1960-ലെ ആദ്യ ജയത്തില്‍ നിന്ന് 64 വര്‍ഷങ്ങള്‍ക്കിപ്പുറത്തെ കന്നി കലാശപ്പോരിലേക്ക്

10 months ago 7

രഞ്ജി ട്രോഫിയില്‍ ഒന്നുമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. ടീമുകളെ നാല് സോണുകളായി തിരിച്ച് മത്സരം നടത്തിയിരുന്ന കാലം. നോക്കൗട്ട് അടിസ്ഥാനത്തില്‍ നടത്തിയിരുന്ന മത്സരങ്ങളില്‍ പലതിലും ഒന്ന് പൊരുതാന്‍ പോലുമാകാതെ കേരളം പുറത്താകുന്നത് കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ എത്രയോ തവണ കണ്ടിട്ടുണ്ട്. 2002-2003 സീസണില്‍ ഈ സോണല്‍ ഫോര്‍മാറ്റ് നിര്‍ത്തി രണ്ട് ഡിവിഷനായി മത്സരങ്ങള്‍ നടന്നിരുന്ന കാലത്തും കേരളത്തിന്റെ സ്ഥിതിക്ക് മാറ്റമൊന്നും ഉണ്ടായിരുന്നില്ല. സോണില്‍ നിന്ന് കരുത്തരായ കര്‍ണടകയ്ക്കും തമിഴ്‌നാടിനും ഹൈദരാബാദിനും മുന്നില്‍ അന്ന് കേരളത്തിന് മറുപടിയുണ്ടായിരുന്നില്ല.

കേരള സംസ്ഥാനം രൂപംകൊള്ളും മുമ്പ് തിരുക്കൊച്ചി ടീം എന്ന പേരിലാണ് 1951-ല്‍ കേരളം രഞ്ജിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൈസുരു ടീമിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ഇന്നിങ്‌സ് തോല്‍വിയായിരുന്നു കേരളത്തെ കാത്തിരുന്നത്. പിന്നീട് 1957-ലാണ് സംസ്ഥാനം എന്ന നിലയില്‍ കേരളം മത്സരിച്ചത്. 1957 നവംബറില്‍ മദ്രാസിനെതിരായ മത്സരത്തിലും തോല്‍വിയായിരുന്നു ഫലം. അവിടെ നിന്ന് മൂന്ന് വര്‍ഷം കഴിഞ്ഞ് 1960-ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫിയില്‍ ഒരു വിജയം നേടുന്നത്. അതും ആന്ധ്രാപ്രദേശിനെതിരേ ഇന്നിങ്‌സ് വിജയം.

പിന്നീട് 2017-18 സീസണിലാണ് കേരളം ആദ്യമായി ക്വാര്‍ട്ടറിലെത്തുന്നത്. സച്ചിന്‍ ബേബിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അന്നും നേട്ടം. തൊട്ടടുത്ത സീസണില്‍ രഞ്ജി ചരിത്രത്തില്‍ ആദ്യമായി കേരളം സെമിയില്‍ കടന്നു. വയനാട് കൃഷ്ണഗിരിയില്‍ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഗുജറാത്തിനെ കീഴടക്കിയാണ് സച്ചിന്‍ ബേബിയും സംഘവും അന്ന് സെമിയില്‍ കടന്നത്. അഞ്ചു വര്‍ഷത്തിനിപ്പുറം കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനല്‍ കളിച്ചു. കലാശപ്പോരില്‍ വിദര്‍ഭയ്‌ക്കെതിരായ മത്സരം സമനിലയിലായെങ്കിലും ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തിലാണ് കേരളത്തിന് കിരീടം നഷ്ടമായതെന്നോര്‍ക്കണം. ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദമില്ലാതെ കളിച്ചു എന്നതാണ് വിദര്‍ഭയ്ക്ക് നേട്ടമായത്. ഒരു ഘട്ടത്തില്‍ ഇന്നിങ്‌സ് ലീഡ് നേടുമെന്ന ഘട്ടത്തില്‍ നിന്നാണ് കേരളം കളി കൈവിട്ട് 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങുന്നത്. എങ്കിലും ഒരു രഞ്ജി കിരീടത്തിലേക്കുള്ള കേരളത്തിന്റെ കാത്തിരിപ്പ് ഏഴു പതിറ്റാണ്ട് പിന്നിടുകയാണ്.

കേരളം ഈ സീസണില്‍

എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഏഴു കളികളില്‍ നിന്ന് മൂന്നു വിജയവും നാലു സമനിലയുമുള്‍പ്പെടെ 28 പോയിന്റുമായി ഹരിയാണയ്ക്ക് കീഴില്‍ രണ്ടാമതായാണ് കേരളം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഗ്രൂപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ പഞ്ചാബിനെ എട്ടു വിക്കറ്റിന് തോല്‍പ്പിച്ചായിരുന്നു തുടക്കം. തുമ്പയില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയും ഏഴ് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേനയുമായിരുന്നു കേരളത്തിന്റെ വിജയശില്‍പികള്‍. എന്നാല്‍ കര്‍ണാടകയ്‌ക്കെതിരായ രണ്ടാം മത്സരം മഴകാരണം സമനിലയില്‍ കലാശിക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ കരുത്തരായ ബംഗാളായിരുന്നു എതിരാളികള്‍. ഒരു ഘട്ടത്തില്‍ ആറിന് 83 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്‌സേനയും (84), സല്‍മാന്‍ നിസാറും (95), അസ്ഹറുദ്ദീനും (84) ചേര്‍ന്ന് 356 റണ്‍സിലെത്തിച്ചു. ബംഗാള്‍ മൂന്നിന് 181 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയായി.

നാലാം മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഫോളോ ഓണ്‍ ചെയ്യിച്ച് കേരളം കരുത്തുകാട്ടി. ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം, മികച്ച താരങ്ങളടങ്ങിയ ഉത്തര്‍പ്രദേശിനെ തകര്‍ത്തുവിട്ടത്. 11 വിക്കറ്റുകളുമായി ജലജ് സക്‌സേന ബൗളിങ്ങില്‍ താരമായപ്പോള്‍ സല്‍മാന്‍ നിസാര്‍ ബാറ്റിങ്ങില്‍ കരുത്തുകാട്ടി. തൊട്ടടുത്ത മത്സരത്തില്‍ ഹരിയാണയ്‌ക്കെതിരായ മത്സരത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും കേരളം കരുത്തുകാട്ടി. മത്സരം സമനിലയാകുകയായിരുന്നു. മധ്യപ്രദേശിനെതിരായ ആറാം മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തിട്ടും പരാജയത്തിന്റെ വക്കില്‍ നിന്ന് കേരളം സമനില പൊരുതി നേടുകയായിരുന്നു. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഒരു ഘട്ടത്തില്‍ അഞ്ചിന് 47 റണ്‍സെന്ന നിലയില്‍ തകര്‍ന്നു. പക്ഷേ മുഹമ്മദ് അസ്ഹറുദ്ദീന്‍ (68), ജലജ് സക്‌സേന (32), ആദിത്യ സര്‍വാതെ (80) എന്നിവരുടെ ഇന്നിങ്‌സുകളാണ് മത്സരം സമനിലയിലാക്കാന്‍ കേരളത്തെ സഹായിച്ചത്. ഒമ്പതാമനായി ഇറങ്ങി 70 പന്തുകള്‍ പിടിച്ചുനിന്ന ബാബാ അപരാജിതും 35 പന്തുകള്‍ പ്രതിരോധിച്ച എം.ഡി നിധീഷും കേരളത്തിന്റെ പോരാട്ടവീര്യത്തിന്റെ അടയാളങ്ങളായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബിഹാറിനെ അനായാസം കീഴടക്കി ക്വാര്‍ട്ടറിലേക്ക്. സല്‍മാന്‍ നിസാറിന്റെ സെഞ്ചുറിയും (150) ജലജ് സക്‌സേനയുടെ 10 വിക്കറ്റ് പ്രകടവും കൂടിയായപ്പോള്‍ ഇന്നിങ്‌സിനും 169 റണ്‍സിനുമായിരുന്നു കേരളത്തിന്റെ ജയം.

സംഭവബഹുലമായിരുന്നു ജമ്മു-കശ്മീരിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടം. സല്‍മാനും (112*) ബേസില്‍ തമ്പിയും ചേര്‍ന്നുള്ള അവസാന വിക്കറ്റിലെ 81 റണ്‍സിന്റെ കൂട്ടുകെട്ട് ഈ ടൂര്‍ണമെന്റിലെതന്നെ അദ്ഭുത പ്രകടനങ്ങളിലൊന്നായി. രണ്ടാം ഇന്നിങ്‌സില്‍ 399 റണ്‍സടിച്ച ജമ്മു കശ്മീര്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയെങ്കിലും രണ്ടാം ഇന്നിങ്‌സിലും കേരളം കരുത്തുകാട്ടി. അക്ഷയ് ചന്ദ്രനും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും ഒപ്പം സല്‍മാനും നിലയുറപ്പിച്ച് കളിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഒരു റണ്‍ ലീഡിന്റെ ബലത്തില്‍ കേരളം സെമിയിലേക്ക്. അവസാന വിക്കറ്റില്‍ 81 റണ്‍സെടുത്ത് ഒരു റണ്‍ ലീഡ് നേടി മത്സരവും സെമിബെര്‍ത്തും ഉറപ്പിച്ചത് കേരളസംഘത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തി.

സെമിയില്‍ അവസാനദിനം 29 റണ്‍സിനിടെ ഗുജറാത്തിന്റെ മൂന്നുവിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്‍വാതെയും തുടര്‍ച്ചയായി 70 ഓവര്‍ എറിഞ്ഞ് ഗുജറാത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തിയ ജലജ് സക്‌സേനയും മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറി (177*)യും കേരളത്തിനായി അദ്ഭുതം കാണിച്ചു. അവസാനം സല്‍മാന്‍ നിസാറിന്റെ ഹെല്‍മെറ്റിന്റെ രൂപത്തില്‍ 'ദൈവത്തിന്റെ കൈ' കേരളത്തിനൊപ്പം നിന്നതോടെ അവിടെയും ഒന്നാം ഇന്നിങ്‌സില്‍ നേടിയ രണ്ടു റണ്‍സ് ലീഡിന്റെ ബലത്തില്‍ കേരളം ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫിയുടെ കലാശപ്പോരിന്. കലാശപ്പോരില്‍ പക്ഷേ വിദര്‍ഭയ്‌ക്കൊത്ത പ്രകടനം കാഴ്ചവെച്ചിട്ടും ചെറിയ ഒരു അശ്രദ്ധയിലാണ് കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡിലേക്ക് എത്താന്‍ സാധിക്കാതിരുന്നത്. കേരള ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ചരിത്ര നിമിഷമാണ്. ബാലന്‍ പണ്ഡിറ്റും അജയ് വര്‍മയും അജയ് കുടുവയും കേളപ്പന്‍ തമ്പുരാനും കെ.എന്‍ അനന്തപത്മനാഭനും സുനില്‍ ഓയാസിസുമെല്ലാം അടങ്ങിയ കേരളത്തിന്റെ ആഭ്യന്തര ക്രിക്കറ്റ് പാരമ്പര്യത്തിന്റെ പിന്മുറക്കാര്‍ ഇന്ന് ചരിത്രത്താളുകളില്‍ കേരളത്തിന്റെ പേരെഴുതിച്ചേര്‍ത്തിരിക്കുന്നു.

Content Highlights: Kerala`s Ranji Trophy journey, from aboriginal struggles to its archetypal last quality successful 2023

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article