Published: July 15 , 2025 10:40 AM IST
2 minute Read
-
മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 22 റൺസ് ജയം, പരമ്പരയിൽ 2–1ന് മുന്നിൽ
-
രവീന്ദ്ര ജഡേജയുടെ (181 പന്തിൽ 61*) പോരാട്ടം വിഫലം
ലണ്ടൻ∙ പ്രതീക്ഷയുടെ, പ്രതിരോധത്തിന്റെ 181 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജയ്ക്കു നന്ദി. മുൻനിര ദയനീയമായി തകർന്നപ്പോഴും അവസാന നിമിഷം വരെ ചെറുത്തുനിന്ന ജസ്പ്രീത് ബുമ്രയ്ക്കും (54 പന്തിൽ 5) മുഹമ്മദ് സിറാജിനും ( 30 പന്തിൽ 4) നന്ദി. ആവേശം അവസാന സെഷൻ വരെ നീണ്ട മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ, ജഡേജ (181 പന്തിൽ 61*) നടത്തിയ വീരോചിത ചെറുത്തുനിൽപിനെ മറികടന്ന ഇംഗ്ലണ്ടിന് 22 റൺസ് ജയം. 2–ാം ഇന്നിങ്സിൽ 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ പോരാട്ടം 170ൽ അവസാനിച്ചു. 7ന് 82 എന്ന നിലയിൽ പതറിയ ഇന്ത്യയെ അവസാന 3 വിക്കറ്റുകളിൽ 88 റൺസ് കൂട്ടിച്ചേർത്താണ് ജഡേജ മത്സരത്തിലേക്കു തിരികെക്കൊണ്ടുവന്നത്. ജയത്തോടെ 3 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–1നു മുന്നിലെത്തി. രണ്ട് ഇന്നിങ്സിലുമായി 77 റൺസും 5 വിക്കറ്റും നേടിയ ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് പ്ലെയർ ഓഫ് ദ് മാച്ച്. 23 മുതൽ മാഞ്ചസ്റ്ററിലാണ് നാലാം ടെസ്റ്റ്.
പതറാതെ, പ്രതിരോധം4ന് 58 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കു ജയിക്കാനുള്ള സകല സാധ്യതയും മുന്നിലുണ്ടായിരുന്നു. എന്നാൽ, പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ആഞ്ഞടിച്ച ഇംഗ്ലിഷ് ബോളർമാർ ഇന്ത്യയെ ആദ്യ സെഷനിൽ തന്നെ പ്രതിരോധത്തിലാക്കി. ഇത്തരമൊരു റൺ ചേസിൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിലായിരുന്നു (9). പന്തിന്റെ അറ്റാക്കിങ് ബാറ്റിങ് ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗം കൂട്ടുമെന്നും ഇംഗ്ലിഷ് ബോളർമാരെ സമ്മർദത്തിലാക്കുമെന്നും പ്രതീക്ഷിച്ചെങ്കിലും ജോഫ്ര ആർച്ചറുടെ ഇൻ സ്വിങ്ങറിൽ പന്തിന്റെ ഓഫ് സ്റ്റംപ് പറന്നതോടെ കാര്യങ്ങൾക്കു തീരുമാനമായി. തൊട്ടുപിന്നാലെ കെ.എൽ.രാഹുലിനെ (39) ബെൻ സ്റ്റോക്സ് വിക്കറ്റിനു മുന്നിൽ കുരുക്കി. വാഷിങ്ടൻ സുന്ദറിനെ (0) അവിശ്വസനീയമായ ഒരു റിട്ടേൺ ക്യാച്ചിലുടെ ആർച്ചർ പുറത്താക്കുക കൂടിയായതോടെ ഇന്ത്യ വിറച്ചു. 8–ാം വിക്കറ്റിൽ ജഡജേയ്ക്കൊപ്പം 30 റൺസ് കൂട്ടിച്ചേർത്ത നിതീഷ് കുമാർ റെഡ്ഡി (13) പ്രതിരോധത്തിനു ശ്രമിച്ചെങ്കിലും ക്രിസ് വോക്സിനു മുന്നിൽ കീഴടങ്ങാനായിരുന്നു ഇന്ത്യൻ ഓൾറൗണ്ടറുടെ വിധി.
ചെറുത്തുനിന്ന് ബുമ്ര– ജഡേജ8ന് 112 എന്ന നിലയിൽ തോൽവിയുറപ്പിച്ച ഘട്ടത്തിലാണ് ഇന്ത്യയ്ക്കു നേരിയപ്രതീക്ഷ നൽകി ജഡേജ– ബുമ്ര സഖ്യം ക്രീസിൽ ഒന്നിച്ചത്. 132 പന്തുകൾ നേരിട്ട സഖ്യം 32 റൺസ് കൂട്ടിച്ചേർത്തതോടെ ലോഡ്സിലെ ഇന്ത്യൻ ആരാധകർ ആവേശത്തിലായി. ഈ ആവേശം പകർന്നുകിട്ടയതിനാലാകാം സ്റ്റോക്സിന്റെ പന്തിൽ അനാവശ്യ പുൾ ഷോട്ടിനു ശ്രമിച്ച് ബുമ്ര തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. പിന്നാലെയെത്തിയ സിറാജ് തന്നാലാകുംവിധം ചെറുത്തുനിന്നതോടെ ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ. എന്നാൽ ശുഐബ് ബഷീറിന്റെ പന്ത് പ്രതിരോധിക്കുന്നതിൽ സിറാജിനു സംഭവിച്ച ശ്രദ്ധക്കുറവ് ഇന്ത്യൻ പ്രതീക്ഷകൾക്കു കർട്ടനിട്ടു.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 387
ഇന്ത്യ ഒന്നാം ഇന്നിങ്സ് 387
ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് 192
ഇന്ത്യ രണ്ടാം ഇന്നിങ്സ്: ജയ്സ്വാൾ സി സ്മിത്ത് ബി ആർച്ചർ 0, രാഹുൽ എൽബി സ്റ്റോക്സ് 39, കരുൺ നായർ ബി കാഴ്സ് 14, ഗിൽ എൽബി കാഴ്സ് 6, ആകാശ്ദീപ് ബി സ്റ്റോക്സ് 1, പന്ത് ബി ആർച്ചർ 9, ജഡേജ 61 നോട്ടൗട്ട്, വാഷിങ്ടൻ സുന്ദർ സി ആൻഡ് ബി ആർച്ചർ 0, നിതീഷ് സി സ്മിത്ത് ബി വോക്സ് 13,
ബുമ്ര സി(സബ്) ബി സ്റ്റോക്സ് 5, സിറാജ് ബി ബഷീർ 4, എക്സ്ട്രാസ് 18, ആകെ 74.5 ഓവറിൽ 170ന് ഓൾഔട്ട്.
വിക്കറ്റ് വീഴ്ച: 1-5, 2-41, 3-53, 4-58, 5-71, 6-81, 7-82, 8-112, 9–147, 10–170
ബോളിങ്: വോക്സ് 12–5–21–1, ആർച്ചർ 16–1–55–3, സ്റ്റോക്സ് 24–4–48–3, കാഴ്സ് 16–2–30–2, റൂട്ട് 1–0–1–0, ബഷീർ 5.5–1–6–1
English Summary:








English (US) ·