തിരുവനന്തപുരം: ആദ്യത്തെ കേരള ട്വന്റി ട്വന്റി ചെസ്സ് ലീഗിന് ഈ വരുന്ന ശനിയാഴ്ച ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ തുടക്കം. യുഎസിലെ ഡെലാവെര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രീമിയര്‍ ചെസ്സ് അക്കാദമിയാണ് രണ്ടു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ ഇരുപതു ബോര്‍ഡ് ചെസ്സ് മത്സരങ്ങള്‍ ഉള്‍പ്പെടുന്നതാണ് കേരള പ്രീമിയര്‍ ചെസ്സ് ലീഗ് (കെപിസിഎല്‍).
ശനിയാഴ്ച ആറു റൗണ്ടുകളിലായി സ്വിസ് ലീഗ് സമ്പ്രദായത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് നാല് സെമിഫൈനലിസ്റ്റുകളെ തിരഞ്ഞെടുക്കും. സെമിഫൈനലുകളും ഫൈനലും ഞായറാഴ്ച നടക്കും. 10 ലക്ഷം രൂപയാണ് ജേതാക്കള്‍ക്ക് സമ്മാനമായി ലഭിക്കുക. 25 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ചെസ് ടൂര്‍ണമെന്റാണിത്.
ട്രിവാന്‍ഡ്രം ടൈറ്റന്‍സ്, കൊല്ലം നൈറ്റ്‌സ്, പത്തനംതിട്ട പയനീര്‍സ്, കോട്ടയം കിങ്സ്, ഇടുക്കി ഇന്‍വിസിബിള്‍സ്, ആലപ്പുഴ ആര്‍ച്ചേഴ്സ്, എറണാകുളം ഈഗിള്‍സ്, തൃശൂര്‍ തണ്ടേഴ്‌സ്, പാലക്കാട് പാന്തേഴ്‌സ്, മലപ്പുറം മാവെറിക്‌സ്, കോഴിക്കോഡ് കിങ്സ്ലയെഴ്‌സ്, കണ്ണൂര്‍ ക്രൂസെഡേസ്, വയനാട് വാരിയേഴ്‌സ്, കാസര്‍ഗോഡ് കോണ്‍കറേഴ്‌സ് എന്നിവയാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകള്‍.
ഇത് ഒരു തുടക്കം മാത്രമാണെന്ന് പ്രീമിയര്‍ ചെസ് അക്കാദമി സിഇഒ രഞ്ജിത്ത് ബാലകൃഷ്ണന്‍ പറഞ്ഞു. 'ഞങ്ങള്‍ ഇത് തുടര്‍ച്ചയായി നടത്താന്‍ ഉദ്ദേശിക്കുന്നു,' ടൂര്‍ണമെന്റിന് തൊട്ടു മുന്‍പേ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. 'രണ്ടാമത്തെ ലീഗ് ഇപ്പോള്‍ത്തന്നെ രൂപകല്‍പ്പന ചെയ്തു കൊണ്ടിരിക്കുകയാണ്. ടി20 ക്രിക്കറ്റ് ശൈലിയില്‍ ടീമുകളുടെ ലേലം കഴിഞ്ഞപ്പോള്‍ തന്നെ ടീം സ്പോണ്‍സര്‍മാര്‍ അടുത്ത വര്‍ഷത്തേക്ക് വന്നു തുടങ്ങിയിരിക്കുന്നു,' രഞ്ജിത്ത് വിശദീകരിച്ചു.
പതിനാലു ടീമുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഗ്രാന്‍ഡ്മാസ്റ്റര്‍മാര്‍ ഉള്ളത്. കോട്ടയം കിങ്‌സില്‍ തമിഴ് നാട്ടില്‍ നിന്നുള്ള എം.ആര്‍ വെങ്കടേഷും, തൃശൂര്‍ തണ്ടേഴ്‌സില്‍ തമിഴ് നാട്ടിലെത്തന്നെ ദീപന്‍ ചക്രവര്‍ത്തിയും വയനാട് വാരിയേഴ്‌സില്‍ ഒഡിഷയില്‍ നിന്നുള്ള സ്വയംസ് മിശ്രയും ഉണ്ട്.
ഇത്രയധികം ബോര്‍ഡുകള്‍ ഉള്ളത് ഈ ടൂര്‍ണമെന്റിനെ പ്രവചനാതീതമാക്കുന്നു. ഒന്നോ രണ്ടോ ശക്തരായ കളിക്കാര്‍ ഒരു ടീമിന്റെയും മത്സരഫലത്തില്‍ പ്രത്യക്ഷത്തില്‍ പങ്കു വഹിക്കുന്നില്ല എന്ന് ഗ്രാന്‍ഡ്മാസ്റ്റര്‍ മിശ്ര വിലയിരുത്തി. ഇന്ത്യയുടെ ഒളിമ്പ്യാഡ് മത്സരങ്ങളില്‍ ആനന്ദിനെക്കൊണ്ട് മാത്രം എതിരാളികളെ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നത് നാം കണ്ടതല്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഈ ഇരുപതു കളിക്കാരും വിജയിച്ചില്ലെങ്കില്‍ തന്നെ എട്ടോ പത്തോ പേര് വിജയിച്ചാലെ ഒരു മത്സരത്തില്‍ രണ്ടു മാച്ച് പോയിന്റുകള്‍ നേടാന്‍ കഴിയുകയുള്ളു. ആറ് റൗണ്ടുകള്‍ക്കവസാനം മാച്ച് പോയിന്റുകള്‍ തുല്യമാണെങ്കില്‍ ആദ്യ ടൈബ്രേക് വരും. അത് വ്യക്തിഗത പോയിന്റുകളുടെ ടോട്ടല്‍ ആയിരിക്കും. ഈ ടൂര്‍ണമെന്റ് പ്രവചനാതീതമാവുന്നത് ഇതിന്റെ ഫോര്‍മാറ്റ് കൊണ്ട് കൂടിയാണ്.'' - എറണാകുളം ഈഗിള്‍സിന്റെ നായകനും കേരളത്തിന്റെ മുന്‍കാലത്തെ ദേശീയ കളിക്കാരനുമായ എം ബി മുരളീധരന്‍ വിശദീകരിക്കുന്നു.
Content Highlights: First-ever Kerala Twenty20 Chess League begins this Saturday astatine Jimmy George Stadium. ₹25 lakh prize








English (US) ·