Published: July 09 , 2025 09:46 AM IST
2 minute Read
പതിനെട്ടാം വയസ്സിൽ, 6 മാസത്തിന്റെ ഇടവേളയിൽ അച്ഛനെയും സഹോദരനെയും മരണം കവർന്നെടുത്തപ്പോൾ നിസ്സഹായനായി നോക്കിനിൽക്കാനേ ആകാശ് ദീപിനു സാധിച്ചുള്ളൂ. അന്നുമുതൽ ജീവിതം പലരീതിയിൽ ആകാശിനെ വെല്ലുവിളിച്ചു, പരീക്ഷിച്ചു, പരുവപ്പെടുത്തി. വിധി ഓരോ തവണ വില്ലനാകുമ്പോഴും വീറോടെ നേരിടാനാണ് ആകാശ് ശ്രമിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ആകാശ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സഹോദരി അഖണ്ഡ് ജ്യോതിക്ക് കാൻസർ രോഗം സ്ഥിരീകരിക്കുന്നത്. സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ടീമിനൊപ്പം ചേർന്ന ആകാശ് ഈ കാര്യം സഹതാരങ്ങളോട് പറഞ്ഞില്ല. ഒടുവിൽ രണ്ടാം ടെസ്റ്റിൽ 10 വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെയാണ് ആകാശ് സഹോദരിയുടെ രോഗവിവരം പുറത്തറിയിച്ചത്. നിഗൂഢതകൾ ഒളിപ്പിച്ച അദ്ഭുതദ്വീപിന്റെ കഥ പോലെ, കയ്പേറിയ യാഥാർഥ്യങ്ങളും കയ്യടിക്കേണ്ട നേട്ടങ്ങളും ഉൾച്ചേർന്നതാണ് ആകാശ് ദീപ് എന്ന ക്രിക്കറ്ററുടെ ജീവിതം.
എല്ലാമെല്ലാം ക്രിക്കറ്റ്
ബിഹാറിലെ റോഹ്താസിൽ ജനിച്ചു വളർന്ന ആകാശിന്റെ ക്രിക്കറ്റ് കരിയർ തുടങ്ങിയതു ടെന്നിസ് ബോളിലാണ്. ബിഹാറിലെ സാസാറാമിൽ ഗവ. സ്കൂൾ അധ്യാപകനായിരുന്ന അച്ഛൻ റാംജി സിങ്ങിനും അമ്മ ലധുമ ദേവിക്കും മകൻ ക്രിക്കറ്റിനു പിന്നാലെ പായുന്നത് അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. അവന്റെ പിന്നാലെ നടന്നു ഭാവി നശിപ്പിക്കരുതെന്ന് ആകാശിന്റെ സുഹൃത്തുക്കളോടു മാതാപിതാക്കൾ ഉപദേശിച്ചിരുന്നു. മകൻ പഠിച്ച് സർക്കാർ ഉദ്യോഗസ്ഥൻ ആകണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെങ്കിൽ ആകാശിന്റെ ‘ആകാശം’ മുഴുവൻ ക്രിക്കറ്റായിരുന്നു.
ബിഹാർ ടു ബംഗാൾ
ക്രിക്കറ്റിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ 2010ൽ ആകാശ് ബംഗാളിലേക്കു ചേക്കേറി. ദുർഗാപുരിലുള്ള പ്രാദേശിക ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി ദിവസം 600 രൂപ പ്രതിഫലത്തിൽ ടെന്നിസ് ക്രിക്കറ്റ് കളിക്കാൻ ആരംഭിച്ചു. ബാറ്റർ ആയിട്ടായിരുന്നു അരങ്ങേറ്റം. എന്നാൽ, പരിശീലകരുടെ നിർദേശത്തെത്തുടർന്നു ബോളിങ്ങിലേക്കു മാറി. 2015ൽ അസുഖം കാരണം ശരീരം തളർന്ന അച്ഛൻ റാംജി സിങ് അകാലത്തിൽ വിടവാങ്ങിയത് ആകാശിനെ തളർത്തി. അച്ഛന്റെ മരണത്തിന് 6 മാസങ്ങൾക്കു ശേഷം അപകടത്തിൽ സഹോദരനും മരിച്ചു. അതോടെ അമ്മയുടെയും ബാക്കിയുള്ള 5 സഹോദരങ്ങളുടെയും ഉത്തരവാദിത്തം ആകാശിന്റെ ചുമലിലായി. ജീവിതം പലതരത്തിൽ പരീക്ഷിച്ചെങ്കിലും ക്രിക്കറ്റിനെ വിട്ടുകൊടുക്കാൻ ആകാശ് തയാറായിരുന്നില്ല. 2016ൽ പ്രഫഷനൽ ക്രിക്കറ്റിലേക്കു ചുവടുമാറിയ ആകാശ് ഒരു വർഷം ഡൽഹിയിൽ വിവിധ ക്ലബ്ബുകളിലായി കളിച്ചു. 2017ൽ വീണ്ടും ബംഗാളിലേക്ക്. ആകാശിന്റെ ക്രിക്കറ്റ് കരിയർ വഴിമാറിയത് ബംഗാളിൽ നിന്നാണ്.
ബംഗാൾ ബോയ്
കൊൽക്കത്തയിലെ യുണൈറ്റഡ് ക്ലബ്ബിനും മോഹൻ ബഗാൻ അത്‌ലറ്റിക് ക്ലബ്ബിനും വേണ്ടി വൈറ്റ് ബോൾ ക്രിക്കറ്റ് കളിച്ച് ബംഗാളിലേക്കുള്ള രണ്ടാം വരവ് ഗംഭീരമാക്കി. 2019ൽ ആദ്യമായി ബംഗാളിനെ പ്രതിനിധീകരിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിച്ചു. പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും ബംഗാളിനെ പ്രതിനിധീകരിച്ചു. അതേവർഷം രഞ്ജി ട്രോഫി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി. കരിയറിൽ പതിയെ വിജയത്തിലേക്കുള്ള പടികൾ കയറുമ്പോൾ 2021ൽ പരുക്ക് വില്ലനായി. അണ്ടർ 23 ടീമിൽ കളിച്ചിരുന്ന കാലത്തെ മുഖ്യ പരിശീലകനാണ് ചികിത്സയ്ക്കു വേണ്ട സഹായങ്ങൾ ചെയ്ത് ക്രിക്കറ്റിലേക്കു മടക്കിക്കൊണ്ടുവന്നത്.അതേവർഷം തന്നെ രാജസ്ഥാൻ റോയൽസ് ടീമിന്റെ നെറ്റ് ബോളറായി ഐപിഎലിലെത്തിയ ആകാശിനെ പിന്നാലെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ടീം സ്വന്തമാക്കി. 2024 വരെ ബെംഗളൂരുവിൽ തുടർന്ന ആകാശ് ഈ വർഷം ലക്നൗ സൂപ്പർ ജയന്റ്സിലെത്തി.2019ൽ സാസാറാമിൽ ബന്ധു ഭൈവവ് കുമാറിനൊപ്പം ‘ആകാശ് – ഭൈവവ് ക്രിക്കറ്റ് അക്കാദമി’ ആരംഭിച്ചു. നിലവിൽ ഇരുന്നൂറിലേറെ പേർക്കു പരിശീലനം നൽകുന്നുണ്ട്.
ഇന്ത്യൻ ടീമിലേക്ക്
2022ലെ സി.കെ.നായിഡു അണ്ടർ 25 ദേശീയ ടൂർണമെന്റിൽ ജേതാക്കളായ ബംഗാൾ ടീമിൽ ആകാശുമുണ്ടായിരുന്നു. അതേവർഷം ഇംഗ്ലണ്ട് എ ടീമിനെതിരായ 2 ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ എ ടീമിനായി 12 വിക്കറ്റ് നേടിയ ആകാശ് സിലക്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2023ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിച്ചെങ്കിലും കളിക്കാൻ സാധിച്ചില്ല. 2024ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറി. ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിലായിരുന്നു ആകാശിന്റെ ആദ്യ ടെസ്റ്റ് മത്സരം. 3 മുൻനിര ബാറ്റർമാരുടെ വിക്കറ്റ് പിഴുതാണ് ആകാശ് തന്റെ വരവ് അറിയിച്ചത്. ആകാശങ്ങളിൽനിന്ന്, മകന്റെ നേട്ടം കണ്ട് അച്ഛൻ അന്നു പുഞ്ചിരിച്ചിരിക്കാം. അച്ഛനു തന്നെയാണ് മകൻ ആ നേട്ടം അന്നു സമർപ്പിച്ചതും!
English Summary:









English (US) ·