Published: November 30, 2025 01:02 PM IST
1 minute Read
ഹൈദരാബാദ് ∙ രണ്ടു മത്സരങ്ങളിൽ ഒന്നു നിറംമങ്ങിയെന്ന് കരുതി അഭിഷേക് ശർമയുടെ ഫോം എവിടെയും പോയിട്ടില്ല. ഹൈദരാബാദിനെ ജിംഖാന സ്റ്റേഡിയത്തിൽ അഭിഷേക് ശർമ ഒന്നു നിറഞ്ഞാടിയപ്പോൾ ബോളർമാർക്ക് വാനം നോക്കിനിൽക്കാനെ സമയമുണ്ടായിരുന്നുള്ളൂ. 16 സിക്സാണ് അഭിഷേകിന്റെ ബാറ്റിൽനിന്നു തുരുതുരാ പറന്നത്. ഒപ്പം എട്ടു ഫോറും.
52 പന്തിൽ 148 റൺസടിച്ച അഭിഷേകിന്റെ മാസ്മരിക ബാറ്റിങ് പ്രകടനത്തിൽ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ബംഗാളിനെതിരായ മത്സരത്തിൽ പഞ്ചാബ് നേടിയത് 310 എന്ന കൂറ്റൻ ടോട്ടൽ. മറുപടി ബാറ്റിങ്ങിൽ, ബംഗാളിന്റെ ഇന്നിങ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 198 റൺസിൽ അവസാനിച്ചതോടെ പഞ്ചാബിന് 112 റൺസിന്റെ വമ്പൻ ജയം. സെഞ്ചറിയുമായി ബംഗാൾ ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ (66 പന്തിൽ 130*) തിളങ്ങിയെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റൻ അഭിഷേക് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രഭ്സിമ്രാൻ സിങ്ങിനൊപ്പം (35 പന്തിൽ 70) ഇന്നിങ്സ് ഓപ്പൺ ചെയ്ത അഭിഷേക് തുടക്കം മുതൽ ബംഗാൾ ബോളർമാരെ പ്രഹരിച്ചു. 12 പന്തിലാണ് അഭിഷേക് അർധസെഞ്ചറി തികച്ചത്. 51 റൺസിൽ 50 റൺസും ബൗണ്ടറി വഴി തന്നെയാണ് അഭിഷേക് നേടിയത്. പേസർ മുഹമ്മദ് ഷമിയുടെ ഒരോവറിൽ 23 റൺസാണ് അഭിഷേക് അടിച്ചുകൂട്ടിയത്. ആകെ നാല് ഓവറിൽ 61 റൺസാണ് ഷമി വഴങ്ങിയത്.
അഭിഷേകിനൊപ്പം പ്രഭ്സിമ്രാൻ സിങ്ങും കത്തിക്കയറിയതോടെ എട്ടാം ഓവറിൽ പഞ്ചാബ് സ്കോർ 120 കടന്നു. 32 പന്തിലാണ് അഭിഷേക് സെഞ്ചറി തികച്ചത്. ട്വന്റി20യിൽ 157 ഇന്നിങ്സുകളിൽ അഭിഷേകിന്റെ എട്ടാം സെഞ്ചറിയാണിത്. ഇതോടെ ഇന്ത്യൻ താരം രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്തി താരം. ഒൻപതു സെഞ്ചറിയുള്ള വിരാട് കോലിയാണ് മുന്നിൽ. ഓപ്പണിങ് വിക്കറ്റിൽ അഭിഷേക്– പ്രഭ്സിമ്രാൻ സഖ്യം 205 റൺസാണ് അടിച്ചുകൂട്ടിയത്. 13–ാം ഓവറിൽ പ്രഭ്സിമ്രാനെ വീഴ്ത്തി പ്രദീപ്ത പ്രമാണിക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. 18–ാം ഓവറിൽ 150 റൺസിന് വെറും രണ്ട് റൺസകലെ ആകാശ് ദീപാണ് അഭിഷേകിനെ വീഴ്ത്തിയത്. അപ്പോഴേയ്ക്കും പഞ്ചാബ് സ്കോർ 267ൽ എത്തിയിരുന്നു. രമൺദീപ് സിങ് (15 പന്തിൽ 39), സൻവിർ സിങ് (8 പന്തിൽ 22) എന്നിവരാണ് പഞ്ചാബ് സ്കോർ 300 കടത്തിയത്. പഞ്ചാബിന്റെ അഞ്ച് വിക്കറ്റുകളാണ് വീണത്.
മറുപടി ബാറ്റിങ്ങിൽ, ക്യാപറ്റൻ അഭിമന്യൂ ഈശ്വരൻ, അഭിഷേകിന്റെ അതേപാതയിൽ തകർത്തടിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. എട്ട് സിക്സിന്റെ 12 ഫോറുകളുടെയും അകമ്പടിയോടെയാണ് അഭിമന്യൂ, 66 പന്തിൽ 130 റൺസെടുത്ത് പുറത്താകാതെ നിന്നത്. എന്നാൽ ബംഗാൾ ബാറ്റിങ് നിരയിൽ പിന്നീട് രണ്ടക്കം കടന്നത് ബോളർ ആകാശ് ദീപ് (31) മാത്രമാണ്. 9 ബാറ്റർമാരുടെ സ്കോറുകൾ ഒരക്കത്തിൽ ഒതുങ്ങി. പഞ്ചാബിനായി ഹർപ്രീത് ബ്രാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഒരു വിക്കറ്റെടുത്ത അഭിഷേക് ശർമ, ബോളിങ്ങിലും തിളങ്ങി.
English Summary:








English (US) ·