20 താരങ്ങളെ പരീക്ഷിച്ചിട്ടും ജയിക്കാൻ കഴിയുന്നില്ല; ഒടുവിൽ ചെന്നൈ പരിശീലകന്റെ കുറ്റസമ്മതം: ലേലത്തിൽ പാളിപ്പോയി!

8 months ago 7

മനോരമ ലേഖകൻ

Published: April 27 , 2025 09:28 AM IST

1 minute Read

  • 20 താരങ്ങളെ പരീക്ഷിച്ചിട്ടും വിജയ ഫോർമേഷൻ കണ്ടെത്താനാകാതെ ചെന്നൈ

ചെന്നൈ ക്യാപ്റ്റൻ ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും. ഫയൽ ചിത്രം.
ചെന്നൈ ക്യാപ്റ്റൻ ധോണിയും കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങും. ഫയൽ ചിത്രം.

ചെന്നൈ ∙ ഐപിഎൽ സീസണിൽ ഏഴാം തോ‍ൽവിക്കു പിന്നാലെ ചെന്നൈ ടീമിന്റെ ലേല പരീക്ഷണങ്ങൾ പാളിയെന്ന വെളിപ്പെടുത്തലുമായി ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎൽ മെഗാ ലേലത്തിലൂടെ മറ്റു ടീമുകൾ മികച്ച താരങ്ങളെ സ്വന്തമാക്കിയപ്പോൾ ചെന്നൈയുടെ തന്ത്രങ്ങൾ പിഴച്ചു. ടീം വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നില്ല. പ്രതീക്ഷയോടെ ടീമിലെത്തിച്ച താരങ്ങൾ മികച്ച പ്രകടനം നടത്തിയതുമില്ല. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് അടക്കമുള്ളവരുടെ പരുക്കും തിരിച്ചടിയായി– ഹൈദരാബാദിനെതിരായ മത്സരത്തിനുശേഷം ഫ്ലെമിങ് പറഞ്ഞു. 

പവർ ഹിറ്റർമാരില്ലാത്ത ഓപ്പണിങ് നിര, മധ്യനിരയിൽ പരിചയ സമ്പന്നനായ ഒരു വിദേശ ബാറ്ററുടെ അഭാവം എന്നിങ്ങനെ മികച്ച ബാറ്റർമാരെ ടീമിലെത്തിക്കാത്തത് ചെന്നൈയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. 9 മത്സരങ്ങളിലായി 20 താരങ്ങളെ കളത്തിലിറക്കി പരീക്ഷിച്ചിട്ടും ഒരു വിജയ ഫോർമേഷൻ കണ്ടെത്താൻ കോച്ചിനും സംഘത്തിനുമായില്ല. രാഹുൽ ത്രിപാഠി, ദീപക് ഹൂഡ, വിജയ് ശങ്കർ തുടങ്ങി ഫോം കണ്ടെത്താത്ത വലഞ്ഞ ഇന്ത്യൻ ബാറ്റർമാർക്ക് തുടരെ അവസരങ്ങൾ നൽകിയ ചെന്നൈ ടീം ‍ആയുഷ് മാത്രെ, ഷെയ്ക്ക് റഷീദ് തുടങ്ങിയ യുവ ബാറ്റർമാർക്ക് അവസരം നൽകിയത് ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകൾ ഏറക്കുറെ മങ്ങിയതിനുശേഷമാണ്. 

ഋതുരാജിനു പകരക്കാരനായി ടീമിലെത്തിയ ദക്ഷിണാഫ്രിക്കൻ താരം ഡെയ്‌‍വാൾഡ് ബ്രെവിസാണ് (25 പന്തിൽ 42) ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈയുടെ ടോപ് സ്കോററായത്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 5 വിക്കറ്റിനു വിജയിച്ച സൺറൈസേഴ്സ് ഹൈദരാബാദ് ചെപ്പോക്കിൽ ചെന്നൈ ടീമിനെതിരായ തങ്ങളുടെ ആദ്യ ഐപിഎൽ വിജയമാണ് സ്വന്തമാക്കിയത്. ചെന്നൈയുടെ ഹോം ഗ്രൗണ്ടിൽ ബെംഗളൂരു ടീം 17 വർഷത്തിനിടെ ആദ്യ വിജയം നേടിയതും ഡൽഹി 15 വർഷത്തിനിടെ ആദ്യ ജയം നേടിയതും ഇത്തവണയാണ്. ഐപിഎലിൽ ഹോം ഗ്രൗണ്ടിൽ ചെന്നൈ ടീം തുടർച്ചയായി 4 മത്സരങ്ങൾ തോൽക്കുന്നത് 13 വർഷത്തിനുശേഷമാണ്.

English Summary:

Chennai Super Kings' auction flop led to a disappointing IPL season: Stephen Fleming's admission

Read Entire Article