Published: April 10 , 2025 09:27 AM IST
1 minute Read
-
പഞ്ചാബ് കിങ്സ് ടീമിൽ യുസ്‌വേന്ദ്ര ചെഹലിന് അവസരം കുറയുന്നു
ഐപിഎൽ ചരിത്രത്തിൽ ഇതുവരെ എഴുന്നൂറിലേറെ ബോളർമാർ ഒരു ഓവറെങ്കിലും പന്തെറിഞ്ഞിട്ടുണ്ട്. ഇതിൽ 300 ബോളർമാർ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും നേടിയിട്ടുണ്ട്. എന്നാൽ ഐപിഎൽ ചരിത്രത്തിൽ 200ൽ അധികം വിക്കറ്റ് നേടിയ ഒരു ബോളറേയുള്ളൂ; ഹരിയാനയിൽ നിന്നുള്ള ലെഗ് സ്പിന്നർ യുസ്‍വേന്ദ്ര ചെഹൽ. 18 കോടി രൂപയ്ക്ക്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സ്പിന്നർ എന്ന പകിട്ടുമായി ഇത്തവണ പഞ്ചാബ് കിങ്സിലെത്തിയ ചെഹലിനു പക്ഷേ, 4 മത്സരങ്ങളിൽ നിന്ന് നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രം. ഇതിൽ തന്നെ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ചെഹൽ എറിഞ്ഞത് ഒരു ഓവർ മാത്രം. ഐപിഎലിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളായ മുപ്പത്തിനാലുകാരൻ ചെഹലിന് ഈ സീസണിൽ എന്താണ് സംഭവിക്കുന്നത്?
ദുബെയെ പേടി ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ടീമിലെ പ്രീമിയം സ്പിന്നറായ ചെഹലിനെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പന്തേൽപിച്ചത് 17–ാം ഓവറിലായിരുന്നു. പാർട് ടൈം സ്പിന്നറായ ഗ്ലെൻ മാക്സ്‍വെൽ വരെ 2 ഓവർ പന്തെറിഞ്ഞപ്പോൾ മത്സരത്തിൽ ചെഹലിന് ആകെ ലഭിച്ചത് ഒരേയൊരു ഓവർ മാത്രം. നിർണായകമായ ആ ഓവർ 9 റൺസ് മാത്രം വിട്ടുനൽകി ചെഹൽ മികവു തെളിയിച്ചു. ചെഹലിനെ മധ്യ ഓവറുകളിൽ പരിഗണിക്കാത്തതിനു കാരണമായി ക്യാപ്റ്റൻ ശ്രേയസ് പറഞ്ഞത് ക്രീസിൽ ശിവം ദുബെ ഉണ്ടെന്നതായിരുന്നു. സ്പിന്നർമാരെ അടിച്ചുപരത്തുന്ന ദുബെയ്ക്കു മുന്നിലേക്കു ചെഹലിനെ ഇട്ടുകൊടുക്കേണ്ടെന്നായിരുന്നു ക്യാപ്റ്റന്റെ തീരുമാനം.
തീരാത്ത സ്പെല്ലുകൾ സീസണിൽ പഞ്ചാബിന്റെ ആദ്യ 4 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ചെഹൽ തന്റെ 4 ഓവർ ക്വോട്ട പൂർത്തിയാക്കിയത്. രണ്ടു തവണ 3 ഓവറിൽ സ്പെൽ അവസാനിപ്പിക്കേണ്ടിവന്നു. അവസാന മത്സരത്തിൽ ആകെ ഒരു ഓവറും. ആകെ നേടിയത് ഒരു വിക്കറ്റ്. 4 മത്സരങ്ങളിലും ചെഹലിന്റെ ഇക്കോണമി റേറ്റ് 9നു മുകളിലായിരുന്നു. 2013ലെ അരങ്ങേറ്റ സീസൺ മുതൽ ഇങ്ങോട്ട് 2024വരെ ഒരു സീസണിൽ പോലും ചെഹലിന്റെ ഇക്കോണമി 9നു മുകളിൽ പോയിട്ടില്ല. എന്നാൽ കഴിഞ്ഞ സീസണിൽ ഇത് 9.41 ആയി ഉയർന്നു. ഇത്തവണ ഇക്കോണമി ആദ്യമായി 10നു മുകളിലുമായി.
ടീം കോംബിനേഷൻ താരലേലത്തിൽ ടീമിലെ പ്രധാന സ്പിന്നറായാണ് ചെഹലിനെ പഞ്ചാബ് റാഞ്ചിയതെങ്കിലും മത്സരത്തിലേക്കു വരുമ്പോൾ ടീം കോംബിനേഷനിൽ നിന്ന് ചെഹൽ പലപ്പോഴും പുറത്താണ്. സീസണിൽ പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപുരിൽ പേസർമാർക്ക് അനുകൂലമായ പിച്ചാണ്. പാർട് ടൈം സ്പിന്നറായി ഗ്ലെൻ മാക്സ്‌വെൽ ടീമിലുള്ളതിനാൽ പലപ്പോഴും ചെഹലിന്റെ സേവനം ടീമിന് ആവശ്യമായി വരാറില്ല. മാർക്കസ് സ്റ്റോയ്നിസ്, മാർക്കോ യാൻസൻ, അസ്മത്തുല്ല ഒമർസായി തുടങ്ങി പേസ് ബോളിങ് ഓൾറൗണ്ടർമാരുടെ നീണ്ടനിര തന്നെ പഞ്ചാബിനുണ്ട്. ഇതിനൊപ്പം അർഷ്ദീപ് സിങ്, ലോക്കി ഫെർഗൂസൻ എന്നീ പേസർമാർ കൂടി ചേരുന്നതോടെ ബോളിങ് കോംബിനേഷൻ പൂർണമാകുന്നു. ഇതിനു പുറമേയാണ് ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായി ഒരു എക്സ്ട്രാ പേസറെക്കൂടി പഞ്ചാബ് കളിപ്പിക്കുന്നത്. ഇതോടെ ചെഹൽ ടീം പ്ലാനിൽ നിന്നു പുറത്താകുന്ന അവസ്ഥയാണ്.
English Summary:









English (US) ·