ഫ്ലൈദുബായ് ടെൽ അവീവ് സർവീസ് നിർത്തി; കോക്ക്പിറ്റ് ആക്രമണത്തിൽ അന്വേഷണം തുടരുന്നു

1 day ago 1

ദുബായ് ആസ്ഥാനമായ വിമാനക്കമ്പനിയായ ഫ്ലൈദുബായ് ടെൽ അവീവിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. അധികൃതരുടെ അഭ്യർഥനയെ തുടർന്നാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് നിർത്തിവച്ചതെന്ന് ഫ്ലൈദുബായ് സിഇഒ ഗൈത്ത് അൽ ഗൈത്ത് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ FZ1073 വിമാനത്തിലുണ്ടായ കോക്ക്പിറ്റ് സുരക്ഷാ സംഭവത്തെ തുടർന്നാണ് നടപടി. സംഭവത്തിന് പിന്നാലെ വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് തിരിച്ചുവിടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 172 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഫ്ലൈദുബായ് അറിയിച്ചു.

കോക്ക്പിറ്റിൽ സഹപൈലറ്റ് ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് വിമാനം അതിവേഗം ഉയരം കുറച്ചെങ്കിലും പരിക്കേറ്റ ക്യാപ്റ്റൻ കോക്ക്പിറ്റ് വാതിൽ തുറന്നതോടെ യാത്രക്കാരും ജീവനക്കാരും ഇടപെട്ട് ആക്രമിയെ കീഴടക്കുകയായിരുന്നു. തുടർന്ന് വിമാനത്തിലെ റിസർവ് പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുത്ത് വിമാനം തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

സംഭവത്തിനിടെ താൻ ജീവന് വേണ്ടിയും വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്ക്കുവേണ്ടിയും പോരാടുകയായിരുന്നുവെന്ന് ക്യാപ്റ്റൻ മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വീഡിയോ സംഭാഷണത്തിൽ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മച്ചാറിന്റെ ധീരമായ ഇടപെടലിനെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

സംഭവത്തിൽ ഒമാനി പൗരനായ സഹപൈലറ്റിനെ സൗദി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടക്കുന്നതിനാൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഫ്ലൈദുബായ് സിഇഒയും വ്യക്തമാക്കി.

ഫ്ലൈദുബായ്ക്ക് പിന്നാലെ എമിറേറ്റ്സും ടെൽ അവീവിലേക്കുള്ള കോഡ്‌ഷെയർ സർവീസുകൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. സർവീസ് തടസ്സപ്പെട്ട യാത്രക്കാർക്ക് തുടർയാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ വിമാനക്കമ്പനികൾ ആരംഭിച്ചിട്ടുണ്ട്.

Read Entire Article