22 May 2025, 07:56 AM IST

Photo: AFP
ബില്‍ബാവൊ (സ്പെയിന്‍): യൂറോപ്പാ ലീഗ് ഫുട്ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടന്‍ഹാമിന്. ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടോട്ടന്‍ഹാം 17 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ചത്. സ്പര്‍സിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത്. ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിനും ടോട്ടന്‍ഹാം യോഗ്യത നേടി.
42-ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്. പെപ്പെ മാറ്റര്‍ സാര്‍ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. യുണൈറ്റഡ് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ജോണ്‍സണ്‍ പന്ത് വലയിലേക്ക് തട്ടിയിടുകയായിരുന്നു. യുണൈറ്റഡ് ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്‌തെങ്കിലും പന്ത് കൈയില്‍ തട്ടി വലയില്‍ കയറുകയായിരുന്നു.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നുപോലും യുണൈറ്റഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. 16 ഷോട്ടുകളാണ് യുണൈറ്റഡില്‍ നിന്നുണ്ടായത്.
ഗോള്‍കീപ്പര്‍ വികാരിയോയുടെ മികച്ച പ്രകടനവും ടോട്ടന്‍ഹാമിനെ കാത്തു. 68-ാം മിനിറ്റില്‍ ഹോയ്‌ലന്‍ഡിന്റെ ഹെഡര്‍ ഗോള്‍ലൈനില്‍വെച്ച് രക്ഷിച്ച വാന്‍ഡെ വെനും തിളങ്ങി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന യുണൈറ്റഡിന് ഈ സീസണും നിരാശയുടേതായി. 20 തവണ പ്രമീയര്‍ ലീഗ് നേടിയിട്ടുള്ള മാഞ്ചെസ്റ്റര്‍ 16-ാം സ്ഥാനത്താണ്. 1974-നുശേഷം ചെമ്പടയുടെ ഏറ്റവും മോശം സീസണാണിത്. വിഖ്യാത പരിശീലകന്‍ അലക്സ് ഫേര്‍ഗൂസന്റെ പടിയിറങ്ങലിനുശേഷം നിലവാരത്തകര്‍ച്ച നേരിട്ടെങ്കിലും കഴിഞ്ഞ രണ്ടുസീസണുകളിലായി എഫ്എ കപ്പും ലീഗ് കപ്പും സ്വന്തമാക്കാന്‍ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. യൂറോപ്പയില്‍ പരാജയമറിയാതെയാണ് യുണൈറ്റഡ് ഇത്തവണ ഫൈനലിലേക്ക് മുന്നേറിയത്. എന്നാല്‍, യൂറോപ്പ ഫൈനല്‍ അടക്കം സീസണില്‍ ഏറ്റുമുട്ടിയ നാലു കളികളിലും ടോട്ടനത്തോട് കീഴടങ്ങാനായിരുന്നു യുണൈറ്റഡിന്റെ വിധി.
Content Highlights: Tottenham Hotspur defeats Manchester United 1-0 successful the Europa League final








English (US) ·