ബെംഗളൂരു∙ 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം ചൂടിയത്. ഇതിനു പിന്നാലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത് ആഘാതമായെങ്കിലും കിരീടവിജയത്തിന്റെ ആവേശം ആരാധകരിൽ ഇതുവരെ അടങ്ങിയിട്ടില്ല. ദുരന്തത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിലുൾപ്പെടെ നിശബ്ദമായിരുന്ന ആർസിബി, ഇപ്പോഴിതാ വീണ്ടും ചർച്ചകളിൽ നിറയുകയാണ്. കിരീടനേട്ടത്തിനു പിന്നാലെ ഫ്രാഞ്ചൈസിയെ വിൽക്കാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് ചർച്ചകൾ സജീവമായത്.
∙ ഫോർ സെയിൽ!ഒന്നല്ല, രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ വിൽപനയ്ക്കുണ്ടെന്നാണ് ക്രിക്കറ്റ് ലോകത്തെ വാർത്ത. ഇതിൽ ആർസിബിയുടെ കാര്യമാണ് ഏറെക്കുറെ ഉറപ്പായിരിക്കുന്നത്. ടീമിലെ സൂപ്പർ താരമായ വിരാട് കോലി, ഇതുവരെ വാണിജ്യ കരാർ പുതുക്കിയിട്ടില്ലെന്നുമുള്ള റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്കു ശക്തി പകർന്നു. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിർമാണ– വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടൻ.
കിരീട നേട്ടത്തിന്റെ മികവിൽ നിൽക്കുന്നതിനാൽ ഇപ്പോൾ വമ്പൻ വിലയ്ക്കു ഫ്രാഞ്ചൈസിയെ വിൽക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. 2 ബില്യൻ യുഎസ് ഡോളർ (ഏകദേശം 17,600 കോടി രൂപ) ആണ് കമ്പനി, ആർസിബിക്കു വിലയിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. 2012ലാണ് ഡിയാജിയോ ആർസിബിയുടെ ഉടമസ്ഥത ഏറ്റെടുക്കുന്നത്. വിജയ് മല്യയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ തകർച്ചയുടെ കാലത്ത് യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ്, ഡിയാജിയോയുടെ കീഴിലെത്തുന്നതോടെയാണ് ഈ കൈമാറ്റവും സംഭവിച്ചത്.
കമ്പനിയുടെ പ്രധാന ബിസിനസ്സല്ലാത്ത കായികമേഖലയിൽ പണം മുടക്കുന്നതിനോട് കമ്പനിയുടെ ചില ഓഹരി ഉടമകൾക്കുള്ള എതിർപ്പു കാരണമാണ് ആർസിബിയെ വിൽക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. ടീമിന്റെ നടത്തിപ്പിനായി വൻ തുക മുടക്കേണ്ടി വരുന്നതായാണ് ഇവരുടെ പരാതി. ഡിയാജിയോ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായി ഈ വർഷം മാർച്ചിൽ ചുമതലയേറ്റെടുത്ത പ്രവീണ്‍ സോമേശ്വറിന്റെ നിലപാടും ഇപ്പോഴത്തെ നീക്കങ്ങൾക്കു കാരണമാണ്.
സ്പോർട്സ് ലീഗുകളിൽ പണം മുടക്കുന്നത് വലിയ തോതിൽ നിക്ഷേപം ആവശ്യമായ ഒന്നാണെന്നും കമ്പനിയുടെ ദീർഘകാല പദ്ധതികള്‍ക്ക് ഇതു ഗുണം ചെയ്യില്ലെന്നുമാണ് പ്രവീണ്‍ സോമേശ്വറിന്റെ നിലപാട്. മദ്യത്തിന്റെ പരസ്യമായിരുന്നു ആർസിബിക്ക് പിന്നിലെ ലക്ഷ്യമെന്ന് വിജയ് മല്യ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഐപിഎലിലുൾപ്പെടെയുള്ള കായിക വേദികളിൽ മദ്യം, പുകയില ഉൽപന്നങ്ങൾ എന്നിവയുടെ പരോക്ഷമായ പരസ്യങ്ങൾ പോലും കേന്ദ്ര ആരോഗ്യമന്ത്രാലയം വിലക്കിയതോടെ ഡിയാജിയോയുടെ ‘ലക്ഷ്യം’ നടന്നില്ല.
∙ ആരു വാങ്ങും?വിൽപന സംബന്ധിച്ച് ഒട്ടേറെ ഇന്ത്യൻ, യുഎസ് കമ്പനികൾ ഡിയാജിയോ മാനേജ്‌മെന്റിനെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ഇന്ത്യക്കാരിൽ പ്രമുഖർ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനാവാല, ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ പാർത്ഥ് ജിൻഡാൽ, അദാനി ഗ്രൂപ്പ് എന്നിവരാണ്. ഡൽഹിയിൽ താമസിക്കുന്ന ഒരു പ്രമുഖ വ്യവസായിയുടെ ആർബിയിൽ താൽപര്യം കാണിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമെ രണ്ട് യുഎസ് കമ്പനികളാണ് ആർസിബിയുടെ ഓഹരികൾ വാങ്ങാൻ രംഗത്തുള്ളത്.
പൂനാവാല കുടുംബം മുൻപും ഒരു ഐപിഎൽ ടീം വാങ്ങാൻ ശ്രമിച്ചിരുന്നു. 2010ൽ പുണെയും കൊച്ചിയും ആസ്ഥാനമായുള്ള രണ്ട് ഐപിഎൽ ഫ്രാഞ്ചൈസികൾ വന്നപ്പോഴായിരുന്നു ഇത്. എന്നാൽ അന്ന് അതു മറ്റു കമ്പനികൾ സ്വന്തമാക്കി. ഈ രണ്ടു ടീമുകളും ഐപിഎലിൽ അധികകാലമുണ്ടായിരുന്നുമില്ല. ഡൽഹി ക്യാപിറ്റൽസിന്റെ 50 ശതമാനം ഓഹരികളും ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ആർസിബിയെ സ്വന്തമാക്കാൻ ശ്രമിച്ചാൽ, ഡൽഹി ക്യാപിറ്റൽസിന്റെ ഓഹരികൾ അവർക്കു വിൽക്കേണ്ടി വരും. ഐപിഎലിൽ അദാനി ഗ്രൂപ്പിനും കുറച്ചുകാലമായി നോട്ടമുണ്ട്. 2022 അഹമ്മദാബാദ് ആസ്ഥാനമായുള്ള ഗുജറാത്ത് ടീമിനെ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല,
ഇങ്ങനെയൊക്കെയാണെങ്കിലും വിൽപന അത്ര സുഗമാകില്ലെന്നാണ് വിവരം. വില തന്നെയാണ് പ്രധാന പ്രശ്നം. ഒരു ഐപിഎൽ ടീമിന് ഇത്രയും മൂല്യമുണ്ടോയെന്ന് ചോദ്യങ്ങൾ ഉയരുന്നു. മാത്രമല്ല, ജൂൺ നാലിനുണ്ടായ ദുരന്തവുമായി ബന്ധപ്പെ കേസുകൾ ഇതുവരെ അവസാനിച്ചിട്ടില്ല. ടീമിനെ ഏറ്റെടുത്താൻ കേസ് നടപടികളും ഏറ്റെടുക്കേണ്ടി വരും. കൂടാതെ ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നു. എന്തായാലും വിൽപന സംബന്ധിച്ച ഉപദേശങ്ങൾക്കായി രണ്ടു സ്വകാര്യ ബാങ്കുകളെ ഡിയാജിയോ നിയമിച്ചിട്ടുണ്ട്.
English Summary:








English (US) ·