26 August 2025, 09:44 AM IST

ഗോൾ നേടിയ റിയോ നഗുമോഹയെ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നു | AFP
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ന്യൂകാസിലിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍. സ്റ്റോപ്പേജ് സമയത്ത് പതിനാറുകാരന്‍ റിയോ നഗുമോഹയുടെ ഗോളാണ് ലിവര്‍പൂളിന് ജയമൊരുക്കിയത്. രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷം ലിവര്‍പൂള്‍ രണ്ട് ഗോളുകള്‍ വഴങ്ങിയതോടെ മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ചു. ഈ ഘട്ടത്തിലാണ് നഗുമോഹയുടെ ഗോള്‍ പിറന്നത്. ആന്തണി ഗോര്‍ഡന് ചുവപ്പുകാര്‍ഡ് കിട്ടി ന്യൂകാസില്‍ പത്തുപേരായി ചുരുങ്ങിയിരുന്നു. വിര്‍ജില്‍ വാന്‍ ഡൈക്കിനെ അപകടകരമായി ടാക്കിള്‍ ചെയ്തതിനാണ് ചുവപ്പുകാര്‍ഡ് ലഭിച്ചത്.
35-ാം മിനിറ്റില്‍ റയാന്‍ ഗ്രാവെന്‍ബെര്‍ച്ചും 46-ാം മിനിറ്റില്‍ ഹ്യൂഗോ എകിറ്റിക്കയും ഗോള്‍ നേടിയതോടെ ലിവര്‍പൂള്‍ ഒരു ഘട്ടത്തില്‍ രണ്ട് ഗോളിന് മുന്നിലെത്തി. 57-ാം മിനിറ്റില്‍ ബ്രൂണോ ഗിമാരസും 88-ാം മിനിറ്റില്‍ വില്യം ഒസുലയും ഗോളുകളിലൂടെ തിരിച്ചടിച്ച് ന്യൂകാസില്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പിന്നീടാണ് നൂറാം മിനിറ്റില്‍ നഗുമോഹയുടെ ഗോളില്‍ ലിവര്‍പൂള്‍ വിജയിച്ചുകയറിയത്.
ഇതോടെ ലിവര്‍പൂളിന്റെ എക്കാലത്തെയും ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി നഗുമോഹ മാറി. 16 വയസ്സും 361 ദിവസവുമാണ് നഗുമോഹയുടെ പ്രായം. 16 വയസ്സും 362 ദിവസവും പ്രായമുള്ളപ്പോള്‍ വെയിന്‍ റൂണി നേടിയ ഗോളാണ് ഇതുവരെ പ്രീമിയര്‍ ലീഗിലെ റെക്കോഡ്. 2002 ഒക്ടോബര്‍ 19-ന് ആഴ്‌സണലിനെതിരെ 89-ാം മിനിറ്റിലായിരുന്നു റൂണിയുടെ ഈ നേട്ടം.
Content Highlights: 16-Year-Old Ngumoha Makes History successful Liverpool's 3-2 Thriller astatine Newcastle








English (US) ·