14-ാം ഓവറില്‍ ഗുജറാത്തിനെ പിടിച്ചുകെട്ടിയ ബുമ്രായുധം, പ്ലേ ഓഫിലെ ‘ബഡാ ബായ്’ മുംബൈ തന്നെ; ഇനി മുന്നിലുള്ളത് പഞ്ചാബ്

7 months ago 9

ഓൺലൈൻ ഡെസ്ക്

Published: May 31 , 2025 09:33 AM IST

2 minute Read

 X@IPL
ജസ്പ്രീത് ബുമ്രയുടെ പന്തിൽ വാഷിങ്ടൻ സുന്ദർ ബോൾഡാകുന്നു. Photo: X@IPL

മുല്ലൻപുർ∙ ഐപിഎൽ പ്ലേഓഫ് മത്സരങ്ങളിലെ ‘ബഡാ ഭായ്’ തങ്ങൾ തന്നെയാണെന്ന് മുംബൈ ഇന്ത്യൻസ് ഒരിക്കൽ കൂടി തെളിയിച്ചു. എലിമിനേറ്റർ മത്സരത്തിലെ ആവേശപ്പോരാ‍ട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് മറികടന്ന മുംബൈ, രണ്ടാം ക്വാളിഫയറിൽ തങ്ങളുടെ സ്ഥാനമുറപ്പിച്ചു. നാളെ നടക്കുന്ന മത്സരത്തിൽ ഒന്നാം ക്വാളിഫയർ തോറ്റ പഞ്ചാബ് കിങ്സാണ് മുംബൈയുടെ എതിരാളി. ജയിക്കുന്ന ടീം ജൂൺ 3ന് നടക്കുന്ന ഫൈനലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. എലിമിനേറ്ററിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് നേടിയപ്പോൾ ഗുജറാത്തിന്റെ പോരാട്ടം 208 റൺസിൽ അവസാനിച്ചു. സ്കോർ: മുംബൈ 20 ഓവറിൽ 5ന് 228. ഗുജറാത്ത് 20 ഓവറിൽ 6ന് 208. അർധ സെ‍ഞ്ചറിയുമായി ടീമിന് മിന്നും തുടക്കം നൽകിയ രോഹിത് ശർമയാണ് (50 പന്തിൽ 81)  പ്ലെയർ ഓഫ് ദ് മാച്ച്. 

പൊരുതിവീണ് ഗുജറാത്ത്

229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന‍ ഗുജറാത്തിന് ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2 പന്തിൽ 1) നഷ്ടമായി. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്. തുടക്കത്തിലേറ്റ തിരിച്ചടിയിൽ നിന്ന് ഗുജറാത്തിനെ കരകയറ്റിയത് രണ്ടാം വിക്കറ്റിൽ ഒന്നിച്ച സായ് സുദർശൻ (49 പന്തിൽ 80)– കുശാൽ മെൻഡിസ് (10 പന്തിൽ 20) സഖ്യമാണ്. ഇരുവരും ചേർന്ന് പവർപ്ലേയിൽ ഗുജറാത്ത് സ്കോർ 66ൽ എത്തിച്ചു. എന്നാ‍ൽ പവർപ്ലേ അവസാനിച്ചതിനു തൊട്ടുപിന്നാലെ മിച്ചൽ സാന്റ്നറുടെ പന്തിൽ മെൻഡിസ് ഹിറ്റ് വിക്കറ്റായത് ഗുജറാത്തിന് തിരിച്ചടിയായി. അതോടെ പ്രതിരോധത്തിലായ ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് മൂന്നാം വിക്കറ്റിലെ സായ്– വാഷിങ്ടൻ സുന്ദർ (24 പന്തിൽ 48) കൂട്ടുകെട്ടാണ്. 

44 പന്തിൽ 84 റൺസ് കൂട്ടിച്ചേർത്ത സഖ്യം മത്സരം പതിയെ ഗുജറാത്തിന്റെ നിയന്ത്രണത്തിലേക്കു കൊണ്ടുവന്നെങ്കിലും ജസ്പ്രീത് ബുമ്രയുടെ അസാധ്യ യോർക്കറിൽ വാഷിങ്ടൻ ക്ലീൻ ബോൾഡായതോടെ മത്സരത്തിൽ വീണ്ടും ട്വിസ്റ്റ്. പിന്നാലെയെത്തിയ ഷെർഫെയ്ൻ റുഥർഫോഡ് (15 പന്തിൽ 24) നന്നായി തുടങ്ങിയെങ്കിലും സായ് സുദർശന്റെ പുറത്താകൽ ഗുജറാത്തിനെ വീണ്ടും പിന്നോട്ടടിച്ചു. വൈകാതെ റുഥർഫോഡും വീണതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചു.

ഹിറ്റ്മാൻ ഷോ

നിർണായക മത്സരങ്ങളിൽ ഫോമിലേക്കുയരുന്ന പതിവ് തെറ്റിക്കാതെ രോഹിത് ശർമ നൽകിയ തുടക്കമാണ് മുംബൈയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 50 പന്തിൽ 4 സിക്സും 9 ഫോറും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്. രോഹിത്തിനു പുറമേ ജോണി ബെയർസ്റ്റോ (22 പന്തിൽ 47), സൂര്യകുമാർ യാദവ് (20 പന്തിൽ 33) എന്നിവരും മുംബൈയ്ക്കായി തിളങ്ങി. ഗുജറാത്തിനായി സായ് കിഷോർ, പ്രസിദ്ധ് കൃഷ്ണ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഐപിഎലിൽ 300 സിക്സറുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമായി രോഹിത് ശർമ. 271 മത്സരങ്ങളിൽ നിന്നായി 302 സിക്സാണ് രോഹിത്തിന്റെ പേരിലുള്ളത്. 357 സിക്സറുകളുമായി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമത്.

ബുമ്ര മാജിക്

മുംബൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് സായ് സുദർശന്റെയും വാഷിങ്ടൻ സുന്ദറിന്റെയും കൂട്ടുകെട്ടിന്റെ ബലത്തിൽ കുതിച്ചുപാഞ്ഞ ഗുജറാത്തിനെ പിടിച്ചുകെട്ടിയത് ജസ്പ്രീത് ബുമ്ര എറിഞ്ഞ 14–ാം ഓവറായിരുന്നു. ഓവറിലെ നാലാം പന്തിൽ, ബുമ്ര സ്പെഷൽ യോർക്കറിൽ വാഷിങ്ടന്റെ ലെഗ് സ്റ്റംപ് തെറിച്ചു. ഈ കൂട്ടുകെട്ടു പൊളിഞ്ഞതോടെ ഗുജറാത്തിന്റെ താളം തെറ്റി. വൈകാതെ സായ് സുദർശനും പുറത്തായതോടെ ഗുജറാത്ത് മാനസികമായി തോൽവി സമ്മതിച്ചു. തന്റെ 4 ഓവറിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് ബുമ്ര നേടിയ ഈ വിക്കറ്റാണ് മത്സരം മുംബൈയ്ക്ക് അനുകൂലമാക്കിയത്.

English Summary:

Mumbai Indians bushed Gujarat Titans successful IPL qualifier

Read Entire Article