Published: November 04, 2025 12:36 PM IST
1 minute Read
1983 ജൂൺ 25ന് കപിൽദേവിന്റെ ടീം ഇന്ത്യയെ ചരിത്രത്തിലാദ്യമായി ലോക ജേതാക്കളാക്കിയതിനെ ഓർമപ്പെടുത്തുകയാണ് ഈ കിരീടനേട്ടം. അന്നു ലോഡ്സിൽ നടന്ന ഫൈനലിൽ 28 പന്തിൽനിന്നു 33 റൺസെടുത്ത് ഇന്ത്യയ്ക്കു ശക്തമായ വെല്ലുവിളി ഉയർത്തിയ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ വിവിയൻ റിച്ചഡ്സിനെതിരെ പന്തെറിയാൻ മീഡിയം പേസർ മദൻലാലിനെ ക്യാപ്റ്റൻ കപിൽ വിളിച്ചത് ഏതോ ഒരു ഉൾവിളി പോലെയായിരുന്നു. റിച്ചഡ്സ് ഉയർത്തിയടിച്ച പന്ത് 30 മീറ്ററോളം പിന്നോട്ടോടി കപിൽദേവ് കയ്യിലൊതുക്കിയതാണ് അന്നത്തെ മത്സരത്തിൽ നിർണായകമായത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാർട്‌ടൈം സ്പിന്നർ ഷെഫാലി വർമയ്ക്കു ഹർമൻ പന്തു നൽകിയതും ഇതേ പോലെ ഒരു ഉൾവിളിയുടെ ബലത്തിലായിരുന്നു. ദക്ഷിണാഫ്രിക്കൻ നായിക ലോറ വോൾവാർട്ട്– സൂനെ ലൂസ് സഖ്യം അടിച്ചുതകർക്കുന്ന ഘട്ടത്തിലായിരുന്നു അത്. തന്റെ രണ്ടാം പന്തിൽ ലൂസിനെയും അടുത്ത ഓവറിൽ മരിസെയ്ൻ കാപ്പിനെയും ഷെഫാലി പുറത്താക്കിയതോടെയാണ് ഫൈനലിൽ ഇന്ത്യയ്ക്കു പിടിമുറുക്കാനായത്.
1983ൽ പത്തുവയസ്സുകാരായിരുന്ന സച്ചിൻ തെൻഡുൽക്കറും രാഹുൽ ദ്രാവിഡുമൊക്കെ ആ വിജയത്തിൽനിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. ഇന്നലെ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ഫൈനൽ കാണാനെത്തിയവരിൽ ഒട്ടേറെ പെൺകുട്ടികളുണ്ടായിരുന്നു. അർധരാത്രി വരെ നീണ്ട ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം കണ്ട അക്കൂട്ടത്തിൽനിന്നുള്ളവരാകും ഒരുപക്ഷേ, വരും കാലത്തെ ലോകജേതാക്കൾ.
English Summary:








English (US) ·