
17-ാമത് ഐഡിഎസ്എഫ്എഫ്കെയുടെ ഫെസ്റ്റിവൽ ബുക്ക് സാംസ്കാരികവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർക്ക് കൈമാറി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ|മാതൃഭൂമി
തിരുവനന്തപുരം: 52 രാജ്യങ്ങളിൽനിന്നുള്ള 331 സിനിമകൾ; ലോകത്തെ പ്രതിഫലിപ്പിക്കുന്ന കാഴ്ചകളുമായി അന്താരാഷ്ട്ര ലഘുചിത്ര-ഡോക്യുമെന്ററി മേളയ്ക്കു തുടക്കമായി. 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന 17-ാമത് ഐഡിഎസ്എഫ്എഫ്കെയ്ക്കാണ് തുടക്കമായത്.
കഴിഞ്ഞദിവസം അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമനോടുള്ള ആദരസൂചകമായി ഉദ്ഘാടനച്ചടങ്ങ് മാറ്റിവെച്ചിരുന്നു. പകരം സംഘടിപ്പിച്ച ഒത്തുചേരലിൽ ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം സാംസ്കാരികവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ നിർവഹിച്ചു. സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ആദ്യ പുസ്തകം സ്വീകരിച്ചു. ഫെസ്റ്റിവൽ ഡെയ്‌ലി ബുള്ളറ്റിൻ കെഎസ്എഫ്ഡിസി ചെയർപേഴ്‌സൺ കെ. മധു പ്രകാശനം ചെയ്തു. ഫിക്ഷൻ വിഭാഗം ജൂറി അംഗവും നടിയുമായ രാജശ്രീ ദേശ്പാണ്ഡെ ബുള്ളറ്റിൻ സ്വീകരിച്ചു.
ചലച്ചിത്ര അക്കാദമി ചെയർപേഴ്‌സൺ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, സാംസ്കാരികപ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ മധുപാൽ, നോൺ ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ രണജിത് റേ, ഫിക്ഷൻ വിഭാഗം ജൂറി ചെയർപേഴ്‌സൺ ഗുർവീന്ദർ സിങ്, ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം ജോബി എ.എസ്., കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർ വി.എസ്. പ്രിയദർശനൻ എന്നിവർ പങ്കെടുത്തു.
29 വിഭാഗങ്ങൾ; സംവാദങ്ങൾ
തിരുവനന്തപുരം: പലസ്തീൻ ചിത്രമായ ‘ഫ്രം ഗ്രൗണ്ട് സീറോ’ ആയിരുന്നു ഉദ്ഘാടനച്ചിത്രം. ആറുദിവസങ്ങളിലായി നടക്കുന്ന മേളയിൽ 331 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 29 വിഭാഗങ്ങളിലായി 52 രാജ്യങ്ങളിൽനിന്നുള്ള ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്.
മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ സംവിധായകരുമായി ഡെലിഗേറ്റുകൾക്ക് സംവദിക്കാനുള്ള മീറ്റ് ദ ഡയറക്ടർ, ഫെയ്‌സ് ടു ഫെയ്‌സ്, പാനൽ ഡിസ്‌കഷൻ തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. സമീപകാലത്ത് അന്തരിച്ച ശ്യാംബെനഗൽ, ഷാജി എൻ. കരുൺ, സുലൈമാൻ സിസെ, തപൻകുമാർ ബോസ്, തരുൺ ഭാർട്ടിയ, പി. ജയചന്ദ്രൻ, ആർ.എസ്. പ്രദീപ് എന്നീ പ്രതിഭകൾക്ക് ആദരാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗവും മേളയിലുണ്ടായിരിക്കും.
Content Highlights: 17th IDSFFK showcases 331 films from 52 countries successful Thiruvananthapuram
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·