28 June 2025, 10:59 AM IST

ഷമാർ ജോസഫ് | AP
ബാര്‍ബഡോസ്: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസീസ്. 159 റണ്‍സിനാണ് വിന്‍ഡീസിനെ പാറ്റ് കമ്മിന്‍സും സംഘവും പരാജയപ്പെടുത്തിയത്. രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി വിന്‍ഡീസ് പേസര്‍ ഷമാര്‍ ജോസഫ് ഒമ്പത് വിക്കറ്റുകള്‍ നേടിയെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.
ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 180 റണ്‍സിന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെ അര്‍ധസെഞ്ചുറി പ്രകടനവും ഉസ്മാന്‍ ഖവാജയുടെ (47) ഇന്നിങ്‌സുമാണ് ഓസീസിന് ആശ്വാസമായത്. അഞ്ചുവിക്കറ്റെടുത്ത ജെയ്ഡന്‍ സീല്‍സും നാലുവിക്കറ്റ് വീഴ്ത്തിയ ഷമാര്‍ ജോസഫും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 10 റണ്‍സ് ലീഡ് മാത്രമാണ് നേടാനായത്. ടീം 190 റണ്‍സിന് പുറത്തായി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയ മികച്ച ലീഡും സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് 310 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്, വെബ്‌സറ്റര്‍, അലക്‌സ് ക്യാരി എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ടീമിനെ കരകയറ്റിയത്. അതേസമയം വിന്‍ഡീസിനായി ഷമാര്‍ ജോസഫ് അഞ്ചുവിക്കറ്റെടുത്തു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് തകര്‍ന്നടിഞ്ഞു. ജോഷ് ഹേസല്‍വുഡ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 141 ല്‍ അവസാനിച്ചു. ഓസീസ് 159 റണ്‍സ് ജയവും സ്വന്തമാക്കി.
Content Highlights: Australia bushed West Indies archetypal test








English (US) ·