.jpg?%24p=1495fa4&f=16x10&w=852&q=0.8)
വിശാലും സായ് ധൻസികയും | Photo: X/ cinemapluz
നടന്‍ വിശാലുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞ് നടി സായ് ധന്‍സിക. വിവാഹം പരസ്യമായി അറിയിച്ച അതേ വേദിയിലായിരുന്നു സായ് ധന്‍സിക തങ്ങളുടെ പ്രണയകഥ തുറന്നുപറഞ്ഞത്. നടി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'യോഗി ഡാ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍- ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ഇരുവരും വിവാഹിതരാവാന്‍ ഒരുങ്ങുന്ന കാര്യം തുറന്നുപറഞ്ഞത്. ഓഗസ്റ്റ് 29-നാണ് വിവാഹം. 47-ാം വയസ്സിലാണ് വിശാല്‍ വിവാഹിതനാവുന്നത്. 1989-ല്‍ തഞ്ചാവൂരില്‍ ജനിച്ച സായ് ധന്‍സികയ്ക്ക് ഇപ്പോള്‍ 36 വയസ്സാണ്.
'ഇന്ന് രാവിലെ ഒരു വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെ, ഇവിടെ വരുംമുമ്പ് ഞാനും വിശാലും സംസാരിച്ചു. ഞങ്ങള്‍ക്ക് കഴിഞ്ഞ 15 വര്‍ഷമായി അറിയാം എന്നുമാത്രം പറയാം എന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍, നിങ്ങളില്‍നിന്ന് ഒന്നും മറച്ചുവെക്കാനില്ല. നിങ്ങളെ കുടുംബാംഗങ്ങളായാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങള്‍ ഓഗസ്റ്റ് 29-ന് വിവാഹിതരാവാന്‍ തീരുമാനിച്ചിരിക്കുന്നു', എന്ന മുഖവുരയോടെയാണ് സായ് ധന്‍സിക പ്രണയകഥ പറഞ്ഞുതുടങ്ങിയത്.
'കഴിഞ്ഞ 15 വര്‍ഷമായി എനിക്ക് വിശാലിനെ അറിയാം. എപ്പോഴൊക്കെ ഞങ്ങള്‍ കണ്ടുമുട്ടിയോ, അപ്പോഴെല്ലാം അര്‍ഹമായ ബഹുമാനം അദ്ദേഹം കാണിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴൊക്കെ വിശാല്‍ എനിക്കുവേണ്ടി ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഒരിക്കല്‍ എനിക്കൊരു ബുദ്ധിമുട്ടുണ്ടായപ്പോള്‍ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. അടുത്തിടെയാണ് സംസാരിച്ചുതുടങ്ങിയത്. അത് പ്രണയമായി. രണ്ടുപേര്‍ക്കും ഒരുപോലെ അത് തോന്നി. പരസ്പരം സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറായി. അത് വിവാഹത്തിലേക്ക് നീളുന്ന ബന്ധമാണെന്ന് ഞങ്ങള്‍ക്ക് മനസിലായി. പിന്നെ എന്തിന് കാത്തിരിക്കണം? അദ്ദേഹം സന്തോഷമായിരിക്കണം എന്നുമാത്രമേ എനിക്കുള്ളൂ', സായ് ധന്‍സിക പറഞ്ഞുനിര്‍ത്തി.
ധന്‍സിക നല്ലൊരു വ്യക്തിയാണെന്നും തങ്ങള്‍ക്കുരണ്ടുപേര്‍ക്കും പരസ്പരമറിയാമെന്നും പരിപാടിയില്‍ സംസാരിച്ച വിശാല്‍ പറഞ്ഞു. 'ഞാന്‍ ഭാഗ്യംചെയ്ത വ്യക്തിയാണെന്നാണ് കരുതുന്നത്. ഞങ്ങള്‍ പരസ്പരം മനസിലാക്കുന്നു. അത് തുടര്‍ന്നുമുണ്ടാവും', വിശാല്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാലും ധന്‍സിക അഭിനയിക്കുന്നത് തുടരുമെന്നും വിശാല്‍ വ്യക്തമാക്കി.
തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് വിശാല്‍. നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ തന്റെ വിവാഹവും നടക്കൂ എന്നാണ് നേരത്തേ വിവാഹത്തേക്കുറിച്ച് ചോദിച്ചാല്‍ വിശാല്‍ പറഞ്ഞിരുന്ന ഉത്തരം. വിശാല്‍- സായ് ധന്‍സിക വിവാഹത്തിന് മുമ്പ് കെട്ടിടത്തിന്റെ ഉദ്ഘാടനമുണ്ടാവുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: Sai Dhanshika & Vishal Wedding: Love Story Revealed
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·