10 May 2025, 08:39 PM IST

യുഎഇ വനിതാ ടീം | X.com/@EmiratesCricket
അബുദാബി: മത്സരം ജയിക്കാന്‍ ടീമുകള്‍ പലതന്ത്രങ്ങളും സ്വീകരിക്കാറുണ്ട്. ക്രിക്കറ്റിലാകട്ടെ ഫീല്‍ഡിങ്ങില്‍ മാറ്റം വരുത്തിയും ബാറ്റിങ് ക്രമം പരിഷ്‌കരിച്ചുമൊക്കെ ടീമുകള്‍ എതിരാളികളെ വീഴ്ത്താറുണ്ട്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത തന്ത്രം പ്രയോഗിച്ചിരിക്കുകയാണ് യുഎഇ വനിതാ ടീം. ടീമൊന്നടങ്കം റിട്ടയേര്‍ഡ് ഔട്ടായിക്കൊണ്ടാണ് യുഎഇ വനിതാ ടീം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.
വനിതകളുടെ ടി20 ലോകകപ്പ് ഏഷ്യന്‍ യോഗ്യതാ മത്സരത്തിലാണ് സംഭവം. യുഎയും ഖത്തറും തമ്മിലാണ് മത്സരം. ആദ്യം ബാറ്റ് ചെയ്ത യുഎഇയുടെത് തകര്‍പ്പന്‍ തുടക്കമായിരുന്നു. ഓപ്പണര്‍മാരായ ഇഷയും തീര്‍ഥാ സതീഷും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചതോടെ യുഎഇ മികച്ച നിലയിലെത്തി. 16 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 192-ലെത്തിച്ചു.
എന്നാല്‍ കളി മഴ മുടക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെ യുഎഇ വ്യത്യസ്തമായ ഒരു തന്ത്രം പ്രയോഗിച്ചു. ടീമിലെ എല്ലാവരും ഒന്നിനുപിറകേ ഒന്നായി റിട്ടയേഡ് ഔട്ടായി മടങ്ങി. താരങ്ങള്‍ മൈതാനത്തെത്തുകയും പിന്നാലെ റിട്ടയേഡ് ഔട്ടായി കൂടാരം കയറുകയും ചെയ്തു. ടി20 ല്‍ ഡിക്ലയര്‍ ചെയ്യാനുള്ള ചട്ടം ഇല്ലാത്തതിനാലാണ് ഇത്തരമൊരു മാര്‍ഗം തിരഞ്ഞെടുത്തത്. എന്നാല്‍ ടീമിന്റെ തന്ത്രം പാളിയില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തര്‍ 11.1 ഓവറില്‍ 29 റണ്‍സിന് ഓള്‍ഔട്ടായി. 163 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ടീം സ്വന്തമാക്കിയത്.
Content Highlights: uae discontinue retired full squad successful Womens T20 World Cup Qualifiers








English (US) ·