വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത്തിനെ സന്ദർശിച്ച കിരീടാവകാശി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
സ്മിത്തിന്റെ ധൈര്യത്തെ പ്രത്യേകം പ്രശംസിച്ച ഷെയ്ഖ് ഹംദാൻ, അദ്ദേഹത്തോട് തങ്ങൾക്കുള്ള പൂർണ ബഹുമാനവും ആദരവും പ്രകടിപ്പിച്ചു. യുഎഇ നേതൃത്വവും സ്മിത്തിന്റെ ധീരതയെ അഭിമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദയ, സമാധാനം, മനുഷ്യജീവൻ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന യുഎഇയുടെ മൂല്യങ്ങളെയാണ് സ്മിത്ത് പ്രതിനിധീകരിക്കുന്നതെന്നും കിരീടാവകാശി അഭിപ്രായപ്പെട്ടു. സ്മിത്തിനെ ആശുപത്രിയിൽ സന്ദർശിച്ചതിന്റെ ചിത്രങ്ങളും അദ്ദേഹത്തോടൊപ്പമുള്ള ദൃശ്യങ്ങളും ഷെയ്ഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സ്മിത്തിനെ സ്നേഹപൂർവം ആലിംഗനം ചെയ്യുന്ന ചിത്രങ്ങളും ഇതിലുണ്ടായിരുന്നു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിനിടെയാണ് സ്മിത്തിന് നേരെ സഹപൈലറ്റിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും വിമാനത്തിന്റെ നിയന്ത്രണം കൈവിടാതെ സ്മിത്ത് സഹപൈലറ്റിനെ തടയാൻ ശ്രമിച്ചതായാണ് റിപ്പോർട്ട്.
തുടർന്ന് കോക്ക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും അകത്തേക്ക് പ്രവേശിക്കുകയും ആക്രമണകാരിയായ സഹപൈലറ്റിനെ കീഴ്പ്പെടുത്തുകയും ചെയ്തു. വിമാനം പിന്നീട് സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കി.
ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ സ്മിത്ത് നടത്തിയ ഇടപെടൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. സംഭവത്തിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
18 hours ago
2






English (US) ·