21 May 2025, 05:59 PM IST

Photo: AP
ബെർലിൻ: ലോകത്തെ ഏറ്റവും കരുത്തനായ ചെസ് താരം നോർവേയുടെ മാഗ്നസ് കാൾസണെ സമനിലയിൽ കുരുക്കി ‘ലോക ടീം’. ഏപ്രിൽ നാലിന് തുടങ്ങിയ ‘കാൾസൺ-വേഴ്‌സസ് ദി വേൾഡ്’ പോരാട്ടത്തിൽ ഒരുലക്ഷത്തിനാൽപ്പത്തിമൂന്നായിരം പേരാണ് അണിനിരന്നത്. ഓൺലൈനിൽ ചെസ് ഡോട്ട് കോം ഒരുക്കിയ മത്സരം ഫ്രീസ്റ്റൈൽ ഫോർമാറ്റിലായിരുന്നു. ക്ലാസിക്കൽ ചെസിൽനിന്ന് വ്യത്യസ്തമായി ഫ്രീസ്റ്റൈലിൽ കാലാൾ ഒഴികെയുള്ള കരുക്കളുടെ പ്രാരംഭനില വ്യത്യസ്തമായിരിക്കും.
വെള്ളക്കരുക്കളുമായി കളിച്ച കാൾസണെതിരേയുള്ള നീക്കങ്ങൾ പങ്കെടുക്കുന്നവരുടെ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിക്കപ്പെടുക. ഏറ്റവുമധികം വോട്ടുലഭിക്കുന്ന നീക്കങ്ങളാണ് ലോക ടീം കളിക്കുക. ഓരോ നീക്കത്തിനും 24 മണിക്കൂർ സമയംലഭിക്കും. 32 നീക്കങ്ങൾക്കൊടുവിലാണ് കളി സമനിലയിലായത്. മൂന്നുതവണ ഒരേനീക്കങ്ങൾ ആവർത്തിച്ച് കാൾസൺ സമനിലയുമായി രക്ഷപ്പെടുകയായിരുന്നു. കാൾസൺ അനായാസം ജയിക്കുമെന്നായിരുന്നു പ്രവചനം.
മുൻലോകചാമ്പ്യന്മാരായ റഷ്യയുടെ ഗാരി കാസ്പറോവ് 1999-ൽ അൻപതിനായിരം പേരുമായും 2024-ൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് 70,000 പേരുമായും ഏറ്റുമുട്ടിയിരുന്നു.
Content Highlights: Magnus Carlsen gully largest online chess game








English (US) ·