Published: September 13, 2025 08:25 AM IST Updated: September 13, 2025 09:03 AM IST
2 minute Read
മാഞ്ചസ്റ്റർ ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അൽപം ‘ഉപ്പ്’ ചേർത്ത മധുരപ്രതികാരമാണ് ഇംഗ്ലണ്ട് നടത്തിയത്. ഓപ്പണർ ഫിൽ സോൾട്ടിന്റെ (141*) കിടിലൻ സെഞ്ചറിക്കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ തകർപ്പൻ ജയം. റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയമാണിത്. ദക്ഷിണാഫ്രിക്കയുടെ ഏറ്റവും വലിയ തോൽവിയും. ആദ്യ ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 14 റൺസിനു വിജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 16.1 ഓവറിൽ 158 റൺസിൽ അവസാനിച്ചു. രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഐസിസി ഫുൾ മെംബറായ ഒരു ടീമിന്റെ ടോട്ടൽ ആദ്യമായാണ് മുന്നൂറു കടക്കുന്നത്. 2024ൽ ഹൈദരാബാദിൽ ബംഗ്ലദേശിനെതിരെ ഇന്ത്യ നേടിയ 297 റൺസായിരുന്നു ഇതിനു മുൻപത്തെ റെക്കോർഡ്. ഇന്നിങ്സിന്റെ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ബോളർമാരെ ഫിൽ സോൾട്ട് പ്രഹരിച്ചു തുടങ്ങി. ആദ്യ ഓവറിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം 18 റൺസാണ് പിറന്നത്. സഹ ഓപ്പണർ ജോസ് ബട്‌ലറും (30 പന്തിൽ 83) ഉറച്ച പിന്തുണ നൽകി.
വെറും 60 പന്തിൽ എട്ടും സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയോടെയാണ് ട്വന്റി20യിൽ ഫിൽ സോൾട്ട് തന്റെ നാലാം സെഞ്ചറി തികച്ചത്. ഇതോടെ രാജ്യാന്തര ട്വന്റി20യിൽ സെഞ്ചറി എണ്ണത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദിനൊപ്പമെത്തി സോൾട്ട്. അഞ്ച് വീതം സെഞ്ചറികളുള്ള രോഹിത് ശർമയും ഓസീസ് ബാറ്റർ ഗ്ലെൻ മാക്സ്‌വെല്ലുമാണ് ഇവർക്കു മുന്നിലുള്ളത്. 39 പന്തിൽ സെഞ്ചറി തികച്ച സോൾട്ട്, ഒരു ഇംഗ്ലണ്ട് ബാറ്ററുടെ വേഗമേറിയ സെഞ്ചറി എന്ന റെക്കോർഡും സ്വന്തമാക്കി. ഒന്നാം വിക്കറ്റിൽ സോൾട്ടും ബട്‌ലറും ചേർന്ന് 126 റൺസ് കൂട്ടിച്ചേർത്തു. ഏഴു സിക്സും എട്ടു ഫോറുമാണ് ബട്‌ലറുടെ ബാറ്റിൽനിന്നു പിറന്നത്.
രാജ്യാന്തര ട്വന്റി20യിൽ ഏറ്റവുമധികം ബൗണ്ടറികൾ പിറന്ന രണ്ടാമത്തെ ഇന്നിങ്സ് എന്ന റെക്കോർഡും ഇംഗ്ലണ്ട് സ്വന്തമാക്കി. 30 ഫോറും 18 സിക്സുമടക്കം 48 ബൗണ്ടറികളാണ് ഇംഗ്ലണ്ട് ഇന്നിങ്സിൽ പിറന്നത്. 2024ൽ ഗാംബിയയ്‌ക്കെതിരെ സിംബാബ്‌വെ 57 ബൗണ്ടറികൾ നേടിയിരുന്നു. ഇംഗ്ലണ്ടിനായി ജേക്കബ് ബെതേൽ 26 റൺസും ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 41* റൺസും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ പേസർ ജോഫ്ര ആർച്ചറുടെ നേതൃത്വത്തിലുള്ള ബോളിങ് സംഘം വരിഞ്ഞുമുറുക്കുകയായിരുന്നു. ആർച്ചർ മൂന്നു വിക്കറ്റെടുത്തു. 41 റൺസെടുത്ത ക്യാപ്റ്റൻ ഏയ്ഡൻ മാക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
∙ഐസിസി ഫുൾ മെംബർ രാജ്യങ്ങളുടെ ഉയർന്ന ട്വന്റി20 ടോട്ടലുകൾ
304/2 ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക മാഞ്ചസ്റ്റർ 2025
297/6 ഇന്ത്യ vs ബംഗ്ലദേശ് ഹൈദരാബാദ് 2024
283/1 ഇന്ത്യ vs ദക്ഷിണാഫ്രിക്ക, ജൊഹാന്നസ്ബർഗ് 2024
278/3 അഫ്‌ഗാനിസ്ഥാൻ vs അയർലൻഡ് ഡെറാഡൂൺ 2019
267/3 ഇംഗ്ലണ്ട് vs വെസ്റ്റിൻഡീസ് തരൗബ 2023
∙ രാജ്യാന്തര ട്വന്റി20യിലെ ഉയർന്ന ടോട്ടലുകൾ
344/4 സിംബാബ്‌വെ vs ഗാംബിയ നയ്‌റോബി 2024
314/3 നേപ്പാൾ vs മംഗോളിയ ഹാങ്‌സോ 2023
304/2 ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക മാഞ്ചസ്റ്റർ 2025
297/6 ഇന്ത്യ vs ബംഗ്ലേദേശ് ഹൈദരാബാദ് 2024
286/5 സിംബാബ്‌വെ vs സീഷെൽസ് നയ്‌റോബി 2024
English Summary:








English (US) ·