02 July 2025, 10:06 PM IST

വൈഭവ് സൂര്യവംശി | X.com/@Varungiri0
നോര്‍ത്താംപ്ടണ്‍: ഇന്ത്യ അണ്ടര്‍ 19 ടീമിനായി മിന്നും പ്രകടനം തുടര്‍ന്ന് കൗമാരതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് നടത്തിയ വൈഭവ് അതിവേഗ അര്‍ധസെഞ്ചുറിയും തികച്ചു. 31 പന്തില്‍ നിന്ന് 86 റണ്‍സെടുത്താണ് താരം മടങ്ങിയത്.
മഴ മൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 269 റണ്‍സാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയ വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വൈഭവ് തകര്‍ത്തടിച്ചു. 20 പന്തില്‍ നിന്ന് താരം അര്‍ധസെഞ്ചുറിയും നേടി. അതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ ഇന്ത്യക്കായി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി വൈഭവ് മാറി. ഋഷഭ് പന്താണ് അണ്ടര്‍ 19 ഏകദിനത്തില്‍ ഏറ്റവും വേഗം അര്‍ധസെഞ്ചുറി തികച്ച ഇന്ത്യന്‍ താരം. 2016-ല്‍ നേപ്പാളിനെതിരേ 18 പന്തില്‍ നിന്ന് താരം അര്‍ധെസഞ്ചുറി നേടിയിരുന്നു.
31 പന്തില്‍ നിന്ന് 86 റണ്‍സെടുത്താണ് താരം പുറത്തായത്. ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. ഒരു അണ്ടര്‍ 19 ഏകദിന ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമായും വൈഭവ് മാറി. വൈഭവിന്റെ വെടിക്കെട്ടില്‍ ഇന്ത്യ എട്ടോവറില്‍ 111-ലെത്തി. 19 ഓവര്‍ അവസാനിക്കുമ്പോള്‍ 184-4 എന്ന നിലയിലാണ് ടീം.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വൈഭവ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആദ്യ മത്സരത്തില്‍ 19 പന്തില്‍ നിന്ന് 48 റണ്‍സാണ് അടിച്ചെടുത്തത്. രണ്ടാം ഏകദിനത്തില്‍ 45 റണ്‍സുമെടുത്തു.
Content Highlights: Vaibhav Suryavanshi scores 2nd fastest 50 by an Indian successful U-19 ODIs








English (US) ·