08 June 2025, 04:27 PM IST

Photo: AFP
14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍വെച്ച് ഇന്ത്യ രണ്ടാം ഏകദിനലോകകപ്പുയര്‍ത്തിയത്. ഗൗതം ഗംഭീറിന്റെ പോരാട്ടവും മഹേന്ദ്രസിങ് ധോനിയുടെ ഫിനിഷിങ്ങും ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല. കഴിഞ്ഞ ദിവസമാണ് അന്നത്തെ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന സ്പിന്നര്‍ പീയുഷ് ചൗള ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതോടെ 2011-ലെ ഇന്ത്യയുടെ ലോകകപ്പ് സംഘത്തിലുള്‍പ്പെട്ടിരുന്ന 14 പേരും ഏകദിനത്തില്‍ നിന്ന് വിരമിച്ചു. ഒരാള്‍ മാത്രമാണ് ഇപ്പോഴും ഇന്ത്യക്കൊപ്പമുള്ളത്. സാക്ഷാല്‍ വിരാട് കോലി.
അന്ന് ടീമിന്റെ നായകനായിരുന്ന മഹേന്ദ്രസിങ് ധോനി 2020-ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. ശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാത്രമാണ് താരം കളിക്കുന്നത്. ഈ സീസണില്‍ ചെന്നൈയുടെ നായകനായി ധോനി തിരിച്ചെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ 2012-ലാണ് ഏകദിനക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2013-ല്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചു. 2011-ലെ കിരീടനേട്ടത്തോടെയാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ കരിയറിന് പൂര്‍ണതകൈവരുന്നത്. ഗൗതം ഗംഭീര്‍ കിരീടം നേടിയതിന് പിന്നാലെ മൂന്നുവര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചു. പിന്നീട് 2018-ലാണ് താരം വിരമിക്കുന്നത്. 2011 ഫൈനലിലെ ഗംഭീറിന്റെ അര്‍ധസെഞ്ചുറി പ്രകടനം ആരാധകര്‍ക്ക് മറക്കാനാവില്ല. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാണ് ഗംഭീര്‍.
ഓള്‍റൗണ്ടര്‍ യുവ്‌രാജ് സിങ്ങാകട്ടെ 2019-ലാണ് വിരമിക്കുന്നത്. ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ് 2015-ലും സുരേഷ് റെയ്ന 2020-ലും വിരമിക്കല്‍ പ്രഖ്യാപിച്ചു. ധോനി വിരമിച്ചതിന് പിന്നാലെയാണ് റെയ്നയും പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. 2015-ല്‍ വിരമിച്ച സഹീര്‍ ഖാന്‍ പിന്നീട് കമന്ററിയിലും മെന്റര്‍ റോളുകളിലും സജീവമായി. ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ മെന്റര്‍ ആയിരുന്നു സഹീര്‍. മറ്റൊരു പേസറായിരുന്നു ആശിഷ് നെഹ്റ കോച്ചിങ്ങിലേക്ക് കടന്നു. 2022-ല്‍ നെഹ്‌റ പരിശീലനായിരിക്കുമ്പോഴാണ് ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടുന്നത്.
അന്ന് ടീമിലെ സ്പിന്നര്‍മാരായിരുന്ന ഹര്‍ഭജന്‍ സിങ് 2021-ല്‍ വിരമിച്ചപ്പോള്‍ രവിചന്ദ്രന്‍ അശ്വിന്‍ കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. മുനാഫ് പട്ടേല്‍ 2018-ലും യൂസഫ് പത്താന്‍ 2021-ലും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങി. എന്നാല്‍ വിവാദങ്ങള്‍ പിടിച്ചുലച്ച കരിയറിനൊടുക്കം 2022-ലാണ് മലയാളി താരം ശ്രീശാന്ത് വിരമിച്ചത്. 15 അംഗസ്‌ക്വാഡിലെ 14 പേരും വിരമിച്ചപ്പോള്‍ കോലി മാത്രമാണ് ഏകദിനത്തില്‍ സജീവമായി കളിക്കുന്നത്. അടുത്തിടെയാണ് കോലി റെഡ്ബോള്‍ ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയത്. 2024 ടി20 ലോകകപ്പ് വിജയത്തിനു പിന്നാലെ കോലി ടി20 കരിയറും അവസാനിപ്പിച്ചിരുന്നു.
Content Highlights: 14 players from Indias iconic 2011 World Cup squad person retired lone kohli inactive active








English (US) ·