
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് എ. ജഗൻ മോഹൻ റാവു | Photo: x.com/KOTHGaming
ഹൈദരാബാദ്: ഗുരുതര സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ തെലങ്കാന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് (സിഐഡി) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) ഭാരവാഹികള്‍ക്കെതിരേ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച്‌സിഎ) പ്രസിഡന്റ് എ. ജഗന്‍ മോഹന്‍ റാവു അസോസിയേഷന്‍ ട്രഷറര്‍ സി.ജെ ശ്രീനിവാസ് റാവുവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുനില്‍ കാന്റെയുമായി ചേര്‍ന്ന് നടത്തിയത് കോടികളുടെ തട്ടിപ്പാണെന്ന് സിഐഡി വ്യക്തമാക്കി.
ക്രിക്കറ്റ് ബോളുകള്‍, എയര്‍ കണ്ടീഷണറുകള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, പ്ലംബ്ബിങ് ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളാണ് സിഐഡി കണ്ടെത്തിയിരിക്കുന്നത്. 2.32 കോടിയോളം രൂപയുടെ ഫണ്ട് തട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ആഭ്യന്തര സീസണില്‍ 1340 ക്രിക്കറ്റ് പന്തുകള്‍ വാങ്ങിയ വകയില്‍ അസോസിയേഷന്‍ വകയിരുത്തിയത് 1.03 കോടി രൂപയാണ്. ഇത്തരത്തില്‍ കാറ്ററിങ് സര്‍വീസിന് അനുമതി നല്‍കിയതു മുതല്‍ ഇലക്ട്രിക്, പ്ലംബ്ബിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വരെ ഗുരുതര ക്രമക്കേടുകളാണ് സിഐഡി കണ്ടെത്തിയിരിക്കുന്നത്.
തെലങ്കാന ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡി. ഗുരുവ റെഡ്ഡി 2025 ജൂണ്‍ ഒമ്പതിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിഐഡി കേസെടുത്തത്. ടെന്‍ഡര്‍ നടപടികളുടെ ലംഘനവും സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. എയര്‍ കണ്ടീഷണറുകള്‍ വാങ്ങാന്‍ 11.85 ലക്ഷമാണ് ഉപയോഗിച്ചിരിക്കുന്നത്.
ഐപിഎല്‍ 2023-24, 2024-25 സീസണുകളില്‍ പ്ലംബ്ബിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ 21.7 ലക്ഷം രൂപയുടെ അഴിമതി നടന്നതായും, ഐപിഎല്‍ 2024-25 സീസണില്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ 6.85 ലക്ഷം രൂപയുടെ അഴിമതി നടന്നതായും എഫ്‌ഐആറിലുണ്ട്. കഴിഞ്ഞ ആഭ്യന്തര സീസണില്‍ സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നു. കാറ്ററിങ് സര്‍വീസിന് അനുമതി നല്‍കിയ വകയില്‍ സ്വകാര്യ വ്യക്തിക്ക് 31.07 ലക്ഷം രൂപയ്ക്ക് അനുവദിച്ചുവെന്നും 56.84 ലക്ഷം രൂപ ദുരുപയോഗം ചെയ്തെന്നും എഫ്‌ഐആറില്‍ പറയുന്നു.
Content Highlights: Hyderabad Cricket Association officials arrested for a ₹2.32 crore scam involving inflated prices








English (US) ·