18 വർഷത്തെ കാത്തിരിപ്പ്, കണ്ണീരിൽ മുങ്ങി ആര്‍സിബിയുടെ കന്നിക്കിരീടം; ലക്ഷങ്ങളെ നിയന്ത്രിക്കാൻ 5,000 പൊലീസ് മതിയോ?

7 months ago 6

ഓൺലൈൻ ഡെസ്ക്

Published: June 04 , 2025 09:33 PM IST

1 minute Read

 AFP
ആരാധകരെ ട്രോഫി കാണിക്കുന്ന ആർസിബി താരങ്ങൾ. Photo: AFP

18 വർഷത്തെ കാത്തിരിപ്പ്, ചൊവ്വാഴ്ച രാത്രി പഞ്ചാബ് കിങ്സിനെ ആറു റൺസിന് തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഐപിഎലിലെ കന്നിക്കിരീടം ഉയർത്താൻ ആരാധകർ കാത്തിരുന്നത് നീണ്ട 18 സീസണുകളായിരുന്നു. മുൻപ് മൂന്നു തവണ ഫൈനൽ കളിച്ചപ്പോഴും നഷ്ടമായ വിജയം വിരാട് കോലിക്കു വേണ്ടി ആർസിബി നേടിയപ്പോൾ ആരാധകർ എല്ലാം മറന്ന് അത് ആഘോഷിച്ചു. എന്നാൽ മണിക്കൂറുകൾക്കിപ്പുറം അവരെ കാത്തിരുന്നത് രാജ്യത്തിന്റെ കായിക ചരിത്രത്തിലെതന്നെ വേദനിപ്പിക്കുന്ന വാർത്തകളിലൊന്നാണ്. വിജയ മധുരം സങ്കടക്കണ്ണീരായി മാറുന്ന കാഴ്ചയ്ക്കാണ് ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരം സാക്ഷിയായത്.

കൃത്യമായ ആസൂത്രണമില്ലായ്മയാണ് വൻ ദുരന്തത്തിലേക്കു തള്ളിവിട്ടതെന്നു വ്യക്തം. ഇന്നലെ അര്‍ധ രാത്രിയോടെയാണ് അഹമ്മദാബാദിൽ ആർസിബി ഐപിഎൽ കിരീടം ഉറപ്പിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബെംഗളൂരു നഗരത്തിൽ ടീമിനെ എത്തിച്ച ഫ്രാഞ്ചൈസി, അന്നു തന്നെ സ്വീകരണവും വൻ ആഘോഷ പരിപാടികളും നടത്താനും തിടുക്കം കാട്ടി. അവസാന നിമിഷമാണ് വിധാൻ സൗധ മുതൽ ചിന്നസ്വാമി സ്റ്റേ‍ഡിയം വരെ ടീമിന്റെ വിക്ടറി പരേഡിന് സർക്കാർ അനുമതി നൽകുന്നത്. പക്ഷേ അതിനും മണിക്കൂറുകൾ മുൻപു തന്നെ നഗരത്തിലേക്ക് ആരാധകരുടെ ഒഴുക്കു തുടങ്ങിയിരുന്നു.

 X@IPL

ചിന്നസ്വാമി സ്റ്റേഡിയത്തില്‍നിന്ന് ആരാധകർക്കു നേരെ ട്രോഫി ഉയർത്തിക്കാണിക്കുന്ന ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാർ. Photo: X@IPL

രണ്ടു മുതൽ മൂന്നു ലക്ഷം വരെ ആരാധകർ ബുധനാഴ്ച ബെംഗളൂരു നഗരത്തിലും ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്തുമായി തടിച്ചുകൂടിയതായാണ് കർണാടക സർക്കാർ നൽകുന്ന വിശദീകരണം. ഇവരെ നിയന്ത്രിക്കാൻ നഗരത്തിലുണ്ടായിരുന്നത് അയ്യായിരത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥർ മാത്രം. ടിക്കറ്റ് ഉള്ളവർക്കു മാത്രം സ്റ്റേഡിയത്തിൽ പ്രവേശനമെന്ന് ക്ലബ്ബ് നേരത്തേ തന്നെ അറിയിച്ചിരുന്നു. പക്ഷേ ടിക്കറ്റില്ലാതിരുന്നിട്ടും സ്റ്റേഡിയത്തിൽ കയറിപ്പറ്റാമെന്ന പ്രതീക്ഷയിലായിരുന്നു ബഹുഭൂരിപക്ഷം ആരാധകരും ചിന്നസ്വാമിയിലെത്തിയത്. സ്റ്റേഡിയം ഗേറ്റുകളിൽ ആരാധകർ ഉന്തും തള്ളും സൃഷ്ടിച്ചതോടെ പലപ്പോഴും പൊലീസിന് ലാത്തിവീശേണ്ടിവന്നു. മഴ കൂടിയെത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.

വിക്ടറി പരേഡ് തീരുമാനിച്ചിരുന്ന റോഡുകൾക്ക് ഇരുവശങ്ങളിലും ആരാധകർ തിക്കിത്തിരക്കി. താഴെവീണവർ ചവിട്ടേറ്റ് എഴുന്നേല്‍ക്കാൻ ബുദ്ധിമുട്ടിയതോടെ ആരാധകർ ശ്വാസം കിട്ടാതെ പിടഞ്ഞു. രക്ഷാപ്രവർത്തനത്തിന് വലിയ ജനക്കൂട്ടത്തെ നീക്കേണ്ടതും വെല്ലുവിളിയായി. ഐപിഎലിൽ കിരീട ജേതാക്കളായ ടീമുകൾ എത്രയോ തവണ വിജയാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്ര വലിയ സുരക്ഷാ പ്രശ്നങ്ങളും അപകടവും സംഭവിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. 2024 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി20 ലോകകപ്പ് വിജയിച്ചപ്പോൾ ഇതിലും വലിയ ‘വിക്ടറി പരേഡിന്’ മുംബൈ നഗരം സാക്ഷിയായിട്ടുണ്ട്. ഇന്ത്യയുടെ സൂപ്പർ താരങ്ങളെ കാണാൻ ലക്ഷങ്ങളാണ് അന്ന് മുംബൈ നഗരത്തിലേക്ക് ഇരച്ചെത്തിയത്. അന്നും സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും സംഭവിച്ചിരുന്നില്ല.

 Idrees MOHAMMED / AFP

ബെംഗളൂരുവിൽ അപകടം സംഭവിച്ചതിനെ തുടർന്ന് ആംബുലൻസിനു വഴിയൊരുക്കുന്ന പൊലീസുദ്യോഗസ്ഥർ. Photo: Idrees MOHAMMED / AFP

അപകടമുണ്ടായതോടെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കാതെ വിക്ടറി പ‍രേഡ് റദ്ദാക്കുകയാണ് സംഘാടകർ ആദ്യം ചെയതത്. ടീമിന്റെ ബസിൽ താരങ്ങളെ സ്റ്റേ‍ഡിയത്തിലേക്കു കൊണ്ടുപോയി. താരങ്ങളുടെ സുരക്ഷ കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനം. സ്റ്റേഡിയത്തിനു പുറത്തെ സാഹചര്യങ്ങളെക്കുറിച്ച് സംഘാടകർക്ക് അറിവുണ്ടായിരുന്നില്ലെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ വ്യക്തമാക്കിയതോടെ, വരും ദിവസങ്ങളിൽ ഫ്രാഞ്ചൈസി ഉത്തരം പറയേണ്ടിവരുമെന്നുറപ്പ്.

English Summary:

Frenzied solemnisation successful Bengaluru took a tragic turn

Read Entire Article