പിച്ച കേരളം നിർണാകമായ രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം പകുതിക്ക് എത്തിയത്. ഇടതുവിങ്ങിൽ മുഹമ്മദ് ആഷിഖിനു പകരം ടി.ഷിജിനും വലതു വിങ്ങിൽ മുഹമ്മദ് റിയാസിനു പകരം മുഹമ്മദ് സിനാനും ഇറങ്ങി.
ഇരുവിങ്ങുകളിലൂടെയും കേരളം ആക്രമണം കടുപ്പിച്ചു. തീരുമാനിച്ചുറപ്പിച്ച ആ തിരിച്ചുവരവ് തുടങ്ങിയത് 55–ാം മിനിറ്റിൽ. സന്ദീപ് എടുത്ത കോർണർ കിക്കിന് എം.മനോജ് തലവച്ചു, പന്ത് വലയിൽ (1–1). ഷിജിന്റെ പന്തടക്കവും സിനാന്റെ വേഗതയും കേരളത്തെ തുടർച്ചയായി പഞ്ചാബിന്റെ ബോക്സിലേക്ക് ഇരമ്പിയെത്തിച്ചു. ഒന്നു ശ്വാസം വിടാൻ പോലും പഞ്ചാബിനു സമയം കൊടുക്കാത്ത കേരളം 57–ാം മിനിറ്റിൽ അടുത്ത ഗോളടിച്ചു. വലതു വിങ്ങിലൂടെ പന്തുമായി ഓടിക്കയറിയ സിനാൻ പഞ്ചാബ് ഡിഫൻഡറെ മറികടന്നു മുന്നേറി. സിനാൻ നൽകിയ പാസ് പിടിച്ചെടുത്ത മുഹമ്മദ് അജ്സലിന്റെ ഇടംകാൽ ഷോട്ട്. ഗോൾ! (2–1).
62–ാം മിനിറ്റിൽ ടി.ഷിജിന്റെ ഷോട്ട് പഞ്ചാബ് ഗോളി തടുത്തു. റീബൗണ്ട് പിടിച്ചെടുത്ത അജ്സൽ പന്തു വലയിലെത്തിച്ചു (3–1) ഇതിനിടെ പരുക്ക് പേടിച്ച് അജ്സലിനെയും ആസിഫിനെയും കേരളം പിൻവലിച്ചു. 80–ാം മിനിറ്റിൽ പഞ്ചാബിന്റെ 17–ാം നമ്പർ താരം ഹർജിത്തിന്റെ ശ്രമം കേരളത്തിന്റെ ഗോളി അൽക്കേഷ് രാജ് തടഞ്ഞതോടെ പിന്നെയെല്ലാം ചടങ്ങ് മാത്രമായി.
English Summary:








English (US) ·