1971ൽ ഇന്ത്യൻ സൈന്യത്തിനു മുന്നിൽ 93,000 പാക്ക് സൈനികർ കീഴടങ്ങിയത് ഓർക്കുന്നില്ലേ?: അഫ്രീദിക്കെതിരെ ഇന്ത്യൻ ബോക്സറുടെ ‘പഞ്ച്’!

8 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: May 01 , 2025 10:00 AM IST

2 minute Read

ഗൗരവ് ബിധൂരി, ഷാഹിദ് അഫ്രീദി
ഗൗരവ് ബിധൂരി, ഷാഹിദ് അഫ്രീദി

ന്യൂഡൽഹി∙ കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവാദ പരാമർശം നടത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യൻ ബോക്സിങ് താരം ഗൗരവ് ബിധൂരി. കശ്മീരിലുള്ള എട്ടു ലക്ഷം ഇന്ത്യൻ സൈനികരുടെ പിടിപ്പുകേടു കൊണ്ടാണ് പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായതെന്ന് പരിഹസിച്ച അഫ്രീദിയെ, 1971ൽ 93000 പാക്കിസ്ഥാൻ സൈനികർ ഇന്ത്യയ്‌ക്കു മുന്നിൽ കീഴടങ്ങിയ ചരിത്രം ഓർമിപ്പിച്ചാണ് ഗൗരവിന്റെ തിരിച്ചടി. 2017ൽ ജർമനിയിൽ നടന്ന ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ താരമാണ് ഗൗരവ് ബിധൂരി. വിദേശ താരങ്ങളെ സംബന്ധിച്ച് ഇന്ത്യൻ പ്രിമിയർ ലീഗും പാക്കിസ്ഥാൻ സൂപ്പർ ലീഗും തമ്മിലുള്ള അന്തരം ഉൾപ്പെടെ ചൂണ്ടിക്കാട്ടി വിമർശനം കടുപ്പിക്കാനും ഗൗരവ് മടിച്ചില്ല.

‘‘പഹൽഗാമിൽ നടന്ന ആക്രമണത്തിന്റെ ഞെട്ടലിൽനിന്ന് ഇന്ത്യൻ ജനത ഇനിയും പൂർണമായും വിമുക്തരായിട്ടില്ല. ആക്രമണത്തിനു പിന്നാലെ തിരിച്ചടിക്കാനായി ഇന്ത്യൻ ഭരണകൂടം കൈക്കൊള്ളുന്ന നടപടികൾ പാക്കിസ്ഥാനെ വിറളി പിടിപ്പിക്കുകയാണ്. ഭീകരാക്രമണം തടയാൻ എട്ടു ലക്ഷം ഇന്ത്യൻ സൈനികർക്ക് ഒന്നും ചെയ്യാനായില്ലെന്നാണ് അഫ്രീദി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അദ്ദേഹത്തെ 1971ലെ കാർഗിൽ യുദ്ധം ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അന്ന് ഇന്ത്യൻ സൈന്യത്തിനു മുന്നിൽ ആയുധംവച്ച് കീഴടങ്ങിയത് 93,000 പാക്കിസ്ഥാൻ സൈനികരാണ്. അതുകൊണ്ട് ഞങ്ങളുടെ സൈന്യത്തെ കൂടുതലൊന്നും പഠിപ്പിക്കാൻ അഫ്രീദി മിനക്കെടേണ്ട’ – ഗൗരവ് പറഞ്ഞു.

‘‘പാക്കിസ്ഥാന്റെ പങ്കിനെക്കുറിച്ച് പറയുമ്പോൾ എന്തിനാണ് തെളിവു ചോദിക്കുന്നത്. പാക്കിസ്ഥാൻ ഭീകരവാദ സംഘടനകൾക്ക് നൽകുന്ന പിന്തുണ ഈ ലോകത്തിനു മുഴുവൻ അറിയാവുന്നതാണ്. മാത്രമല്ല, പാക്ക് പിന്തുണയുള്ള ലഷ്കറെ തയ്ബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുള്ളതുമാണ്’ – ഗൗരവ് ചൂണ്ടിക്കാട്ടി.

‘‘ഇതിനിടെ താങ്കൾ സ്പോർട്സ് ഡിപ്ലോമസിയെക്കുറിച്ച് പറഞ്ഞത് ശ്രദ്ധയിൽപ്പെട്ടു. അടുത്തിടെ നീരജ് ചോപ്ര ഒളിംപിക് ചാംപ്യനായ പാക്കിസ്ഥാൻ താരം നദീം അർഷാദിനെ ഇവിടെ മത്സരിക്കാൻ ക്ഷണിച്ചത് അറിഞ്ഞില്ലേ? അതുകൊണ്ട് സ്പോർട്സ്മാൻഷിപ്പിനെക്കുറിച്ച് ഞങ്ങളെ പഠിപ്പിക്കേണ്ട. നിങ്ങൾക്ക് പിഎസ്എൽ ഉണ്ടല്ലോ. ഞങ്ങൾക്ക് ഐപിഎലും. അതിൽ എവിടെ കളിക്കാനാണ് ക്രിക്കറ്റ് താരങ്ങൾ ആഗ്രഹിക്കുന്നതെന്നു മാത്രം നോക്കൂ. നിങ്ങൾക്ക് ഇന്ത്യയിൽ ഭീഷണി ഉണ്ടായെന്ന് നിങ്ങൾ പറയുന്നു. പക്ഷേ, എല്ലാ രാജ്യത്തുനിന്നുമുള്ള കളിക്കാർക്ക് താൽപര്യം ഇന്ത്യയിൽ കളിക്കാനാണ്. പാക്കിസ്ഥാൻ എന്താണ് എന്ന് എല്ലാവർക്കും അറിയാം’ – ഗൗരവ് പറഞ്ഞു.

നേരത്തെ, അഫ്രീദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ശിഖർ ധവാനും രംഗത്തെത്തിയിരുന്നു. കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ്, ഇന്ത്യൻ സൈന്യത്തെ പ്രതിരോധിച്ച് ധവാൻ അഫ്രീദിക്ക് മറുപടി നൽകിയത്. ഇത്തരം അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു പകരം, സ്വന്തം രാജ്യത്തിന്റെ വളർച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാകുമോയെന്ന് നോക്കാനും ധവാൻ അഫ്രീദിയെ ഉപദേശിച്ചിരുന്നു.

ദിവസങ്ങൾക്കു മുൻപ് ഒരു പാക്കിസ്ഥാൻ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമർശം.‘ഇന്ത്യയിൽ ഒരു പടക്കം പൊട്ടിയാൽ പോലും കുറ്റം പാക്കിസ്ഥാനാണ്. അവർക്ക് കശ്മീരിൽ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അർഥം അവർക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള കഴിവില്ല എന്നും’ – സമാ ടിവിക്കു നൽകിയ അഭിമുഖത്തിൽ ഷാഹിദ് അഫ്രീദി പറഞ്ഞു.

Read Entire Article