മെൽബൺ∙ പരമ്പര തോൽവിയുടെ നാണക്കേടും ആഷസ് ട്രോഫി തുടർച്ചയായി കൈവിട്ടുപോകുന്നതിന്റെ മാനക്കേടും പേറി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തിയ ഇംഗ്ലിഷ് ക്രിക്കറ്റ് ടീമും ആരാധകരും ഇന്നലെ തലയുയർത്തി, നിറഞ്ഞ കണ്ണും വിരിഞ്ഞ ചുണ്ടുമായാണ് മടങ്ങിയത്. 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, വിജയ വരൾച്ച അനുഭവിച്ച 18 മത്സരങ്ങൾക്കു ശേഷം ഓസ്ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് ജയിച്ചിരിക്കുന്നു! ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ 4 വിക്കറ്റിനാണ് ബെൻ സ്റ്റോക്സും സംഘവും ഓസീസിനെ മലർത്തിയടിച്ചത്.
ഒന്നര ദിവസം മാത്രം ദൈർഘ്യമുണ്ടായിരുന്ന നാലാം ടെസ്റ്റിൽ, രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ ഉയർത്തിയ 175 റൺസ് ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. സ്കോർ: ഓസ്ട്രേലിയ 152, 132. ഇംഗ്ലണ്ട് 110, 6ന് 178.
രണ്ട് ഇന്നിങ്സുകളിലുമായി 7 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് പേസർ ജോഷ് ടങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്. ആദ്യ 3 മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു. 4ന് സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം.
ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കുറവു പന്തുകളിൽ 3000 റൺസ് തികയ്ക്കുന്ന താരമായി ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക്. 3468 പന്തുകളിലാണ് ബ്രൂക്ക് ഈ നേട്ടം സ്വന്തമാക്കിയത്.
ഇംഗ്ലിഷ് പോരാട്ടംഎല്ലാം നഷ്ടപ്പെട്ടവന്റെ ‘ധൈര്യവുമായാണ്’ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലിഷ് താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന സ്കോറിൽ, 46 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് എത്തിയ ഓസ്ട്രേലിയയെ എത്രയും വേഗം ഓൾഔട്ട് ആക്കുക എന്നതു മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം. പിച്ചിലെ ആനുകൂല്യം മുതലെടുത്ത ഇംഗ്ലണ്ട് പേസർമാർ ബൗൺസറുകളും സ്വിങ് വേരിയേഷനുകളുമായി കടന്നാക്രമിച്ചപ്പോൾ ഓസ്ട്രേലിയ പതറി.
നൈറ്റ് വാച്ചറായി എത്തിയ സ്കോട് ബോളണ്ടിനെ (6) പുറത്താക്കിയ ഗസ് അറ്റ്കിൻസാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ജോഷ് ടങ്ങും ബ്രൈഡൻ കാഴ്സും ബെൻ സ്റ്റോക്സും ഉൾപ്പെടെയുള്ള പേസർമാർ പെയ്തിറങ്ങിയതോടെ ഓസ്ട്രേലിയ 132ൽ ഒതുങ്ങി. 46 റൺസ് നേടിയ ട്രാവിസ് ഹെഡും 24 റൺസുമായി പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തുമാണ് ഓസീസ് സ്കോർ 100 കടക്കാൻ സഹായിച്ചത്.
175 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒന്നാം വിക്കറ്റിൽ 7 ഓവറിൽ 51 റൺസ് കൂട്ടിച്ചേർത്ത സാക് ക്രൗലി (37)– ബെൻ ഡക്കറ്റ് (34) സഖ്യം മിന്നും തുടക്കം നൽകി. ഇരുവരെയും പുറത്താക്കിയ ഓസ്ട്രേലിയ, തിരിച്ചടിക്കു ശ്രമിച്ചെങ്കിലും മധ്യനിരയിൽ ജേക്കബ് ബെഥലിന്റെ (40) പ്രതിരോധം ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചു. 6 വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർമാർ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെ എറിഞ്ഞിടുമെന്നു തോന്നിച്ചെങ്കിലും 18 റൺസുമായി പുറത്താകാതെ നിന്ന ഹാരി ബ്രൂക്ക്, ജയ്മി സ്മിത്തിനെ (3 നോട്ടൗട്ട്) കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ ചരിത്രവിജയത്തിലേക്ക് നയിച്ചു.
പിച്ചിനെതിരെ വ്യാപക പരാതിനാലാം ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ (എംസിജി) പിച്ചിനെതിരെ പരാതിയുമായി ഇംഗ്ലിഷ് താരങ്ങളും മുൻ ക്രിക്കറ്റർമാരും രംഗത്തെത്തി. ബോക്സിങ് ഡേ ടെസ്റ്റിൽ ഇത്തരമൊരു പിച്ച് പ്രതീക്ഷിച്ചിരുന്നില്ലെന്നും മത്സരം രണ്ടാം ദിവസം അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് പറഞ്ഞു.
മത്സരം തങ്ങൾ ജയിച്ചെങ്കിലും പിച്ചിന്റെ നിലവാരം നിരാശപ്പെടുത്തിയെന്നും മറ്റു രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഈ പിച്ചിനെതിരെ വ്യാപക വിമർശനം ഉയർന്നേനെ എന്നും സ്റ്റോക്സ് പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടു ദിവസത്തിൽ അവസാനിക്കുമ്പോൾ പരിഹസിക്കുന്നവർ ഇതു കണ്ടില്ലേ എന്നായിരുന്നു മുൻ ഇംഗ്ലിഷ് താരം കെവിൻ പീറ്റേഴ്സന്റെ കമന്റ്. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യമായ പിച്ചായിരുന്നില്ല മെൽബണിലേതെന്നും മത്സരം രണ്ടാം ദിവസം അവസാനിച്ചത് ആരാധകരെ നിരാശപ്പെടുത്തിയെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീൻബർഗും സമ്മതിച്ചു.
ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും സീനിയർ താരം ജോ റൂട്ടും ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് മത്സരം ജയിക്കുന്നത്. ഓസ്ട്രേലിയയിൽ റൂട്ട് പതിനെട്ടും സ്റ്റോക്സ് 13 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.
15 വർഷത്തിനിടെ ഇതാദ്യമായാണ് ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് ഒരു ടെസ്റ്റ് ജയിക്കുന്നത്. 2011 ജനുവരിയിൽ സിഡ്നിയിൽ നടന്ന ടെസ്റ്റിലാണ് ഇംഗ്ലണ്ട് അവസാനമായി ജയിച്ചത്. ഓസ്ട്രേലിയയിൽ കളിച്ച അവസാന 18 ടെസ്റ്റ് മത്സരങ്ങളിൽ 16 എണ്ണത്തിലും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. 2 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
2011നു ശേഷം നടന്ന 15 ബോക്സിങ് ഡേ ടെസ്റ്റ് മത്സരങ്ങളിൽ, ഓസ്ട്രേലിയ 3 തവണ മാത്രമേ പരാജയപ്പെട്ടിട്ടുള്ളൂ. 2018ലും 2020ലും ഇന്ത്യയോടു പരാജയപ്പെട്ടപ്പോൾ ഇത്തവണ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങി.
English Summary:








English (US) ·